പരിഷ്കരിച്ചിട്ടും മുന്നോട്ടുപോകാനാകാതെ 'വിദ്യാശ്രീ' ലാപ്ടോപ് പദ്ധതി
text_fieldsതൊടുപുഴ: വിദ്യാർഥികളുടെ ഒാൺലൈൻ പഠനം സുഗമമാക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ലാപ്ടോപ് നൽകുന്നതിന് കെ.എസ്.എഫ്.ഇയും കുടുംബശ്രീ മിഷനും സംയുക്തമായി ആരംഭിച്ച പദ്ധതി പരിഷ്കരിച്ചിട്ടും അവതാളത്തിൽ. പുതിയ രൂപത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച വ്യക്തമായ ഉത്തരവ് ഇറങ്ങാത്തതും കെ.എസ്.എഫ്.ഇ സോഫ്റ്റ്വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താത്തതുമാണ് പദ്ധതിെയ പ്രതികൂലമായി ബാധിച്ചത്.
പഠനം ഒാൺലൈനായതോടെ കുടുംബശ്രീ അംഗങ്ങൾക്ക് കെ.എസ്.എഫ്.ഇയുടെ വിദ്യാശ്രീ സമ്പാദ്യപദ്ധതിയിൽ പ്രതിമാസം 500 രൂപ വീതം 30 തവണയായി 15,000 രൂപ അടച്ച് ലാപ്ടോപ് സ്വന്തമാക്കാൻ കഴിയുന്ന പദ്ധതി ഒരുവർഷം മുമ്പാണ് തുടങ്ങിയത്. മൂന്നുതവണ തുടർച്ചയായി 500 രൂപ അടച്ചാൽ ലാപ്ടോപ് നൽകുമെന്നായിരുന്നു വാഗ്ദാനം. 5.12 ലക്ഷം വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകാൻ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയിൽ ഇതുവരെ വിതരണം ചെയ്തത് അയ്യായിരത്തിൽതാഴെ മാത്രം. ഇവയിൽ പലതും പ്രവർത്തനക്ഷമമല്ലെന്ന് പരാതി ഉയർന്നതോടെ ധനമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗമാണ് പദ്ധതിയിൽ മാറ്റംവരുത്താൻ തീരുമാനിച്ചത്. ഇതനുസരിച്ച് കെ.എസ്.എഫ്.ഇ നേരിട്ട് വിതരണം ചെയ്യുന്നതിന് പകരം ഉപഭോക്താക്കൾ ലാപ്ടോപ്പോ ടാബ്ലറ്റോ പുറത്തുനിന്ന് വാങ്ങി ബിൽ കെ.എസ്.എഫ്.ഇ ശാഖയിൽ ഹാജരാക്കിയാൽ വില അല്ലെങ്കിൽ പരമാവധി 20,000 രൂപ നൽകും. 500 രൂപ വീതം 30 തവണ അടക്കേണ്ട ചിട്ടി 40 തവണയായി പുനഃക്രമീകരിക്കാനും തീരുമാനിച്ചു. എന്നാൽ, തുടർനടപടികൾ ഉണ്ടായില്ല.
ലാപ്ടോപ് വാങ്ങിയവർ ബില്ലുമായി കെ.എസ്.എഫ്.ഇ ശാഖകളെ നിരന്തരം സമീപിക്കുന്നുണ്ടെങ്കിലും സോഫ്റ്റ്വെയറിൽ മാറ്റം വരുത്താത്തതിനാൽ പണം നൽകാൻ കഴിയുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. ലാപ്ടോപ് വേണ്ടെന്നും ഇതുവരെ അടച്ച പണം തിരിച്ചുതന്നാൽ മതിയെന്നും പലരും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതിനും സാേങ്കതിക തടസ്സങ്ങൾ ഏറെയാണ്.
കോവിഡ് പശ്ചാത്തലത്തിൽ ആഗോളതലത്തിൽ കമ്പ്യൂട്ടർ സാമഗ്രികൾക്ക് ദൗർലഭ്യമുള്ളതായി ചൂണ്ടിക്കാട്ടി എച്ച്.പി, ലെനോവോ കമ്പനികൾ പദ്ധതിയിൽനിന്ന് പിന്മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

