ന്യൂസീലാന്റിലെ പഠനസാധ്യതകൾ
text_fieldsപ്രകൃതിയും ശാന്തതയും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസവും ഒത്തുചേരുന്ന നാടാണ് ന്യൂസിലാൻറ്. ‘ദ ലാൻഡ് ഓഫ് ലോങ് വൈറ്റ് ക്ലൗഡ്’ എന്നറിയപ്പെടുന്ന ദ്വീപസമൂഹം ഇന്ന് ഇന്ത്യൻ വിദ്യാർഥികളുടെ, പ്രത്യേകിച്ച് മലയാളികളുടെ ഇഷ്ട കേന്ദ്രമായി മാറിക്കഴിഞ്ഞു. എന്താണ് ന്യൂസിലാൻറിനെ ഇത്രമേൽ പ്രിയങ്കരമാക്കുന്നത്? അവിടെ പഠിക്കാൻ പോകുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്? പ്രത്യേകിച്ച്, കുറഞ്ഞ ചെലവിൽ പഠനം പൂർത്തിയാക്കാൻ സഹായിക്കുന്ന ‘ലെവൽ 8’ എന്ന സാധ്യതയെക്കുറിച്ച് നമ്മൾ എത്രത്തോളം ബോധവാന്മാരാണ്?
എന്തുകൊണ്ട് ന്യൂസിലാന്റ്?
ന്യൂസിലാന്റിൽ പഠിക്കാൻ തീരുമാനിക്കുന്നതിന് പിന്നിൽ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. ഒന്നാമതായി, അവിടുത്തെ വിദ്യാഭ്യാസ രീതി തന്നെയാണ്. വെറുതെ പുസ്തകം മനപ്പാഠം പഠിക്കുന്ന രീതിയല്ല അവിടെയുള്ളത്. ഗവേഷണത്തിന് നൽകുന്ന പ്രാധാന്യം വളരെ വലുതാണ്. പഠിക്കുന്ന വിഷയം ഏതുമായിക്കൊള്ളട്ടെ, അതിൽ പുതിയതായി എന്തെങ്കിലും കണ്ടെത്താനും ചിന്തിക്കാനും അവിടുത്തെ സർവകലാശാലകൾ നിങ്ങളെ പ്രേരിപ്പിക്കും. രണ്ടാമത്തെ കാര്യം സുരക്ഷിതത്വമാണ്. ലോകത്തിലെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടിക എടുത്താൽ അതിൽ ആദ്യസ്ഥാനങ്ങളിൽ തന്നെ ന്യൂസിലാന്റ് ഉണ്ടാകും. മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം തൊഴിൽ സാധ്യതകളാണ്. പഠനം കഴിഞ്ഞ് അവിടെത്തന്നെ ജോലി ചെയ്ത് പരിചയം നേടാൻ സഹായിക്കുന്ന ‘പോസ്റ്റ്-സ്റ്റഡി വർക്ക് വിസ’ നിയമങ്ങൾ അവിടെ വിദ്യാർഥികൾക്ക് അനുകൂലമാണ്.
എട്ട് സർവകലാശാലകൾ
ന്യൂസിലാൻറിൽ ആകെ എട്ട് യൂനിവേഴ്സിറ്റികളാണുള്ളത്. എണ്ണം കുറവാണല്ലോ എന്ന് കരുതി അവയെ കുറച്ചുകാണരുത്. ഈ എട്ട് യൂനിവേഴ്സിറ്റികളും ലോക റാങ്കിങിൽ മികച്ച നിലവാരം പുലർത്തുന്നവയാണ്. സർക്കാർ നിയന്ത്രണത്തിലുള്ള ഈ സ്ഥാപനങ്ങൾ ഓരോന്നും ഓരോ മേഖലയിൽ പ്രഗത്ഭരാണ്.
1. യൂനിവേഴ്സിറ്റി ഓഫ് ഓക്ക്ലാൻഡ്: ന്യൂസിലാൻറിലെ ഏറ്റവും വലുതും പ്രശസ്തവുമായ സർവകലാശാലയാണിത്. ലോകത്തിലെ മികച്ച 100 സർവകലാശാലകളുടെ പട്ടികയിൽ പലപ്പോഴും ഇടംപിടിക്കാറുള്ള ഈ സ്ഥാപനം ഓക്ക്ലാൻഡ് സിറ്റിയുടെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഏത് കോഴ്സ് എടുത്താലും മികച്ച നിലവാരം ഉറപ്പാണ്.
