Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻജിനീയറിങ്ങിലെ പുതിയ...

എൻജിനീയറിങ്ങിലെ പുതിയ ലോകം

text_fields
bookmark_border
എൻജിനീയറിങ്ങിലെ പുതിയ ലോകം
cancel

എൻജിനീയറിങ് എന്ന് കേൾക്കുമ്പോൾ മനസ്സിലെത്തുന്നത് സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് എന്നീ നാല് സ്ഥിരം ഓപ്ഷനുകളാണ്. എന്നാൽ, ലോകം 2026ൽ എത്തിനിൽക്കുമ്പോൾ, പഴയ സങ്കൽപങ്ങളെല്ലാം മാറിമറിഞ്ഞിരിക്കുന്നു.

പ്ലസ് ടുവിന് പഠിച്ച ഫിസിക്സും കെമിസ്ട്രിയും മാത്തമാറ്റിക്സും ബയോളജിയുമൊക്കെ വെറും പരീക്ഷാ വിഷയങ്ങളല്ല; മറിച്ച്, അവ ഓരോന്നും അതിശയിപ്പിക്കുന്ന എൻജിനീയറിങ് ശാഖകളാണെന്ന് അറിയാമോ? എൻജിനീയറിങ് ഫിസിക്സ്, എൻജിനീയറിങ് കെമിസ്ട്രി, എൻജിനീയറിങ് മാത്തമാറ്റിക്സ്, എൻജിനീയറിങ് ബയോളജി. ഇവയാണ് ഇന്നത്തെ ടെക്നോളജി ലോകത്തെ യഥാർഥ ‘ഗെയിം ചേഞ്ചേഴ്സ്’. ഈ നാല് ശാഖകളെക്കുറിച്ചും അവ തുറന്നുതരുന്ന അനന്തസാധ്യതകളെക്കുറിച്ചും നമുക്കൊന്ന് പരിശോധിക്കാം.

1 ബി.ടെക് എൻജിനീയറിങ് ഫിസിക്സ്

ശുദ്ധമായ ഭൗതികശാസ്ത്ര സിദ്ധാന്തങ്ങളെ എങ്ങനെ കൈയിൽ തൊടാവുന്ന സാങ്കേതികവിദ്യയാക്കി മാറ്റാം എന്നാണ് ഇവിടെ പഠിക്കുന്നത്. സാധാരണ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ നിങ്ങൾ വൈദ്യുതിെയക്കുറിച്ച് പഠിക്കുന്നു. എന്നാൽ, എൻജിനീയറിങ് ഫിസിക്സിൽ നിങ്ങൾ ഇലക്ട്രോൺ എങ്ങനെ ആറ്റത്തിനുള്ളിൽ നൃത്തം ചെയ്യുന്നു എന്നും (ക്വാണ്ടം മെക്കാനിക്സ്), ആ നൃത്തത്തെ ഉപയോഗിച്ച് എങ്ങനെ സൂപ്പർ കമ്പ്യൂട്ടർ നിർമിക്കാം എന്നും പഠിക്കുന്നു.

പഠനവിഷയങ്ങൾ ക്വാണ്ടം മെക്കാനിക്സ്: ഭാവിയിലെ ക്വാണ്ടം കമ്പ്യൂട്ടറുകളുടെ അടിസ്ഥാനം.

നാനോ ടെക്നോളജി: അതിസൂക്ഷ്മമായ കണികകൾ ഉപയോഗിച്ച് പുതിയ പദാർഥങ്ങൾ നിർമിക്കുന്നത്.

ഫോട്ടോണിക്സ്: പ്രകാശത്തെ ഉപയോഗിച്ച് വിവരങ്ങൾ കൈമാറുന്ന വിദ്യ (ഇന്നത്തെ ഹൈ-സ്പീഡ് ഇന്റർനെറ്റിന്റെ ജീവൻ).

സ്പേസ് സയൻസ്: റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും പ്രവർത്തനം.

2 ബി.ടെക് എൻജിനീയറിങ് കെമിസ്ട്രി

എൻജിനീയറിങ് കെമിസ്ട്രി എന്നത് ‘തന്മാത്രകളുടെ വാസ്തുവിദ്യ’ (മോളിക്യുളർ ആർകിടെക്ചർ) ആണ്. ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നത് ഈ ശാഖയാണ്.

പഠനവിഷയങ്ങൾ

മെറ്റീരിയൽ സയൻസ്: ഭാരം കുറഞ്ഞതും എന്നാൽ, ഇരുമ്പിനേക്കാൾ കരുത്തുള്ളതുമായ പുതിയ ലോഹസങ്കരങ്ങൾ കണ്ടെത്തുക.

