ചട്ടപ്രകാരമുള്ള യോഗ്യതയില്ലാത്തവരെ വി.സിമാരാക്കരുത് -യു.ജി.സി
text_fieldsകൊച്ചി: ചട്ടത്തിൽ നിഷ്കർഷിക്കുന്ന യോഗ്യതയില്ലാത്തവരെ സർവകലാശാല വൈസ് ചാൻസലർമാരായി നിയമിക്കരുതെന്ന് ഹൈകോടതിയിൽ യു.ജി.സി ബോധിപ്പിച്ചു. ശ്രീനാരായണഗുരു ഓപൺ സർവകലാശാല വി.സി മുബാറക്ക് പാഷയ്ക്ക് മതിയായ യോഗ്യതയില്ലെന്ന് ആരോപിച്ച് കുസാറ്റിലെ ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. പി.ജി. റോമിയോ നൽകിയ ഹരജിയിലാണ് യു.ജി.സി വിശദീകരണം.
മുബാറക്ക് പാഷ അക്കാദമിക് വിദഗ്ധനല്ലെന്നും ഹരജിയിൽ പറഞ്ഞു. 2018 ലെ യു.ജി.സി ചട്ടപ്രകാരം വി.സിയായി നിയമിക്കപ്പെടുന്നയാൾ അക്കാദമിക് വിദഗ്ധനാകണം. പ്രഫസർ പദവിയിലോ ഗവേഷണത്തിലോ പത്തുവർഷത്തെ പ്രവൃത്തിപരിചയമുണ്ടാകണം. യു.ജി.സിയുടെ നോമിനി കൂടി ഉൾപ്പെട്ട സെർച്ച് കമ്മിറ്റി നൽകുന്ന മൂന്നു മുതൽ അഞ്ചുപേരുടെ വരെ പട്ടികയിൽനിന്ന് ചാൻസലർ നിയമനം നടത്തണമെന്നും ചട്ടങ്ങളിൽ പറയുന്നു.
ഇതൊന്നും പാലിക്കാതെയാണ് മുബാറക്ക് പാഷയെ നിയമിച്ചതെന്നാണ് ഡോ. റോമിയോയുടെ വാദം. ഹരജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിശദവാദത്തിന് ജനുവരി 18 ലേക്ക് മാറ്റി. ശ്രീനാരായണഗുരു ഓപൺ സർവകലാശാലയിൽ ആദ്യ വി.സിയെ നിയമിക്കാൻ സർക്കാറിനെ അധികാരപ്പെടുത്തുന്ന നിയമവ്യവസ്ഥ സർവകലാശാല നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതു റദ്ദാക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെടുന്നു. മുബാറക്ക് പാഷയെ നീക്കി ആ പദവിയിൽ താൽക്കാലിക വി.സിയായി തന്നെ നിയമിക്കണമെന്ന ഉപഹരജിയും ഡോ. റോമിയോ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