2. യൂനിവേഴ്സിറ്റി ഓഫ് ഒട്ടാഗോ: ന്യൂസിലാൻറിലെ ഏറ്റവും പഴയ സർവകലാശാല. ഡുനെഡിൻ എന്ന നഗരത്തിലാണ് ഇത്. മെഡിസിൻ, ഹെൽത്ത് സയൻസ്, ഫിസിയോതെറാപ്പി തുടങ്ങിയ കോഴ്സുകൾക്ക് പോകാൻ ഉദ്ദേശിക്കുന്നവർക്ക് ഇതിലും മികച്ചൊരു ഓപ്ഷൻ ഇല്ലെന്ന് തന്നെ പറയാം.
3. വിക്ടോറിയ യൂനിവേഴ്സിറ്റി ഓഫ് വെല്ലിംഗ്ടൺ: തലസ്ഥാന നഗരമായ വെല്ലിംഗ്ടണിലാണ് ഈ സർവകലാശാല. സ്വാഭാവികമായും നിയമം, രാഷ്ട്രീയം, ഹ്യുമാനിറ്റീസ് തുടങ്ങിയ വിഷയങ്ങൾ പഠിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം ഇതാണ്.
4. യൂനിവേഴ്സിറ്റി ഓഫ് കാന്റർബറി: ക്രൈസ്റ്റ് ചർച്ചിലുള്ള ഈ സർവകലാശാല എൻജിനീയറിങ് പഠനത്തിന് പേരുള്ളതാണ്. ലോകോത്തര നിലവാരമുള്ള ലാബുകളും സൗകര്യങ്ങളും ഇവിടെയുണ്ട്.
5. മാസി യൂനിവേഴ്സിറ്റി: ന്യൂസിലാൻറിലെ കാർഷിക മേഖലയുമായി ചേർന്നുനിൽക്കുന്ന സർവകലാശാലയാണിത്. അഗ്രികൾച്ചർ, വെറ്ററിനറി സയൻസ്, ഏവിയേഷൻ എന്നീ കോഴ്സുകൾക്ക് മാസി യൂനിവേഴ്സിറ്റി വളരെ പ്രശസ്തമാണ്.
6. യൂനിവേഴ്സിറ്റി ഓഫ് വൈക്കാറ്റോ: മാനേജ്മെന്റ് പഠനത്തിനും (വൈക്കാറ്റോ മാനേജ്മെന്റ് സ്കൂൾ വളരെ പ്രശസ്തമാണ്), ഐ.ടി, കമ്പ്യൂട്ടർ സയൻസ് കോഴ്സുകൾക്കും ധൈര്യമായി തിരഞ്ഞെടുക്കാവുന്ന സ്ഥാപനം.
7. ലിങ്കൺ യൂനിവേഴ്സിറ്റി: കൃഷി, ലാൻഡ് ബേസ്ഡ് പഠനങ്ങൾ എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത ചെറിയൊരു സർവകലാശാലയാണിത്. പക്ഷേ, ഈ മേഖലയിൽ അവർ നൽകുന്ന അറിവ് വളരെ വലുതാണ്.
8. ഓക്ക്ലാൻഡ് യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി: പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ടെക്നോളജി, ഡിസൈൻ, ആർട്ട് തുടങ്ങിയ ന്യൂ-ജെൻ കോഴ്സുകൾക്ക് പേരുകേട്ട സർവകലാശാല. പ്രായോഗിക പഠനത്തിന് ഇവർ വലിയ പ്രാധാന്യം നൽകുന്നു.
പഠിക്കാൻ എന്ത് തിരഞ്ഞെടുക്കണം?
