സർക്കാർ അനുമതിയില്ലാതെ സംസ്ഥാനത്തെ രണ്ട് കോളജുകൾ കൽപിത സർവകലാശാല പദവിയിലേക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ മുൻകൂർ അനുമതിയില്ലാതെ, രണ്ട് എയ്ഡഡ് കോളജുകൾ കൽപിത സർവകലാശാല (ഡീംഡ് ടു ബി യൂനിവേഴ്സിറ്റി) പദവിക്ക് നടപടി പൂർത്തിയാക്കുന്നു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജും കളമശ്ശേരി രാജഗിരി സ്കൂൾ ഓഫ് സോഷ്യൽ സയൻസസുമാണ് സ്വന്തം നിലക്ക് വിദ്യാർഥി പ്രവേശനവും ഫീസുമുൾപ്പെടെ നിശ്ചയിക്കാൻ അധികാരം ലഭിക്കുന്ന കൽപിത സർവകലാശാല പദവിക്ക് യു.ജി.സിക്ക് അപേക്ഷ സമർപ്പിച്ചത്.
രാജഗിരി കോളജിൽ യു.ജി.സി സംഘത്തിന്റെ വെർച്വൽ സന്ദർശനം പൂർത്തിയായതായാണ് വിവരം. മാർ ഇവാനിയോസ് കോളജിൽ മേയ് ഒമ്പതിന് വെർച്വൽ സന്ദർശനം നടക്കും. സംസ്ഥാനത്ത് കൽപിത സർവകലാശാലകൾ വേണ്ടെന്നും സ്വകാര്യ സർവകലാശാലകളാകാമെന്നും സർക്കാർ നയപരമായി തീരുമാനമെടുത്തിരുന്നു. ഇതുപ്രകാരം സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്ന ബിൽ കഴിഞ്ഞ നിയമസഭ സമ്മേളനം പാസാക്കിയിരിക്കെയാണ് സർക്കാർ ശമ്പളത്തിൽ പ്രവർത്തിക്കുന്ന എയ്ഡഡ് കോളജുകളുടെ നീക്കം.
രണ്ട് കോളജും കൽപിത സർവകലാശാല പദവിക്ക് അപേക്ഷിക്കാനായി 2021ൽ സർക്കാറിന്റെ നിരാക്ഷേപ പത്രം (എൻ.ഒ.സി) തേടിയിരുന്നു. ജീവനക്കാർക്ക് നിലവിലെ രീതിയിൽ ശമ്പളം നൽകാമെന്ന ഉറപ്പിനാണ് അപേക്ഷിച്ചത്. എന്നാൽ, സർക്കാർ എൻ.ഒ.സി നൽകിയില്ല. കൽപിത സർവകലാശാലകൾക്ക് സംസ്ഥാന നിയമങ്ങൾക്ക് പകരം 2023ലെ യു.ജി.സി റെഗുലേഷനാണ് ബാധകമാകുക.
ഇതു പ്രകാരം വിദ്യാർഥി പ്രവേശനവും ഫീസ് നിർണയവും സ്വയം തീരുമാനിക്കാനാകും. ഇവയുടെ മേൽ സർക്കാറിനുള്ള നിയന്ത്രണവുമില്ലാതാകും. മെറിറ്റടിസ്ഥാനത്തിലുള്ള വിദ്യാർഥി പ്രവേശനവും സർക്കാർ നിശ്ചയിക്കുന്ന ഫീസുമുൾപ്പെടെയുള്ള നിബന്ധനകൾ അംഗീകരിക്കാമെന്ന വ്യവസ്ഥയിൽ 1972ൽ സർക്കാർ തയാറാക്കി അംഗീകരിച്ച ഡയറക്ട് പേമെന്റ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തിലാണ് എയ്ഡഡ് കോളജുകളിൽ സർക്കാർ ശമ്പളം നൽകുന്നത്.
മുൻകൂർ അനുമതി നിർബന്ധം; പിൻബലം ‘ഉന്നതന്റെ’ ഉറപ്പ്
കൽപിത സർവകലാശാല പദവിക്ക് അപേക്ഷിക്കുന്നത് കേന്ദ്ര/ സംസ്ഥാന സർക്കാറുകളുടെ ഗ്രാന്റ് ഇൻ എയ്ഡോ ഫണ്ടോ സ്വീകരിക്കുന്ന സ്ഥാപനങ്ങളാണെങ്കിൽ ബന്ധപ്പെട്ട സർക്കാറിന്റെ മുൻകൂർ അനുമതി വേണമെന്ന് യു.ജി.സി റെഗുലേഷൻ വ്യവസഥ ചെയ്യുന്നു. എന്നിട്ടും അനുമതിയില്ലാതെ രണ്ട് എയ്ഡഡ് കോളജുകൾ കൽപിത പദവിക്ക് അപേക്ഷ സമർപ്പിച്ചത് ഉന്നത കേന്ദ്രങ്ങളിൽ നിന്നുള്ള ഉറപ്പിന്റെ ബലത്തിലാണെന്നാണ് സൂചന.
സ്വകാര്യ സർവകലാശാല അനുവദിക്കുന്നത് പഠിക്കാൻ നിയോഗിച്ച സമിതി റിപ്പോർട്ടിൽ വ്യവസ്ഥകളോടെ, കൽപിത സർവകലാശാലക്ക് അനുമതി നൽകാമെന്ന ശിപാർശ ഉൾപ്പെടുത്തിയതും സമിതി അംഗമായ ഈ ഉന്നതന്റെ സമ്മർദത്തെ തുടർന്നാണെന്ന് ആരോപണം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

