വിദ്യാർഥികളേ, ഐ.എസ്.ആർ.ഒ വിളിക്കുന്നു: 10ാം ക്ലാസിലേക്ക് പ്രവേശിക്കുന്ന രാജ്യത്തെ 150 വിദ്യാർഥികൾക്കാണ് അവസരം
text_fieldsതിരുവനന്തപുരം: ശാസ്ത്രവും ചരിത്രവും വളച്ചൊടിക്കുന്ന കാലത്ത് പുതുതലമുറക്ക് ബഹിരാകാശ ശാസ്ത്ര-സാങ്കേതിക മേഖലയിലെ പുത്തൻ പ്രവണതകളെക്കുറിച്ച് പഠിക്കാനും അറിയാനും പ്രത്യേക പദ്ധതിയുമായി ഇന്ത്യൻ സ്‌പേസ് റിസർച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ). യങ് സയൻറിസ്റ്റ് പ്രോഗ്രാമിന് കീഴിൽ (യുവിക) രാജ്യത്തെ മിടുമിടുക്കരായ 150 വിദ്യാർഥികൾക്കാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം സന്ദർശിക്കാനും പ്രമുഖരായ ശാസ്ത്രജ്ഞരോട് സംവദിക്കാനും അവർക്ക് കീഴിൽ പഠിക്കാനും അവസരം ഒരുങ്ങുന്നത്.
അടുത്ത അധ്യയന വർഷം 10ാം ക്ലാസിലേക്ക് പ്രവേശിക്കുന്ന ശാസ്ത്ര- സാങ്കേതിക -എൻജിനീയറിങ്- മാത്തമാറ്റിക്സ് മേഖലകളിൽ ഗവേഷണവും ഭാവി തൊഴിൽ ജീവിതവും കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവരെയാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്. മേയ് 16 മുതൽ 28വരെ തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്‍റർ (വി.എസ്.എസ്.സി), ബംഗളൂരു യു.ആർ. റാവു സാറ്റലൈറ്റ് സെന്‍റർ (യു.ആർ.എസ്.സി), അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്‍റർ (എസ്.എ.സി), ഹൈദരാബാദ് നാഷനൽ റിമോട്ട് സെൻസിങ് സെന്‍റർ (എൻ.ആർ.എസ്.സി), ഷില്ലോങ്ങിലെ നോർത്ത് - ഈസ്റ്റ് സ്പേസ് ആപ്ലിക്കേഷൻ സെന്‍റർ എന്നിവിടങ്ങളിലായാണ് പരിശീലനവും ക്ലാസുകളും.
ഐ.എസ്.ആർ.ഒയുടെ റോക്കറ്റ് നിർമാണ കേന്ദ്രങ്ങൾ, ലാബുകൾ, പരീക്ഷണാത്മക വിക്ഷേപണങ്ങൾ കാണാനുള്ള സൗകര്യം, രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരുമായി കൂട്ടിക്കാഴ്ച, സംവാദം, ചർച്ചകൾക്കായുള്ള പ്രത്യേക സെഷനുകൾ എന്നിവ വിദ്യാർഥികൾക്ക് ലഭിക്കും. പരിശീലന കാലയളവിൽ വിദ്യാർഥികളുടെ യാത്രച്ചെലവും പഠന സാമഗ്രികളും താമസസൗകര്യവും ഐ.എസ്.ആർ.ഒ നൽകും.
ഐ.എസ്.ആർ.ഒയുടെ വെബ്സൈറ്റ് വഴി ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്താൽ 48 മണിക്കൂറിനുള്ളിൽ കുട്ടിയുടെ ശാസ്ത്ര അഭിരുചി അളക്കുന്ന 30 മിനിറ്റ് ഓൺലൈൻ ക്വിസ് മത്സരം നടത്തും. എ,ബി,സി എന്നീ വിഭാഗങ്ങളിലായി 30 ചോദ്യങ്ങളാണ് ഉണ്ടാവുക. 'എ' വിഭാഗത്തിൽ ശരിയുത്തരത്തിന് മൂന്ന് മാർക്ക് നൽകും. തെറ്റായ ഉത്തരമാണെങ്കിൽ ഒരു മാർക്ക് കുറക്കും. 'ബി' വിഭാഗത്തിൽ ശരിയുത്തരത്തിന് ആറ് മാർക്ക് ലഭിക്കുകയും തെറ്റിയ ഉത്തരത്തിന് രണ്ട് മാർക്ക് കുറക്കുകയും ചെയ്യും. 'സി' വിഭാഗത്തിൽ ശരിയുത്തരത്തിന് ഒമ്പത് മാർക്ക് ലഭിക്കും.
തെറ്റിയ ഉത്തരത്തിന് മൂന്ന് മാർക്ക് കുറയും. ഒരുതവണ ഉത്തരം രേഖപ്പെടുത്തിയാൽ തിരുത്താൻ അവസരമുണ്ടാകില്ല. ഓൺലൈൻ മത്സരവേളയിൽ ഉത്തരം രേഖപ്പെടുത്താതെ പോകുന്ന ചോദ്യത്തിന് പിന്നീട് അവസരം ലഭിക്കില്ല. മത്സരം പൂർത്തിയാക്കുന്ന മുറക്ക് സർട്ടിഫിക്കറ്റുകൾ ഐ.എസ്.ആർ.ഒയുടെ സൈറ്റിൽ അപ്ലോഡ് ചെയ്യണം. ഏപ്രിൽ 10വരെയാകും രജിസ്ട്രേഷൻ. ഏപ്രിൽ 20ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ താൽക്കാലിക പട്ടിക പ്രസിദ്ധീകരിക്കും.
തെരഞ്ഞെടുപ്പ് ഇങ്ങനെ
• ഓൺലൈൻ ക്വിസിലെ പ്രകടനം
• എട്ടാം ക്ലാസ് പരീക്ഷയിൽ ലഭിച്ച മാർക്ക്
•കഴിഞ്ഞ മൂന്നു വർഷങ്ങളിൽ സയൻസ് ഫെയറിൽ (സ്കൂൾ / ജില്ല / സംസ്ഥാനം, കേന്ദ്ര സർക്കാർ സംഘടിപ്പിച്ച) പങ്കാളിത്തം
•കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ഒളിമ്പ്യാഡ് / സയൻസ് മത്സരങ്ങളിലെ സമ്മാനം
•കഴിഞ്ഞ മൂന്നു വർഷങ്ങളിൽ സ്കൂൾ/ സർക്കാർ നടത്തിയ കായിക മത്സരങ്ങളിലെ വിജയി
•കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ സ്ഥാപനങ്ങൾ / രജിസ്റ്റർ ചെയ്ത സ്പോർട്സ് ഫെഡറേഷൻ മത്സരങ്ങളിലെ വിജയി (ഓൺലൈൻ ഗെയിമുകൾ പരിഗണിക്കില്ല)
•കഴിഞ്ഞ മൂന്നു വർഷങ്ങളിൽ സ്കൗട്സ് ആൻഡ് ഗൈഡ്സ്/എൻ.സി.സി/എൻ.എസ്.എസ് അംഗം
•പഞ്ചായത്ത് പരിധിയിലെ സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക വെയിറ്റേജ്