2025ൽ യു.എസ് കോളജുകളിൽ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു
text_fieldsവാഷിങ്ടൺ: 2024-25 വർഷങ്ങളിൽ യു.എസ് യൂനിവേഴ്സിറ്റികളിൽ എൻറോൾമെന്റ് ചെയ്ത ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു. ഇന്ത്യൻ വിദ്യാർഥികളുടെ എൻറോൾമെന്റിൽ 10 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2025ൽ യു.എസിലെ അന്താരാഷ്ട്ര വിദ്യാർഥികളുടെ എൻറോൾമെന്റിലും ഗണ്യമായ ഇടിവുണ്ട്. 17 ശതമാനമാണ് ഇടിവുണ്ടായത്. 2025ൽ യു.എസിലെ 61 ശതമാനം സ്കൂളുകളിലും ഇന്ത്യൻ വിദ്യാർഥികളുടെ എൻറോൾമെന്റിൽ ഗണ്യമായ കുറവുണ്ടെന്നും സ്റ്റേറ്റ് ഡിപാർട്ട്‌മെന്റ് ധനസഹായത്തോടെ പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പറയുന്നു.
യു.എസിലെ 825 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയാണ് ഡാറ്റ തയാറാക്കിയത്. യു.എസിലെ 96 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ത്യൻ വിദ്യാർഥികളുടെ എൻറോൾമെന്റ് കുറഞ്ഞിട്ടുണ്ട്. വിസ സംബന്ധമായ ആശങ്കകളാണ് ഇതിന്റെ പ്രധാന കാരണം.
അതേസമയം, 2024-25 വർഷങ്ങളിലെ യു.എസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എൻറോൾ ചെയ്ത വിദേശവിദ്യാർഥികളിൽ ഇന്ത്യക്കാർ തന്നെയാണ് മുന്നിലുള്ളത്. വിദേശ ബിരുദ വിദ്യാർഥികളിൽ ഏതാണ്ട് പകുതിയും അതുപോലെ ആകെ വിദ്യാർഥികളിൽ മൂന്നിലൊന്നും ഇന്ത്യക്കാരാണ്.
ഡോണൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റായി എത്തിയതോടെ യു.എസിലെത്തുന്ന വിദേശ വിദ്യാർഥികളുടെ രേഖകളുടെ സൂക്ഷ്മ പരിശോധന കർശനമാക്കിയിരുന്നു. എച്ച്-വൺ ബി വിസ ദുരുപയോഗം ചെയ്യുന്നതായി യു.എസ് ലേബർ ഡിപാർട്മെന്റ് കണ്ടെത്തിയിരുന്നു. അതുപോലെ പുതിയ എച്ച്‍-വൺ ബി വിസ അപേക്ഷ ഫീസ് ഒരു ലക്ഷം ഡോളറായി വൈറ്റ്ഹൗസ് വർധിപ്പിക്കുകയും ചെയ്തു. വിസ തട്ടിപ്പ് തടയാൻ ഇതിലൂടെ സാധിക്കുമെന്നാണ് വൈറ്റ്ഹൗസ് വക്താവ് കഴിഞ്ഞ ദിവസം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

