സി.ബി.എസ്.ഇ ത്രിഭാഷ നയം; ഇടക്കാല സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി, ജൂലൈയിൽ വാദം കേൾക്കും
text_fieldsന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷന്റെ (സി.ബി.എസ്.ഇ) ത്രിഭാഷ നയത്തിന് ഇടക്കാല സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. നയത്തെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹരജികളിൽ സി.ബി.എസ്.ഇക്ക് നോട്ടീസ് അയക്കുകയും ചെയ്തു. വിഷയം വിശദമായി പരിശോധിക്കാൻ സമ്മതിക്കുകയും കേസ് വാദം കേൾക്കുന്നതിനായി ജൂലൈ 15,16 ലേക്ക് മാറ്റിവെക്കുകയും ചെയ്തു.
സി.ബി.എസ്.ഇ ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് കുറഞ്ഞത് രണ്ട് മാതൃഭാഷകളെങ്കിലും നിർബന്ധമാക്കുന്നതാണ് പുതിയ ഭാഷാ നയം. സി.ബി.എസ്.ഇ സ്കൂളുകളിൽ ജൂലൈ ഒന്നുമുതൽ ഒമ്പതാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാക്കുന്നതിനെതിരെ മാതാപിതാക്കളിൽനിന്നും സ്കൂളുകളിൽനിന്നും വിദഗ്ധരിൽനിന്നും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
തിരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യൻ പ്രാദേശിക ഭാഷകളായിരിക്കണം. പത്താം ക്ലാസിൽ വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന മൂന്നാമത്തെ ഭാഷക്ക് ബോർഡ് പരീക്ഷ ഉണ്ടായിരിക്കില്ല. ഈ ഭാഷയുടെ മൂല്യനിർണയം പൂർണമായും സ്കൂൾ തലത്തിലായിരിക്കും. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി ബഹുഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യൻ ഭാഷകളെ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ നീക്കമെന്ന് സി.ബി.എസ്.ഇ അറിയിച്ചിരുന്നു.
നിരവധി സ്കൂളുകളും രക്ഷിതാക്കളും നടപ്പാക്കൽ വെല്ലുവിളികളെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചിരുന്നു. ഭാഷാ അധ്യാപകരുടെ കുറവ്, വർധിച്ച പാഠ്യപദ്ധതി സമ്മർദ്ദം, ബോർഡ് പരീക്ഷയില്ലാത്ത വിഷയത്തിൽ വിദ്യാർഥികളുടെ താൽപ്പര്യക്കുറവ് തുടങ്ങിയവയാണ് ഉയർത്തിയിരുന്ന ആശങ്കകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

