സാങ്കേതിക സർവകലാശാല: ഓംബുഡ്സ്മാനെ നിയമിക്കണമെന്ന് ലോകായുക്ത
text_fieldsതിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ (കെ.ടി.യു) ഓംബുഡ്സ്മാനെ നിയമിക്കണമെന്ന് ലോകായുക്ത. യു.ജി.സി ചട്ടപ്രകാരം പരാതി പരിഹാരത്തിന് ഓംബുഡ്സ്മാനെ നിയമിക്കണമെന്നും ഇക്കാര്യത്തിൽ സർവകലാശാലയുടേത് ഗുരുതരവീഴ്ചയാണെന്നും ലോകായുക്ത ഉത്തരവില്‍ വ്യക്തമാക്കി. ജസ്റ്റിസ് സിറിയക് ജോസഫിന്റേതാണ് ഉത്തരവ്. ആറ് മാസത്തിനുള്ളിൽ ഓംബുഡ്സ്മാൻ നിയമനം നടത്തണമെന്നും ഉത്തരവില്‍ നിർദേശിച്ചു.
2014ൽ ആരംഭിച്ച സർവകലാശാലയിൽ ഇതുവരെ ഇത്തരം സംവിധാനം ഏർപ്പെടുത്താത്തത് അത്ഭുതപ്പെടുത്തുന്നെന്ന പരാമർശമാണ് ലോകായുക്ത നടത്തിയത്. അജയ് പി സമർപ്പിച്ച സ്വകാര്യ ഹരജിയിലാണ് ഉത്തരവ്. സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട നിലവിലെ വിവാദങ്ങൾ നിലനിൽക്കെയാണ് ലോകായുക്തയുടെയും ഇടപെടലുണ്ടായത്.
നിയമനം യു.ജി.സി ചട്ടപ്രകാരമല്ലെന്ന് കാട്ടി സാങ്കേതിക സർവകലാശാല വൈസ് ചാൻസലര്‍ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഡോ. രാജശ്രീ എം.എസിനെ നിയമിച്ച നടപടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. പിന്നാലെ, താൽക്കാലിക വൈസ് ചാൻസലറായി ഡോ. സി.സി. തോമസിനെ ഗവര്‍ണര്‍ നിയമിക്കുകയും ചെയ്തു. ഈ നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹരജിയില്‍ ഇടക്കാല ഉത്തരവും സ്റ്റേയും ഇല്ലെന്ന് ഹൈകോടതി കഴിഞ്ഞദിവസമാണ് വ്യക്തമാക്കിയത്. ഓംബുഡ്സ്മാൻ സംവിധാനമുണ്ടായിരുന്നെങ്കിൽ സർവകലാശാലയിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന നിരീക്ഷണമാണ് ലോകായുക്ത നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

