വിദേശപഠനം ഇനി അത്ര എളുപ്പമല്ല; രൂപയുടെ തകർച്ചയും വിസ നിയന്ത്രണങ്ങളും ഇന്ത്യൻ വിദ്യാർഥികളെ വലക്കുന്നു
text_fieldsന്യൂഡൽഹി: വർഷങ്ങളായി ആസൂത്രണം ചെയ്ത വിദേശപഠനമെന്ന സ്വപ്നത്തിന് മുന്നിൽ വലിയ ചോദ്യചിഹ്നങ്ങളുമായി ഇന്ത്യൻ വിദ്യാർഥികൾ. രൂപയുടെ മൂല്യത്തിലുണ്ടായ വൻ ഇടിവും വിവിധ രാജ്യങ്ങളിലെ കർശനമായ വിസ നിയന്ത്രണങ്ങളും തൊഴിൽ വിപണിയിലെ അനിശ്ചിതത്വവും കാരണം വിദേശത്ത് പഠനത്തിന് പോകാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് മധ്യവർഗ കുടുംബങ്ങളാണ് ആശങ്കയിലായിരിക്കുന്നത്.
ഝാർഖണ്ഡ് സ്വദേശിയായ പ്രഗതി പ്രിയ (29) എന്ന വിദ്യാർഥിനിയുടെ അനുഭവം തന്നെയാണ് പലരുടെയും അവസ്ഥ. സെപ്റ്റംബറിൽ റോമിലെ സർവകലാശാലയിൽ ഗ്ലോബൽ ഇക്കണോമിക് അഫയേഴ്സ് പഠിക്കാൻ ഒരുങ്ങുന്ന പ്രിയ, എന്നാൽ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്.
യൂറോ ഉൾപ്പെടെയുള്ള കറൻസികൾക്കെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ, വിദ്യാഭ്യാസ വായ്പ തിരിച്ചടക്കുന്നത് എങ്ങനെയായിരിക്കുമെന്ന ഭയം അവരെ വേട്ടയാടുന്നു. വലിയ കടബാധ്യതകൾ ഏറ്റെടുത്ത് വിദേശത്ത് പോകുന്നതിൽ അർഥമുണ്ടോ എന്ന പുനർചിന്തനം ഇന്ന് വ്യാപകമാണ്.
2025ൽ 1.2 ദശലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികളാണ് വിദേശങ്ങളിൽ ഉന്നതപഠനം നടത്തുന്നത്. ചൈനയെ പിന്തള്ളി അന്താരാഷ്ട്ര വിദ്യാർഥികളുടെ പ്രധാന സ്രോതസ്സായി ഇന്ത്യ മാറിയിട്ടുണ്ടെങ്കിലും, നിലവിലെ സാഹചര്യം ഈ ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്.
യു.കെ, യു.എസ് തുടങ്ങിയ പ്രധാന രാജ്യങ്ങളിലേക്കുള്ള വിദ്യാർഥികളുടെ വരവിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ 20 ശതമാനത്തിന്റെ കുറവുണ്ടായതായി എഡ്‌വൈസ് ഇന്റർനാഷണൽ സ്ഥാപകൻ സുശീൽ സുഖ്‌വാനി ചൂണ്ടിക്കാട്ടുന്നു. യു.കെയിലെ സർവകലാശാലകളിൽ 76 ശതമാനവും ഇന്ത്യൻ വിദ്യാർഥികളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. യു.എസിൽ ഫെബ്രുവരി 2025നും 2026നും ഇടയിൽ ഏഴ് ശതമാനം കുറവാണ് എൻറോൾമെന്റിൽ ഉണ്ടായത്.
2019ന് ശേഷം ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ 35 മുതൽ 47 ശതമാനം വരെ ഇടിവാണുണ്ടായതെന്ന് സുഖ്‌വാനി വ്യക്തമാക്കുന്നു. ഇത് വിദ്യാർഥികളുടെ സാമ്പത്തിക ആസൂത്രണത്തെ താളം തെറ്റിച്ചിരിക്കുന്നു.
യു.എസിലും യു.കെയിലും അവസരങ്ങൾ കുറയുമ്പോൾ ജർമനി, അയർലൻഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് വിദ്യാർഥികൾ ശ്രദ്ധ തിരിക്കുന്നുണ്ട്. കുറഞ്ഞ ട്യൂഷൻ ഫീസ്, പഠനശേഷം ലഭിക്കുന്ന തൊഴിൽ സാധ്യതകൾ, അനുകൂലമായ വിസ നയങ്ങൾ എന്നിവയാണ് ഇത്തരം രാജ്യങ്ങളെ ആകർഷകമാക്കുന്നത്.
യു.കെയെ അപേക്ഷിച്ച് പകുതി ഫീസ് മാത്രമേ ഇറ്റലിയിലൊള്ളൂ. മാത്രമല്ല, യു.എസിലെ രണ്ടുവർഷത്തെ ഡിഗ്രി കോഴ്സിന് പകരം റോമിൽ ഒരു വർഷം കൊണ്ട് പഠനം പൂർത്തിയാക്കാനും സാധിക്കും.
അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികളുടെ സംഘടനയായ നോർത്ത് അമേരിക്ക അസോസിയേഷൻ ഓഫ് ഇന്ത്യൻ സ്റ്റുഡന്റ്സ് സ്ഥാപകൻ സുധാൻഷു കൗശിക് പറയുന്നത് പ്രകാരം, പഠനശേഷം വൈദഗ്ധ്യം ആവശ്യമുള്ള ജോലികൾ ലഭിക്കാത്ത വിദ്യാർഥികൾ ഗിഗ് ഇക്കോണമിയിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു.
രൂപയുടെ മൂല്യത്തകർച്ചയും തൊഴിൽ വിപണിയിലെ പ്രതിസന്ധിയും എ.ഐ രംഗത്തെ മാറ്റങ്ങളും വിസ നിയന്ത്രണങ്ങളും വല്ലാത്ത ഒരു പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

