യു.പി.എസ്.സിക്ക് ഇന്ന് 100 വയസ്; പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കും
text_fieldsന്യൂഡൽഹി: രാജ്യത്തെ സിവിൽ സർവീസ് റിക്രൂട്ട്‌മെന്റ് സ്ഥാപനമായ യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യു.പി.എസ്.സി) ഇന്ന് 100 വർഷം പൂർത്തിയാക്കുന്നു. 1926 ഒക്ടോബർ ഒന്നിന് സ്ഥാപിതമായ പബ്ലിക് സർവീസ് കമീഷന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങ് വ്യാഴാഴ്ച ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും. രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ അഭിസംബോധന ചെയ്യും.
ശതാബ്ദിയുടെ ഭാഗമായി പ്രധാനമന്ത്രി യു.പി.എസ്.സി സെന്റിനറി കമ്മമൊറേറ്റീവ് നാണയം, പ്രത്യേക തപാൽ സ്റ്റാമ്പ്, കൂടാതെ ‘100 Landmark Judgements- Shaping the Policies of UPSC and Public Service Commissions in India’ എന്ന പുസ്തകവും പുറത്തിറക്കും. രാജ്യത്തെ വിവിധ സംസ്ഥാന പബ്ലിക് സർവീസ് കമീഷനുകളുടെ ചെയർമാൻമാരും അംഗങ്ങളും കേന്ദ്രസർക്കാർ ഉന്നത ഉദ്യോഗസ്ഥരും അക്കാദമിക് വിദഗ്ധരും യു.പി.എസ്.സി ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.
രണ്ട് ദിവസങ്ങളിലായാണ് യു.പി.എസ്.സിയുടെ ശതാബ്ദി പരിപാടികൾ സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 30ന് ഭാരത് മണ്ഡപത്തിൽ ‘ശതാബ്ദി സമാരോഹ് മന്ഥൻ’ എന്ന പേരിൽ വിവിധ പരിപാടികളും വിദഗ്ധരുടെ പ്രഭാഷണങ്ങളും പാനൽ ചർച്ചകളും നടന്നിരുന്നു. ഒക്ടോബർ ഒന്നിലെ പരിപാടിയോടെ ഒരു വർഷം നീണ്ട ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനമാകും.
ലോർഡ് ലീ അധ്യക്ഷനായ ഇന്ത്യയിലെ സുപ്പീരിയർ സിവിൽ സർവീസസിനെക്കുറിച്ചുള്ള റോയൽ കമീഷന്റെ ശുപാർശകളെത്തുടർന്ന് 1926 ഒക്ടോബർ ഒന്നിനാണ് പബ്ലിക് സർവീസ് കമ്മീഷൻ സ്ഥാപിതമായത്. സർ റോസ് ബാർക്കറായിരുന്നു ആദ്യ ചെയർമാൻ. തുടക്കത്തിൽ കമീഷന് പരിമിതമായ ഉപദേശക ചുമതലകളായിരുന്നു ഉണ്ടായിരുന്നത്. 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിലൂടെ ഫെഡറൽ പബ്ലിക് സർവീസ് കമീഷന് രൂപം നൽകി. സ്വാതന്ത്ര്യാനന്തരം ഇത് യൂണിയൻ പബ്ലിക് സർവീസ് കമീഷനായി മാറി. 1950 ജനുവരി 26ന് ഭരണഘടന നിലവിൽ വന്നതോടെ യു.പി.എസ്.സിക്ക് ഭരണഘടനാപരമായ പദവി ലഭിച്ചു.
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ പൊലീസ് സർവീസ്, ഇന്ത്യൻ ഫോറിൻ സർവീസ് ഉൾപ്പെടെയുള്ള വിവിധ കേന്ദ്ര സർവീസുകളിലേക്കുള്ള നിയമനത്തിനായി നടത്തുന്ന സിവിൽ സർവീസ് പരീക്ഷ ആണ് കമീഷന്റെ പ്രധാന പരീക്ഷകളിലൊന്ന്. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, വ്യക്തിത്വ പരിശോധന/ഇന്റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് സിവിൽ സർവീസ് പരീക്ഷ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