ബാറ്ററി ടെക്നോളജി: ഇലക്ട്രിക് വാഹനങ്ങൾക്കായി അഞ്ച് മിനിറ്റിൽ ചാർജ് ചെയ്യാവുന്ന ബാറ്ററികൾ ഡിസൈൻ ചെയ്യുക.

പോളിമർ എൻജിനീയറിങ്: പരിസ്ഥിതി സൗഹൃദമായ പ്ലാസ്റ്റിക്കുകളും സിന്തറ്റിക് ഫൈബറുകളും.

ഗ്രീൻ കെമിസ്ട്രി: മലിനീകരണമില്ലാത്ത ഇന്ധനങ്ങളും ഊർജസ്രോതസ്സുകളും.

3 ബി.ടെക് എൻജിനീയറിങ് മാത്തമാറ്റിക്സ്

കണക്ക് ഒരു ഭാഷയാണ്. ആ ഭാഷ ഉപയോഗിച്ച് ലോകത്തെ എല്ലാ സങ്കീർണമായ പ്രശ്നങ്ങളെയും എങ്ങനെ പരിഹരിക്കാം എന്നാണ് ഇവിടെ പഠിക്കുന്നത്. ഐ.ഐ.ടികളിൽ ‘മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിങ്’ എന്ന പേരിലാണ് ഈ കോഴ്സ് അറിയപ്പെടുന്നത്.

പഠനവിഷയങ്ങൾ

അൽഗോരിതം ഡിസൈൻ: ഗൂഗ്ൾ സെർച്ച് മുതൽ സോഷ്യൽ മീഡിയ ഫീഡുകൾ വരെ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കുന്ന വിദ്യ.

ക്രിപ്റ്റോഗ്രാഫി: സൈബർ സുരക്ഷയും ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയും.

ഫിനാൻഷ്യൽ മാത്തമാറ്റിക്സ്: സ്റ്റോക്ക് മാർക്കറ്റിലെ മാറ്റങ്ങൾ ഗണിതത്തിലൂടെ പ്രവചിക്കുക.

ഡേറ്റ സയൻസ്: കോടിക്കണക്കിന് വിവരങ്ങളിൽനിന്ന് അർഥവത്തായ കാര്യങ്ങൾ കണ്ടെത്തുക.

4 ബി.ടെക് എൻജിനീയറിങ് ബയോളജി

21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിപ്ലവം നടക്കാൻ പോകുന്നത് ഈ ശാഖയിലാണ്. ജീവനെ വെറുമൊരു പ്രകൃതി പ്രതിഭാസമായി കാണാതെ, അതിനെ ഒരു സോഫ്റ്റ്‌വെയർ ആയി കാണുന്ന വിദ്യയാണിത്. ജീവകോശങ്ങളെയും ഡി.എൻ.എയെയുമൊക്കെ റീ-പ്രോഗ്രാം ചെയ്ത് പുതിയ കാര്യങ്ങൾ നിർമിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ചില പഠനവിഷയങ്ങൾ

സിന്തറ്റിക് ബയോളജി: പ്രകൃതിയിലില്ലാത്ത പുതിയ ജീവകോശങ്ങളെ ലാബിൽ നിർമിക്കുക.

ബയോ ഇൻഫോർമാറ്റിക്സ്: മനുഷ്യശരീരത്തിലെ വിവരങ്ങളെ കമ്പ്യൂട്ടർ ഉപയോഗിച്ച് പഠിക്കുക.

ടിഷ്യു എൻജിനീയറിങ്: ലബോറട്ടറിയിൽ പുതിയ അവയവങ്ങൾ (ഹൃദയം, കണ്ണ് തുടങ്ങിയവ) വളർത്തിയെടുക്കുക.

ജനറ്റിക് എൻജിനീയറിങ്: ജീനുകളിൽ മാറ്റം വരുത്തി ജന്മനായുള്ള രോഗങ്ങൾ ഇല്ലാതാക്കുക.

നിർമിത ബുദ്ധിയുടെ കാലത്ത് ഈ കോഴ്സുകൾ ബുദ്ധിപരമാണോ?

