ബിരുദ പ്രവേശനം: സ്വയംഭരണ കോളജുകളിൽ അപേക്ഷിക്കാം
text_fieldsതിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷഫലം പുറത്തുവന്നതോടെ സംസ്ഥാനത്ത് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ബിരുദ കോഴ്സുകളിൽ പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും. നിലവിൽ സർവകലാശാലതലത്തിൽ കേന്ദ്രീകൃത രീതിയിലാണ് പ്രവേശന നടപടികൾ. വിദ്യാർഥി പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ അപേക്ഷിക്കുന്നതിന് പകരം കോളജ് അഫിലിയേറ്റ് ചെയ്ത സർവകലാശാല അതിന് കീഴിലുള്ള കോളജുകളിലേക്ക് നടത്തുന്ന കേന്ദ്രീകൃത പ്രവേശന നടപടികളിലാണ് പങ്കാളിയാകേണ്ടത്.
വരും ദിവസങ്ങളിൽ കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. സംസ്ഥാനത്ത് അക്കാദമിക മേഖലയിൽ ഉയർന്ന നിലവാരം പുലർത്തുന്ന 19 സ്വയംഭരണ കോളജുകൾ നിലവിലുണ്ട്. ഈ കോളജുകളിലേക്കുള്ള പ്രവേശനം സർവകലാശാല നടത്തുന്ന പ്രവേശന നടപടികളിൽ ഉൾപ്പെടുന്നില്ല. സ്വയംഭരണ കോളജുകൾക്ക് സ്വന്തം നിലക്ക് വിദ്യാർഥി പ്രവേശനം നടത്താനും പാഠ്യപദ്ധതി തയാറാക്കാനും പരീക്ഷ നടത്താനും അധികാരമുണ്ട്.
അതിനാൽ സ്വയംഭരണാവകാശമുള്ള 19 കോളജുകളിൽ ഏതിലെങ്കിലും പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ അവയുടെ വെബ്സൈറ്റ് വഴി പ്രത്യേകം അപേക്ഷ സമർപ്പിക്കണം. മിക്ക കോളജുകളും ഇതിനകം വെബ്സൈറ്റിലൂടെ ഓൺലൈൻ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചിട്ടുണ്ട്. മികച്ച സ്വയംഭരണ കോളജുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഉടനെതന്നെ കോളജുകളുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പണം നടത്തണം.
കോളജുകൾ ഏതെല്ലാം
19 സ്വയംഭരണ കോളജുകളിൽ 18 എണ്ണവും എയ്ഡഡ് മേഖലയിലാണ്. എറണാകുളം മഹാരാജാസ് കോളജ് ആണ് സ്വയംഭരണ പദവിയുള്ള ഏക സർക്കാർ കോളജ്. ആർട്സ് ആൻഡ് സയൻസ് കോളജ് വിഭാഗത്തിൽ കേരള സർവകലാശാലക്ക് കീഴിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജ്, എം.ജി സർവകലാശാലക്ക് കീഴിൽ ചങ്ങനാശ്ശേരി അസംപ്ഷൻ, കോട്ടയം സി.എം.എസ്, എറണാകുളം മഹാരാജാസ്, കോതമംഗലം മാർ അത്തനേഷ്യസ്, കുട്ടിക്കാനം മരിയൻ,
കളമശ്ശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ്, തേവര സേക്രഡ് ഹാർട്, എറണാകുളം സെന്റ് ആൽബർട്സ്, ചങ്ങനാശ്ശേരി എസ്.ബി, എറണാകുളം സെന്റ് തെരേസാസ്, കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ്, കോഴിക്കോട് ഫാറൂഖ് കോളജ്, മമ്പാട് എം.ഇ.എസ്, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ്, തൃശൂർ സെന്റ് തോമസ്, തൃശൂർ വിമല എന്നിവയാണ് സ്വയംഭരണ കോളജുകൾ.
സ്വയംഭരണ കോളജുകൾ എന്തുകൊണ്ട് തെരഞ്ഞെടുക്കണം
അക്കാദമിക മേഖലയിൽ ഉന്നത നിലവാരം പുലർത്തുന്ന മികച്ച ട്രാക്ക് റെക്കോഡുള്ള കോളജുകൾക്കാണ് യു.ജി.സി സ്വയംഭരണ കോളജ് പദവി നൽകുന്നത്.ഭാവിയിൽ കൽപിത സർവകലാശാലയായും സർവകലാശാലയായും വികസിക്കാനുള്ള സാധ്യത തുറന്നിട്ടാണ് യു.ജി.സി കോളജുകൾക്ക് സ്വയംഭരണ പദവി നൽകുന്നത്.സർവകലാശാലകൾ നേരിട്ട് ചെയ്യുന്ന പാഠ്യപദ്ധതി തയാറാക്കൽ, പരീക്ഷ നടത്തിപ്പ് തുടങ്ങിയ അധികാരങ്ങൾ സ്വയംഭരണ കോളജുകൾക്ക് നൽകിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് വിലയിരുത്തുന്ന കേന്ദ്രസർക്കാർ സംവിധാനമായ നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) നൽകുന്ന ഗ്രേഡിങ് ഉൾപ്പെടെ പരിഗണിച്ചാണ് കോളജുകൾക്ക് സ്വയംഭരണ പദവി നൽകുന്നത്. കാലാനുസൃതമായി പരിഷ്കരിച്ച സിലബസും മികച്ച അക്കാദമിക അന്തരീക്ഷവും സ്വയംഭരണ കോളജുകൾ ഉറപ്പുനൽകുന്നുണ്ട്.
സ്വയംഭരണ കോളജുകളും അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റും
മാർ ഇവാനിയോസ് കോളജ്: www.mic.ac.in, കൊല്ലം ഫാത്തിമ മാത നാഷനൽ കോളജ് https://fmnc.ac.in, ചങ്ങനാശ്ശേരി അസംപ്ഷൻ കോളജ്: https://assumptioncollege.edu.in, കോട്ടയം സി.എം.എസ് കോളജ്: www.cmscollege.ac.in, എറണാകുളം മഹാരാജാസ് കോളജ്: https://maharajas.ac.in, കോതമംഗലം മാർ അത്തനേഷ്യസ് കോളജ്: https://macollege.onlin
കുട്ടിക്കാനം മരിയൻ കോളജ്: https://mariancollege.org, കളമശ്ശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ്: https://rajagiri.edu, തേവര സേക്രഡ് ഹാർട് കോളജ്: https://www.shcollege.ac.in, എറണാകുളം സെന്റ് ആൽബർട്സ് കോളജ്: https://www.alberts.edu.in, ചങ്ങനാശ്ശേരി എസ്.ബി കോളജ്, https://sbcollege.ac.in
എറണാകുളം സെന്റ് തെരേസാസ്: https://teresas.ac.in, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്: https://christcollegeijk.edu.in, കോഴിക്കോട് ഫാറൂഖ് കോളജ്: https://www.farookcollege.ac.in, മമ്പാട് എം.ഇ.എസ് കോളജ്: https://mesmampadcollege.edu.in, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ്: https://www.devagiricollege.org, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്: https://stjosephs.edu.in, തൃശൂർ സെന്റ് തോമസ് കോളജ്: https://stthomas.ac.in, തൃശൂർ വിമല കോളജ്: https://vimalacollege.edu.in.