സ്വപ്ന കാമ്പസുകളിൽ ബിരുദ പഠനം; സി.യു.ഇ.ടി (യു.ജി) മേയിൽ
text_fieldsകേന്ദ്ര സർവകലാശാലകളിലും മറ്റും ബിരുദ പ്രവേശനത്തിനായുള്ള കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി, യു.ജി 2026) ദേശീയ തലത്തിൽ മേയ് 11-31 വരെ നടത്തും. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷാ ചുമതല. വിശദമായ വിവരണം ഔദ്യോഗിക വെബ്സൈറ്റായ https://cuet.nta.nic.in ൽ ലഭിക്കും.
പ്ലസ്ടു വിദ്യാർഥികൾക്ക് രാജ്യത്തെ മികച്ച സർവകലാശാലകളിലും സ്ഥാപനങ്ങളിലും 2026-27 വർഷത്തെ ബിരുദ പഠനത്തിനുള്ള യോഗ്യതാ നിർണയ പരീക്ഷയാണിത്. ഓൺലൈനിൽ ജനുവരി 30നകം അപേക്ഷിക്കാം.
13 ഭാഷകൾ, 23 ഡൊമെയ്ൻ-പ്രത്യേക വിഷയങ്ങൾ, ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് അടക്കം 37 വിഷയങ്ങളിലാണ് സി.യു.ഇ.ടി -യു.ജി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. ഭാഷകളും ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും ഉൾപ്പെടെ ഒരാൾക്ക് പരമാവധി അഞ്ച് വിഷയങ്ങൾ/പേപ്പറുകൾ തിരഞ്ഞെടുക്കാം. പ്ലസ്ടു തലത്തിൽ പഠിച്ച വിഷയം തന്നെയാവണമെന്നില്ല.
ഫീസ്: ജനറൽ വിഭാഗത്തിന് മൂന്ന് വിഷയങ്ങൾക്കുവരെ 1000 രൂപ. ഓരോ അധിക വിഷയത്തിനും 400 രൂപ നൽകണം. ഒ.ബി.സി നോൺ ക്രീമിലെയർ/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് യഥാക്രമം 900 രൂപ/ 375 രൂപ, എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി, പി.ഡബ്ല്യു.ബി.ഡി, തേർഡ് ജൻഡർ വിഭാഗങ്ങൾക്ക് 800 രൂപ/350 രൂപ; ഇന്ത്യക്കുപുറത്ത് പരീക്ഷാകേന്ദ്രം തിരഞ്ഞെടുത്തവർ യഥാക്രമം 4500 രൂപ/1800 രൂപ.
വിഷയങ്ങൾ: പരീക്ഷയിൽ ഉൾപ്പെടുത്തിയ വിഷയങ്ങൾ ഇവയാണ്.ഭാഷകൾ-ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉർദു.
ഡൊമെയ്ൻ പ്രത്യേക വിഷയങ്ങൾ- അക്കൗണ്ടൻസി/ബുക്ക് കീപ്പിങ്, അഗ്രികൾചർ, ആേന്ത്രാപ്പോളജി, ബയോളജി/ ബയോളജിക്കൽ സയൻസ്/ബയോടെക്നോളജി/ബയോ കെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, എൻവയോൺമെന്റൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ പ്രാക്ടീസസ്, ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്, ഫൈൻ ആർട്സ്, വിഷ്വൽ ആർട്സ്/കമേർഷ്യൽ ആർട്സ്, ജ്യോഗ്രഫി/ജിയോളജി, ഹിസ്റ്ററി, ഹോം സയൻസ്, നോളജ് ട്രഡീഷൻ-പ്രാക്ടീസസ് ഇൻ ഇന്ത്യ,മാസ് മീഡിയ/ മാസ് കമ്യൂണിക്കേഷൻ, മാത്തമാറ്റിക്സ്/ അപ്ലൈഡ് മാത്തമാറ്റിക്സ്, പെർഫോർമിങ് ആർട്സ് (ഡാൻസ്, ഡ്രാമ, മ്യൂസിക്), ഫിസിക്കൽ എജുക്കേഷൻ (യോഗ സ്പോർട്സ്), ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സംസ്കൃതം, സോഷ്യോളജി ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ പൊതുവിജ്ഞാനം, കറന്റ് അഫയേഴ്സ്, ജനറൽ മെന്റൽ എബിലിറ്റി, ന്യൂമെറിക്കൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റിവ് റീസണിങ്, ലോജിക്കൽ ആൻഡ് അനലറ്റിക്കൽ റീസണിങ് എന്നിവ ഉൾപ്പെടെ.
പരീക്ഷ: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ മേയ് 11-31 വരെയായിരിക്കും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നട, ഉർദു ഉൾപ്പെടെ 13 ഭാഷകളിലാണ് ചോദ്യ പേപ്പറുകൾ. അപേക്ഷയിൽ ഏത് ഭാഷകളിലെ ചോദ്യപേപ്പറാണ് ആവശ്യമെന്ന് രേഖപ്പെടുത്താൻ മറക്കരുത്.
ഓരോ േപപ്പറിലും ഒബ്ജക്ട് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ 50 ചോദ്യങ്ങളുമുണ്ടാവും. ഓരോ പേപ്പറിനും 60 മിനിറ്റ് സമയം. പരീക്ഷാർഥികളുടെ എണ്ണത്തിനും തിരഞ്ഞെടുക്കപ്പെടുന്ന വിഷയങ്ങളുടെയും അടിസ്ഥാനത്തിൽ പല ഷിഫ്റ്റുകളായാണ് പരീക്ഷ. സ്ലോട്ട്, ഷിഫ്റ്റ്, സമയക്രമം മുതലായവ പിന്നീട് അറിയിക്കും. പരീക്ഷ ഘടനയും സിലബസും പരീക്ഷ കേന്ദ്രങ്ങളും മൂല്യ നിർണയ രീതിയുമെല്ലാം വിവരണ പത്രികയിലുണ്ട്. ഇന്ത്യക്കകത്തും പുറത്തും പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലുമുണ്ടാവും. പരമാവധി നാല് നഗരങ്ങൾ വരെ പരീക്ഷക്കായി തിരഞ്ഞെടുക്കാം.
വിദ്യാഭ്യാസ യോഗ്യത: പന്ത്രണ്ടാം ക്ലാസ്/പ്ലസ്ടു/പരീക്ഷ പാസായവർക്കും 2026ൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. അംഗീകൃത ത്രിവത്സര ഡിപ്ലോമക്കാരെയും പരിഗണിക്കും. പ്രായപരിധിയില്ല.
ബിരുദ പ്രവേശനം: സി.യു.ഇ.ടി സ്കോർ ഉപയോഗിച്ച് പ്രവേശനം നൽകുന്ന സർവകലാശാലകളുടെ പട്ടിക https://cuet.nta.nic.inൽ ലഭിക്കും. സർവകലാശാലകൾ തയാറാക്കുന്ന മെറിറ്റ് ലിസ്റ്റ് പ്രകാരമായിരിക്കും പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

