ന്യൂഡൽഹി: ഗവേഷണത്തിനും കോളജ് അധ്യാപനത്തിനുമുള്ള യോഗ്യത പരീക്ഷയായ നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ രീതി യു.ജി.സി പരിഷ്കരിച്ചു. മൂന്ന് പേപ്പറുകൾക്കു പകരം ഇത്തവണ രണ്ട് പേപ്പർ മാത്രമേ ഉണ്ടാവുകയുള്ളൂ. ഒരു മണിക്കൂർ ദൈർഘ്യമുള്ള പേപ്പർ ഒന്ന് പൊതു അഭിരുചി പരീക്ഷയിൽ രണ്ടു മാർക്കിെൻറ 50 ചോദ്യങ്ങളാണുണ്ടാവുക. അധ്യാപന, ഗവേഷണ അഭിരുചി അളക്കാനുള്ള 50 ചോദ്യങ്ങൾക്കും നിർബന്ധമായും ഉത്തരം നൽകണം.
നെറ്റിന് അപേക്ഷിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട പേപ്പർ രണ്ടിൽ രണ്ടു മാർക്കിെൻറ 100 ഒബ്ജക്ടിവ് ചോദ്യങ്ങളാണുണ്ടാവുക. രണ്ട് മണിക്കൂറാണ് ദൈർഘ്യം. രണ്ടു പേപ്പറുകളും ഒബ്ജക്ടിവ് മാതൃകയിലാണ്. ജൂനിയർ റിസർച് ഫെലോഷിപ്പിനുള്ള (ജെ.ആർ.എഫ്) പ്രായപരിധി 28ൽ നിന്നും 30 ആക്കി ഉയർത്തി. ഇൗ വർഷത്തെ പരീക്ഷ ജൂൈല എട്ടിന് നടക്കും. പരീക്ഷ ചുമതല ഇത്തവണയും സി.ബി.എസ്.സിക്ക് തന്നെയാണ്. മാർച്ച് ആറു മുതൽ www.cbsenet.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. വിജ്ഞാപനം ഫെബ്രുവരി ഒന്നിന്.