Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightയു.ജി.സി-നെറ്റ്...

യു.ജി.സി-നെറ്റ് റീ-ടെസ്റ്റ്: മൂന്ന് വിഷയങ്ങൾക്കും അധിക ഫീസില്ല; പരീക്ഷാ നടപടികൾ ശക്തമാക്കാൻ എൻ.ടി.എ

text_fields
bookmark_border
യു.ജി.സി-നെറ്റ് റീ-ടെസ്റ്റ്: മൂന്ന് വിഷയങ്ങൾക്കും അധിക ഫീസില്ല; പരീക്ഷാ നടപടികൾ ശക്തമാക്കാൻ എൻ.ടി.എ
cancel

ന്യൂഡൽഹി: യു.ജി.സി-നെറ്റ് 2026 പരീക്ഷയിൽ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ റീ-ടെസ്റ്റിന് ഉദ്യോഗാർഥികളിൽ നിന്ന് അധിക ഫീസ് ഈടാക്കില്ലെന്ന് എൻ.ടി.എ അറിയിച്ചു. റീ-ടെസ്റ്റ് നടത്തുന്നതിന്റെ പേരിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികളുടെ എണ്ണത്തിലും വിഷയാടിസ്ഥാനത്തിലുള്ള സീറ്റ് അനുവദിക്കുന്നതിലും കുറവ് വരുത്തില്ലെന്നും അധികൃതർ അറിയിച്ചു.

ചോദ്യപേപ്പർ തയ്യാറാക്കൽ, മോഡറേഷൻ, വിവർത്തനം, കമ്പോസിംഗ് തുടങ്ങിയ ഘട്ടങ്ങളിലെ നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് എൻ.ടി.എ വ്യക്തമാക്കി. ഇത്തരം പിഴവുകൾ തുടക്കത്തിൽ തന്നെ ഒഴിവാക്കുന്നതിനായി നിലവിലെ സംവിധാനങ്ങളും പ്രോട്ടോക്കോളുകളും പുനഃപരിശോധിക്കുമെന്നും സംഭവിച്ച വീഴ്ചകളുടെ ഉത്തരവാദിത്തം നിർണയിക്കുമെന്നും ഏജൻസി അറിയിച്ചു.

ന്യായവും കൃത്യതയുമുള്ള പിഴവുകളില്ലാത്ത പരീക്ഷാ സംവിധാനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് എൻ.ടി.എ പറഞ്ഞു. ഭാവിയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനായി ആഭ്യന്തര നടപടികളും പ്രോട്ടോക്കോളുകളും പരിശോധിച്ചുവരികയാണെന്നും ഏജൻസി വ്യക്തമാക്കി.

ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ ചോദ്യപേപ്പറുകളിൽ നിരവധി പിഴവുകളുണ്ടെന്ന പരാതികൾ ലഭിച്ചതായി എൻ.ടി.എ അറിയിച്ചു. പരാതികൾ പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മൂന്ന് വിഷയങ്ങളിലും പരീക്ഷ വീണ്ടും നടത്താൻ തീരുമാനിച്ചത്.

ഇംഗ്ലീഷിന്റെയും കൊമേഴ്സിന്റെയും റീ-ടെസ്റ്റ് സെപ്റ്റംബർ ഒമ്പതിനും സോഷ്യോളജി പരീക്ഷ സെപ്റ്റംബർ പത്തിനും നടത്തും. അതേസമയം, യു.ജി.സി-നെറ്റ് 2026 പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ തിങ്കളാഴ്ച ഡൽഹിയിൽ എൻ.ടി.എക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി.

ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ പരീക്ഷകൾ വീണ്ടും നടത്താനുള്ള എൻ.ടി.എയുടെ തീരുമാനത്തിന് പിന്നാലെയായിരുന്നു എൻ.എസ്.യു.ഐയുടെ പ്രതിഷേധം.

പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾക്ക് എൻ.ടി.എ നേതൃത്വത്തെ ഉത്തരവാദികളാക്കണമെന്ന് എൻ.എസ്.യു.ഐ ആവശ്യപ്പെട്ടു. തെറ്റായ ചോദ്യങ്ങളും നേരത്തെ ചോദിച്ച ചോദ്യങ്ങളുടെ ആവർത്തനവും ഉണ്ടായതിനാൽ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് സെപ്റ്റംബറിൽ വീണ്ടും പരീക്ഷ എഴുതേണ്ടിവരുകയാണെന്നും സംഘടന പറഞ്ഞു.

പരീക്ഷാ നടത്തിപ്പിലെ പിഴവുകളുടെ ഭാരം വിദ്യാർഥികൾ ഏറ്റെടുക്കേണ്ടിവരുന്ന സാഹചര്യമാണിതെന്ന് എൻ.എസ്.യു.ഐ ആരോപിച്ചു. വിദ്യാർഥികളുടെ വർഷങ്ങളായുള്ള അധ്വാനം, പണം, സമയം, മാനസികാരോഗ്യം എന്നിവയെ ഇത്തരത്തിൽ ബാധിക്കുന്നത് എത്രകാലം തുടരുമെന്നും സംഘടന ചോദിച്ചു.

പരീക്ഷക്ക് മുമ്പ് ചോദ്യപേപ്പറുകൾ ചോർന്നിരുന്നോയെന്നും എൻ.എസ്.യു.ഐ എൻ.ടി.എയോട് വിശദീകരണം ആവശ്യപ്പെട്ടു. ധർമേന്ദ്ര പ്രധാന്റെ രാജി ആദ്യപടിയാണെന്നും എൻ.ടി.എ നേതൃത്വത്തിന്റെ കാര്യത്തിലും ഉത്തരവാദിത്തം നിശ്ചയിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

വിദ്യാർഥികൾ തെറ്റുകാരല്ലെന്നും പരീക്ഷ ശരിയായി നടത്താൻ കഴിയാത്ത സംവിധാനത്തിനാണ് വീഴ്ചയെന്നും എൻ.എസ്.യു.ഐ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:re examNTAUGC-NET
News Summary - UGC NET Re Test Without Extra Fees
Next Story