രാത്രി ഉറക്കമിളച്ച് കഠിനമായി പഠിക്കുന്നതല്ല സമർഥരായ വിദ്യാർഥികളുടെ വിജയ രഹസ്യം; ബുദ്ധിപൂർവം പ്രവർത്തിക്കുന്നതാണെന്ന് പഠനം
text_fieldsരാത്രി വൈകിയും ഉറക്കമിളച്ചിരുന്ന് പഠിക്കുന്നവരെ കണ്ടിട്ടില്ലേ? അവരിൽ പലരും വിശ്വസിക്കുന്നത് മണിക്കൂറുകൾ നീളുന്ന പഠനം വിജയത്തിലേക്ക് നയിക്കുമെന്നാണ്. എന്നാൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന വിദ്യാർഥികൾ അത്തരത്തിലുള്ള ദീർഘിച്ച പഠനം നടത്തുന്നില്ലെന്നാണ് കാംബ്രിഡ്ജ് സർവകലാശാല നടതിയ പഠനത്തിൽ പറയുന്നത്. പകരം ലളിതമായ ചിട്ടകളിലൂടെയാണ് അവർ നേട്ടംകൊയ്യുന്നത്.
പഠനത്തിന്റെ കാര്യമെടുക്കാം. കൂടുതൽ സമയം പഠനത്തിനായി ചെലവഴിക്കുക, രാത്രി വൈകിയിരുന്ന് പഠിക്കുക, മറ്റുള്ളവരേക്കാൾ കഠിനമായി പരിശ്രമിക്കുക എന്നിവയാണ് വിജയത്തിന്റെ അടിസ്ഥാനകാര്യങ്ങളെന്നാണ് മിക്കയാളുകളും വിശ്വസിക്കുന്നത്. എന്നാൽ കാംബ്രിഡ്ജ് ഗവേഷണ പ്രകാരം ഉയർന്ന അക്കാദമിക പ്രകടനത്തിന്റെ മാനദണ്ഡം പഠനത്തിനായി മാറ്റിവെച്ച മണിക്കൂറുകളല്ല, മറിച്ച് ലക്ഷ്യബോധത്തോടെ പഠിച്ചാണ് മിടുക്കരായ വിദ്യാർഥികൾ ഉയർന്ന പ്രകടനം കാഴ്ചവെക്കുന്നത് എന്നാണ്. അവർക്ക് ചിട്ടയായ ഒരുരീതി പഠനത്തിന് ഉണ്ടായിരിക്കും. അത് പഠനത്തിൽ മികച്ച ഫലങ്ങൾ നൽകുന്നുണ്ടോ എന്നവർ ഇടക്കിടെ പരിശോധിക്കും.
സ്വന്തം പഠനം ആസൂത്രണം ചെയ്യാനും നിരീക്ഷിക്കാനും ക്രമീകരിക്കാനുമുള്ള കഴിവിനെ ഗവേഷകർ മെറ്റാകോഗ്നിറ്റീവ് സെൽഫ് റെഗുലേഷൻ എന്നാണ് വിളിക്കുന്നത്. ഓർമശക്തി, ശ്രദ്ധ, വികാരങ്ങൾ കൈകാര്യം ചെയ്യുന്നതിലും അവർ മികച്ച പ്രകടനം കാഴ്ച വെക്കുന്നതായും ഗവേഷണത്തിൽ കണ്ടെത്തി.
സ്വന്തം പഠന സ്വഭാവം നിയന്ത്രിക്കാനുള്ള കഴിവ് ദീർഘകാല വിജയത്തിന്റെ ആണിക്കല്ലാണ്. സ്കൂളിലെ ആദ്യവർഷം മുതൽ കുട്ടികളിൽ ഇത് പ്രകടമാകും. ഇത്തരക്കാർ പുസ്തകം തുറക്കുന്നത് തന്നെ വ്യക്തമായ ലക്ഷ്യത്തോടെയായിരിക്കും. ഉദാഹരണമായി 'ഫോട്ടോസിന്തസിസ് എനിക്ക് വിശദീകരിക്കാൻ കഴിയും' അല്ലെങ്കിൽ 'മൂന്ന് തരം കാൽക്കുലസ് പ്രശ്നങ്ങൾ ഞാൻ പരിഹരിക്കും' എന്നിങ്ങനെ.
ഒരു കാര്യം വ്യക്തമായി പഠിച്ചു കഴിഞ്ഞാൽ അത് മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കാൻ സാധിക്കുമോയെന്നും ഇത്തരക്കാർ ശ്രദ്ധിക്കും. അതുകൊണ്ട് തന്നെ മികച്ച വിദ്യാർഥികൾ നന്നായി പഠിക്കുക മാത്രമല്ല, പഠിപ്പിക്കുകയും ചെയ്യും എന്ന നിഗമനത്തിലും ഗവേഷണം നടത്തിയവർ എത്തി. ബുദ്ധിശൂന്യമായ ആവർത്തനത്തിനുപകരം, ആസൂത്രണം, പരിശോധന, ക്രമീകരണം എന്നിവയാണ് ഈ വിദ്യാർഥികളെ വ്യത്യസ്തരാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

