യു.ജി.സി, എ.ഐ.സി.ടി.ഇ, എൻ.സി.ടി.ഇ എന്നിവക്ക് പകരം ഒറ്റ ഉന്നത വിദ്യാഭ്യാസ കമീഷൻ; ബില്ല് അംഗീകരിച്ച് കേന്ദ്രമന്ത്രിസഭ
text_fieldsന്യൂഡൽഹി: യു.ജി.സി(യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ), ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ(എ.ഐ.സി.ടി.ഇ), നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ(എൻ.സി.ടി.ഇ) തുടങ്ങിയ സ്റ്റാറ്റ്യൂട്ടറി ബോഡികൾക്ക് പകരമായി ഉന്നത വിദ്യാഭ്യാസത്തിനായി ഒരു ഏകീകൃത വിദ്യാഭ്യാസ കമീഷൻ വേണമെന്ന് നിർദേശിക്കുന്ന വീക്ഷിത് ഭാരത് ശിക്ഷ അധികാര് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
പാർലമെന്റിന്റെ ഇപ്പോൾ നടക്കുന്ന ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ഈ ബില്ല് നേരത്തെ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ഓഫ് ഇന്ത്യ (എച്ച്.ഇ.സി.എൽ) ബിൽ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഭരണവും മേൽനോട്ടവും കാര്യക്ഷമമാക്കുന്നതിന് ഒരൊറ്റ നിയന്ത്രണ അതോറിറ്റിക്കായുള്ള ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) 2020 ലെ ശുപാർശകളെ തുടർന്നാണ് പുതിയ നീക്കം.
മുൻ റിപോർട്ടുകൾ പ്രകാരം നിർദിഷ്ട റെഗുലേറ്റർ യു.ജി.സി, എ.ഐ.സി.ടി.ഇ, എൻ.സി.ടി.ഇ എന്നിവയുടെ പ്രവർത്തനങ്ങൾ മെഡിക്കൽ, ലീഗൽ കോളജുകൾ ഒഴികെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുടനീളം അക്കാദമിക് നിയന്ത്രണം, അക്രഡിറ്റേഷൻ, പ്രഫഷനൽ മാനദണ്ഡങ്ങൾ സ്ഥാപിക്കൽ എന്നിവക്ക് ഉത്തരവാദിത്തമുള്ള ഒരു ബോഡിയായി ലയിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഫണ്ടിങ്ങും സാമ്പത്തിക സ്വയംഭരണവും റെഗുലേറ്ററിക്ക് പകരം ഭരണ മന്ത്രാലയത്തിൽ തന്നെ തുടരും.
എച്ച്.ഇ.സി.എല്ലിന്റെ നാലു പ്രധാന സ്ഥാപനങ്ങൾ
1. ദേശീയ ഉന്നത വിദ്യാഭ്യാസ നിയന്ത്രണ കൗൺസിൽ(മെഡിക്കൽ, നിയമ വിദ്യാഭ്യാസം ഒഴികെയുള്ള എല്ലാ മേഖലകളെയും നിയന്ത്രിക്കുന്നു )
2. നാഷനൽ അക്രഡിറ്റേഷൻ കൗൺസിൽ(വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പിക്കുന്ന അക്രഡിറ്റേഷൻ ബോഡി)
3. പൊതുവിദ്യാഭ്യാസ കൗൺസിൽ (പഠന ഫലങ്ങളും മാനദണ്ഡങ്ങളും രൂപപ്പെടുത്തുന്നു)
4. ഉന്നത വിദ്യാഭ്യാസ ഗ്രാന്റ്സ് കൗൺസിൽ(ഫണ്ടിങ് തീരുമാനങ്ങൾ കൈകാര്യം ചെയ്യുന്നു)
എച്ച്.ഇ.സി.എല്ലിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നവ
മെഡിക്കൽ, നിയമ വിദ്യാഭ്യാസം അതത് കൗൺസിലുകളുടെ നിയന്ത്രണത്തിൽ തുടരും. അത് എച്ച്.ഇ.സി.എല്ലിന്റെ നിയന്ത്രണ പരിധിക്ക് പുറത്തായിരിക്കും.
ഏകീകൃത റെഗുലേറ്റർ എന്ന ആശയം വർഷങ്ങൾ പഴക്കമുള്ളതാണ്, 2018 ലാണ് ആദ്യമായി എച്ച്.ഇ.സി.എൽ ബില്ലിന്റെ കരട് പ്രചരിച്ചു. യു.ജി.സി നിയമം റദ്ദാക്കാനും പകരം ഒരു കേന്ദ്ര കമ്മീഷൻ സ്ഥാപിക്കാനും ലക്ഷ്യമിട്ടായിരുന്നു അത്. വലിയ എതിർപ്പ് വന്നതോടെ ബിൽ പിൻവലിക്കേണ്ടി വന്നു.
പുതിയ ബിൽ ഒരു ഏകീകൃത അതോറിറ്റിയുടെ കേന്ദ്ര പങ്ക് നിലനിർത്തുന്നുണ്ടെങ്കിലും, സാമ്പത്തിക നിയന്ത്രണം റെഗുലേറ്ററിനേക്കാൾ സർക്കാരിൽ തന്നെ തുടരുമെന്നു തന്നെയാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

