യു.എ.ഇയിലെ സ്‌കൂളുകളിൽ ചിത്രങ്ങളും വീഡിയോകളും ചിത്രീകരിക്കുന്നതിന് വിലക്ക്
text_fieldsദുബൈ: യു.എ.ഇയിലെ സ്‌കൂൾ വളപ്പിൽവെച്ച് രക്ഷിതാക്കളും സന്ദർശകരും ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതിനും അവ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലോ സോഷ്യൽ മീഡിയയിലോ പങ്കുവെക്കുന്നതിനും നിരോധനം ഏർപ്പെടുത്തി. ദുബൈയിലെയും ഷാർജയിലെയും പ്രമുഖ സ്‌കൂളുകൾ ഇതുസംബന്ധിച്ച് രക്ഷിതാക്കൾക്ക് സർക്കുലറുകൾ അയച്ചു. വിദ്യാർഥികളുടെ സ്വകാര്യതയും സുരക്ഷയും മുൻനിർത്തി യു.എ.ഇയിലെ നിയമങ്ങൾക്ക് അനുസൃതമായാണ് പുതിയ തീരുമാനം.
ക്ലാസ് മുറികൾ, കോറിഡോറുകൾ, കളിസ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ നിരോധനം ബാധകമാണ്. ജെംസ് വിൻചെസ്റ്റർ സ്കൂൾ ദുബൈ, ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ ഷാർജ, ഇന്‍റർനാഷനൽ സ്കൂൾ ഓഫ് ശൊവൈഫാത്ത് ഷാർജ തുടങ്ങിയ സ്ഥാപനങ്ങളാണ് നിർദേശങ്ങൾ നൽകിയിട്ടുള്ളത്. മറ്റ് കുട്ടികൾ ഉൾപ്പെട്ട ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയയിലോ രക്ഷിതാക്കളുടെ ഗ്രൂപ്പുകളിലോ പങ്കുവെച്ചിട്ടുണ്ടെങ്കിൽ അവ ഉടൻ നീക്കം ചെയ്യണമെന്നും ശൊവൈഫാത്ത് സ്‌കൂൾ മാനേജ്‌മെന്‍റ് ആവശ്യപ്പെട്ടു.
സ്‌കൂളുകൾ ഔദ്യോഗികമായി സംഘടിപ്പിക്കുന്ന പരിപാടികളിൽ മാത്രമാണ് ചിത്രങ്ങൾ പകർത്താൻ ഇളവുള്ളത്. ഇത്തരം സന്ദർഭങ്ങളിലും രക്ഷിതാക്കൾ സ്വന്തം കുട്ടികളുടെ ചിത്രങ്ങൾ മാത്രമേ പകർത്താവൂ. സ്കൂളുകളുടെ ഔദ്യോഗിക ഫോട്ടോകളും വീഡിയോകളും കൃത്യമായ മാനദണ്ഡങ്ങളും മുൻകൂട്ടിയുള്ള അനുമതിയും പാലിച്ചുമാത്രമേ ചിത്രീകരിക്കുകയുള്ളൂവെന്നും മാനേജ്‌മെന്‍റുകൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

