സത്യത്തിൽ ഞങ്ങളത് വിട്ടുപോയി; അഡ്മിറ്റ് കാർഡയച്ചെങ്കിലും പരീക്ഷ നടത്താൻ മറന്ന് ജബൽപൂർ യൂനിവേഴ്സിറ്റി
text_fieldsഭോപാൽ: എം.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷ നടത്താൻ മറന്ന് ജബൽപൂരിലെ റാണി ദുർഗാവതി യൂനിവേഴ്സിറ്റി. പരീക്ഷയുടെ ടൈംടേബിളും അഡ്മിറ്റ് കാർഡും യൂനിവേഴ്സിറ്റി പുറത്തുവിട്ടിരുന്നു. എന്നാൽ പരീക്ഷ നടത്തുന്നതിനെ കുറിച്ച് വിട്ടുപോയി. 2024 മാർച്ച് അഞ്ചു മുതലായിരുന്നു എം.എസ്.സി കമ്പ്യൂട്ടർ സയൻസ് ആദ്യ സെമസ്റ്റർ പരീക്ഷ തീരുമാനിച്ചിരുന്നത്. പരീക്ഷ തീയതിക്ക് 20 ദിവസം മുമ്പു തന്നെ ടൈംടേബിളും അഡ്മിറ്റ് കാർഡും പുറത്തിറക്കുകയും ചെയ്തു. എന്നാൽ പരീക്ഷ നടത്തിപ്പിനുള്ള ഒരുക്കങ്ങളൊന്നും ചെയ്തില്ല. യൂനിവേഴ്സിറ്റി പരീക്ഷക്ക് ചോദ്യപേപ്പർ പോലും അച്ചടിച്ചിരുന്നില്ലെന്നറിഞ്ഞ്
ചൊവ്വാഴ്ച യൂനിവേഴ്സിറ്റിയിലെത്തിയപ്പോൾ വിദ്യാർഥികൾ അക്ഷരാർഥത്തിൽ അമ്പരന്നു പോയി. പരീക്ഷക്കായി ദിവസങ്ങളായി ഉറക്കമിളച്ച് പഠിക്കുകയാണ്. എന്നാൽ യൂനിവേഴ്സിറ്റിയിലെത്തിയപ്പോൾ പരീക്ഷയുടെ കാര്യം തന്നെ മറന്നുപോയെന്നാണ് അധികൃതർ പറഞ്ഞത്.-വിദ്യാർഥികളിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു.
യൂനിവേഴ്സിറ്റി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണിതെന്ന് വിദ്യാർഥി സംഘടനകൾ ആരോപിച്ചു. അഡ്മിറ്റ് കാർഡ് പുറത്തിറക്കിയിട്ടും എന്തുകൊണ്ടാണ് പരീക്ഷക്കുള്ള ഒരുക്കങ്ങൾ അവർ നടത്താതിരുന്നത്. പരീക്ഷക്ക് കഷ്ടപ്പെട്ട് പഠിച്ച വിദ്യാർഥികളാണ് മണ്ടൻമാരായത്. ഇത് കേവലം ചെറിതൊരു സ്കൂളിലോ കോളജിലോ നടന്ന സംഭവമല്ല. പ്രശസ്തമായ ഒരു യൂനിവേഴ്സിറ്റിയിൽ നടന്ന കാര്യമാണ്.-വിദ്യാർഥി സംഘടനയായ എൻ.എസ്.യു.ഐ ചൂണ്ടിക്കാട്ടി.
തുടർന്ന് പരീക്ഷക്കെത്തിയ വിദ്യാർഥികൾ യൂനിവേഴ്സിറ്റിയിൽ പ്രതിഷേധം നടത്തി. വിദ്യാർഥികളെ മണ്ടൻമാരാക്കിയതിന് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.
ഇതുസംബന്ധമായി യൂനിവേഴ്സിറ്റി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ, പരീക്ഷ മാറ്റിവെച്ചതാണെന്നും എന്നാൽ ഈ വിവരം വിദ്യാർഥികളെയും കോളജിനെയും അറിയിക്കാൻ വിട്ടുപോയെന്നുമാണ് വിവരം ലഭിച്ചത്. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ആർ.കെ. വർമ ഉറപ്പുനൽകി. അതേസമയം, മാറ്റിവെച്ച പരീക്ഷയുടെ തീയതി പുറത്തുവന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

