ബിരുദ പ്രോഗ്രാമുകൾ പുതിയ പേരിലേക്ക്
text_fieldsന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായും വിദേശ സർവകലാശാലക്ക് അനുസൃതമായും രാജ്യത്തെ ബിരുദ പ്രോഗ്രാമുകൾക്ക് പുതിയ പേര് അവതരിപ്പിക്കാനൊരുങ്ങി യൂനിവേഴ്സിറ്റി ഗ്രാന്റ് കമീഷൻ (യു.ജി.സി). ഇതുസംബന്ധിച്ച് യു.ജി.സി നിയോഗിച്ച അഞ്ചംഗ കമ്മിറ്റി നിർദേശം സമർപ്പിച്ചിട്ടുണ്ട്.
ആർട്സ്, ഹ്യുമാനിറ്റീസ്, മാനേജ്മെന്റ്, കോമേഴ്സ് തുടങ്ങിയ വിഷയങ്ങളിലെ ബിരുദത്തിന് ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്) എന്നും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് മാസ്റ്റർ ഓഫ് സയൻസ് (എം.എസ്) എന്നുമാണ് നിർദേശിച്ചിട്ടുള്ളത്.
നിലവിൽ ആർട്സ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ് എന്നിവയിൽ ബാച്ചിലർ ഓഫ് ആർട്സ് (ബി.എ) ബിരുദവും സയൻസ് വിഷയങ്ങളിൽ ബാച്ചിലർ ഓഫ് സയൻസ് ബിരുദവുമാണ് സർവകലാശാലകൾ നൽകുന്നത്. പുതിയ ബിരുദ പേരുകൾ ഭാവിയിൽ മാത്രമേ ബാധകമാകൂവെന്നും പഴയ ബിരുദ പേരുകൾ തുടർന്നും ഉപയോഗിക്കാമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ വിഷയങ്ങളിലെയും ബിരുദ പ്രോഗ്രാമുകൾക്കായി ബി.എയും ബി.എസും ഉപയോഗിക്കുന്നത് വിദേശരാജ്യങ്ങളിൽ വ്യാപകമാണെന്നും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തും ഇതു കൊണ്ടുവരുകയാണെന്നുമാണ് മാറ്റം സംബന്ധിച്ച് യു.ജി.സി വൃത്തങ്ങൾ പറയുന്നത്. മേയ് അവസാനവാരം നടന്ന യു.ജി.സി യോഗത്തിൽ കമ്മിറ്റി റിപ്പോർട്ട് ചർച്ചചെയ്തു.
പൊതുജനാഭിപ്രായം തേടിയതിനുശേഷം ബിരുദ പ്രോഗ്രാമുകളുടെ പേരുമാറ്റം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന. അതിനിടെ, കോഴ്സ് കാലാവധി പരിഗണിക്കാതെ, ആവശ്യമായ ക്രെഡിറ്റുകൾ പൂർത്തിയായാൽ ബിരുദവും ഡിപ്ലോമയും അനുവദിക്കാമെന്ന് യു.ജി.സി സമിതി ശിപാർശ ചെയ്തു.