എല്ലാം എ.ഐ ചെയ്യുന്ന കാലത്ത് ഇത്തരം കോഴ്സുകൾ പഠിച്ചിട്ട് എന്ത് കാര്യം എന്ന ചോദ്യം സ്വഭാവികം. എന്നാൽ, എ.ഐക്ക് ചെയ്യാൻ കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. എ.ഐക്ക് നിലവിലുള്ള വിവരങ്ങൾ വെച്ച് കോഡിങ് ചെയ്യാം. എന്നാൽ, ഫിസിക്സിലെ ഒരു പുതിയ തത്ത്വം കണ്ടെത്താനോ, ഒരിക്കലും ഇല്ലാത്ത ഒരു പുതിയ കെമിക്കൽ കണ്ടുപിടിക്കാനോ, മനുഷ്യകോശത്തെ റീ-പ്രോഗ്രാം ചെയ്യാനോ എ.ഐക്ക് സ്വന്തമായി കഴിയില്ല. അതിന് ഈ വിഷയങ്ങളിൽ ആഴത്തിൽ അറിവുള്ള മനുഷ്യർതന്നെ വേണം.

എ.ഐ പ്രവർത്തിക്കാൻ വേണ്ട അൽഗോരിതങ്ങൾ നിർമിക്കുന്നത് മാത്തമാറ്റിക്സ് എൻജിനീയർമാരാണ്. എ.ഐ പ്രവർത്തിക്കുന്ന ചിപ്പുകൾ നിർമിക്കുന്നത് ഫിസിക്സ് എൻജിനീയർമാരാണ്.

എ.ഐ ഒരു ഉപകരണംമാത്രമാണ്. അതുപയോഗിച്ച് കാലാവസ്ഥാ വ്യതിയാനം തടയാനോ, കാൻസറിന് മരുന്ന് കണ്ടുപിടിക്കാനോ ഈ നാല് ശാഖകളിലെ വിദഗ്ധർക്കേ കഴിയൂ.

ചുരുക്കത്തിൽ, സാധാരണ എൻജിനീയറിങ് ജോലികൾ എ.ഐ സ്വന്തമാക്കുമ്പോൾ, ഈ ‘സയൻസ്-എൻജിനീയറിങ്’ മേഖലകളിലെ ജോലി സാധ്യതകൾ പതിന്മടങ്ങ് വർധിക്കുകയാണ് ചെയ്യുക.

പഠിക്കേണ്ട സ്ഥാപനങ്ങൾ

ഇത്തരം സ്പെഷലൈസ്ഡ് കോഴ്സുകൾ ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളിൽ മാത്രമേ ലഭ്യമാകൂ. അവിടെ പ്രവേശനം കിട്ടുക എന്നത് ഒരു വലിയ നേട്ടമാണ്.

ഐ.ഐ.ടികൾ: ഇന്ത്യയിലെ ഏറ്റവും മികച്ച എൻജിനീയറിങ് ഫിസിക്സ്, മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിങ്, ബയോളജിക്കൽ എൻജിനീയറിങ്, ബയോളജിക്കൽ സയൻസ് കോഴ്സുകൾ ഇവിടെയാണ്. (പ്രവേശനം: ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി).

ഐ.ഐ.എസ്.സി ബാംഗ്ലൂർ: ശാസ്ത്രഗവേഷണത്തിൽ ലോകത്തുതന്നെ മുൻപന്തിയിലുള്ള ഈ സ്ഥാപനത്തിൽ മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിങ്ങിൽ ബി.ടെക് കോഴ്സും, പ്യൂർ സയൻസിൽ ബി.എസ് പ്രോഗ്രാമുകളും നൽകുന്നു.

എൻ.ഐ.ടികൾ: നമ്മുടെ കോഴിക്കോട് ഉൾപ്പെടെയുള്ള പല എൻ.ഐ.ടികളിലും ഇത്തരം ശാഖകൾ (എൻജിനീയറിങ് ഫിസിക്സ്, മാത് സ്& കമ്പ്യൂട്ടിങ്) ലഭ്യമാണ്. (പ്രവേശനം: ജെ.ഇ.ഇ മെയിൻ വഴി).

ഐസറുകൾ: തിരുവനന്തപുരം ഉൾപ്പെടെ ഇന്ത്യയിലെ ഐസറുകളിൽ, അഞ്ചു വർഷത്തെ ബി.എസ്-എം.എസ് കോഴ്സുകൾ ലഭ്യമാണ്. എൻജിനീയറിങ് എന്ന് പേരിൽ ഇല്ലെങ്കിലും ഈ വിഷയങ്ങൾ ലോകോത്തര നിലവാരത്തിൽ ഇവിടെ പഠിക്കാം. (പ്രവേശനം: ഐ.എ.ടി വഴി).

ബിറ്റ്സ് പോലുള്ള ചില സ്വകാര്യ ഡീംഡ് സ്ഥാപനങ്ങളും കോഴ്സ് നടത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationengineeringCareer News
News Summary - The new world of engineering
Next Story