അഗ്രികൾച്ചർ, വെറ്ററിനറി സയൻസ് എന്നീ കോഴ്സുകൾക്ക് ന്യൂസീലാൻഡിൽ വലിയ ഡിമാൻഡാണ്. ഡയറി ഫാമിങ്, ഹോർട്ടികൾച്ചർ തുടങ്ങിയ മേഖലകളിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാങ്കേതികവിദ്യകൾ പഠിക്കാൻ അവിടെ അവസരമുണ്ട്. എന്നാൽ അത് മാത്രമല്ല, എൻജിനീയറിങ്(സിവിൽ, കൺസ്ട്രക്ഷൻ, മെക്കാനിക്കൽ), ഐ.ടി(ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി, സോഫ്റ്റ്വെയർ ഡെവലപ്മെന്റ്) എന്നീ മേഖലകളിലും വലിയ തൊഴിലവസരങ്ങൾ അവിടെയുണ്ട്. ന്യൂസിലാൻറിന്റെ സമ്പദ്വ്യവസ്ഥയിൽ ടൂറിസത്തിന് വലിയ പങ്കുള്ളതുകൊണ്ട് ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം മാനേജ്മെന്റ് പഠിക്കുന്നവർക്കും നല്ല ഭാവിയുണ്ട്. കൂടാതെ, ബിസിനസ് അഡ്മിനിസ്ട്രേഷൻ(എം.ബി.എ), അക്കൗണ്ടിങ്, ഫിനാൻസ് തുടങ്ങിയ കോഴ്സുകളും ധാരാളമായി തിരഞ്ഞെടുക്കുന്നുണ്ട്.
അഡ്മിഷൻ കടമ്പകൾ: അറിയേണ്ടത്
അക്കാദമിക് യോഗ്യത: ഡിഗ്രി പഠനത്തിനാണ് പോകുന്നതെങ്കിൽ പ്ലസ് ടുവിൽ മികച്ച മാർക്ക് നിർബന്ധമാണ്. സാധാരണയായി 75തമാനം അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്കുള്ളവർക്കാണ് നല്ല സർവകലാശാലകളിൽ അഡ്മിഷൻ കിട്ടാൻ എളുപ്പം. ഇനി നിങ്ങൾ പി.ജി പഠനത്തിനാണ് പോകുന്നതെങ്കിൽ, ഡിഗ്രിക്ക് കുറഞ്ഞത് 55-60ശതമാനം മാർക്കെങ്കിലും ഉണ്ടായിരിക്കണം. ചില പ്രൊഫഷണൽ കോഴ്സുകൾക്ക് ഇതിലും കൂടുതൽ മാർക്ക് ആവശ്യമായി വന്നേക്കാം. ബാക്ക്ലോഗുകൾ പരമാവധി കുറവായിരിക്കുന്നതാണ് നല്ലത്. ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം: ഇത് വളരെ പ്രധാനമാണ്. ഇംഗ്ലീഷ് മാതൃഭാഷയല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ തങ്ങളുടെ ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കണം. ഇതിനായി IELTS, PTE അല്ലെങ്കിൽ TOEFL എന്നിവയിൽ ഏതെങ്കിലും ഒന്ന് എഴുതണം.
സ്കോളർഷിപ്പുകൾ: ന്യൂസിലാൻറിൽ മിടുക്കരായ വിദ്യാർഥികൾക്ക് ആശ്വാസമായി ഒട്ടനവധി സ്കോളർഷിപ്പുകളുണ്ട്. ‘മനാക്കി ന്യൂസിലാന്റ് സ്കോളർഷിപ്പ്’ ന്യൂസിലാന്റ് സർക്കാർ നേരിട്ട് നൽകുന്നതാണ്. ഇതിൽ ട്യൂഷൻ ഫീസ് മുഴുവനായും ഇവർ വഹിക്കും. കൂടാതെ, ജീവിക്കാനുള്ള ചെലവിനായി നല്ലൊരു തുക രണ്ടാഴ്ച കൂടുമ്പോൾ അക്കൗണ്ടിലെത്തും. ഇതുകൂടാതെ, ഓരോ സർവകലാശാലയും അവരുടേതായ സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. ‘ലെവൽ 8’ എന്ന ഗെയിം ചെയ്ഞ്ചർ സംബന്ധിച്ച അടുത്ത ലക്കത്തിൽ വായിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

