ന്യൂഡൽഹി: അധ്യാപന യോഗ്യതാ പരീക്ഷയായ സി-ടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്), സംസ്ഥാനങ്ങൾ നടത്തുന്ന ടെറ്റ് പരീക്ഷകൾ എന്നിവയുടെ സർട്ടിഫിക്കറ്റ് സാധുതാ കാലാവധി ജീവിതകാലം മുഴുവനാക്കും. ഇതുവരെ ഏഴ് വർഷമായിരുന്നു ടെറ്റ് സർട്ടിഫിക്കറ്റ് കാലാവധി. സെപ്റ്റംബർ 29ന് ചേർന്ന നാഷണൽ കൗൺസിൽ ഫോർ ടീച്ചേഴ്സ് എജ്യുക്കേഷന്‍റെ (എൻ.സി.ടി.ഇ) യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഒക്ടോബർ 13ന് പ്രസിദ്ധീകരിച്ച യോഗ മിനുട്സിൽ തീരുമാനം വ്യക്തമാക്കുന്നുണ്ട്.
വരാനിരിക്കുന്ന പരീക്ഷകൾക്കാണ് പുതിയ തീരുമാനം ബാധകമാകുക. നിലവിൽ ടെറ്റ് യോഗ്യത നേടിയവരുടെ കാര്യത്തിൽ നിയമോപദേശം തേടിയ ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് മിനുട്സിൽ പറയുന്നു.
പുതിയ തീരുമാനത്തിന് സംസ്ഥാനങ്ങളുടെയും കേന്ദ്ര ബോർഡുകളുടെയും അനുമതി ലഭ്യമാകേണ്ടതുണ്ട്. കാലാവധി നീട്ടിയത് എൻ.സി.ടി.ഇ ഒൗദ്യോഗികമായി പ്രഖ്യാപിച്ച ശേഷമാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം വരിക.