Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാനഡ പഠന പെർമിറ്റ്...

കാനഡ പഠന പെർമിറ്റ് നിയമങ്ങളിൽ കർശന മാറ്റങ്ങൾ: ഇന്ത്യൻ വിദ്യാർഥികൾ അറിയേണ്ട കാര്യങ്ങൾ

text_fields
bookmark_border
കാനഡ പഠന പെർമിറ്റ് നിയമങ്ങളിൽ കർശന മാറ്റങ്ങൾ: ഇന്ത്യൻ വിദ്യാർഥികൾ അറിയേണ്ട കാര്യങ്ങൾ
cancel

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസത്തിനും തുടർന്ന് സ്ഥിരതാമസത്തിനുമായി ഇന്ത്യൻ വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് കാനഡ. എന്നാൽ കാനഡ സ്വപ്നം സങ്കീർണമാക്കിക്കൊണ്ട് അന്താരാഷ്ട്ര വിദ്യാർഥികൾ സമർപ്പിക്കുന്ന സാമ്പത്തിക രേഖകൾ കൂടുതൽ കർശനമായി പരിശോധിക്കാൻ തുടങ്ങിയിരിക്കുകയാണ്. അക്കൗണ്ടിലുള്ള തുക മാത്രമല്ല, പണ സ്രോതസ്, അതിന്‍റെ സ്ഥിരത എത്രത്തോളം, കോഴ്‌സ് പൂർത്തിയാകുന്നത് വരെ വിദ്യാർഥിയെ അത് എങ്ങനെ സഹായിക്കും തുടങ്ങിയ കാര്യങ്ങളാണ് വിസ ഓഫിസർമാർ പരിശോധിക്കുന്നത്.

ബാങ്ക് സ്റ്റേറ്റ്‌മെന്‍റുകൾ, വരുമാന സ്രോതസുകൾ, വിദ്യാഭ്യാസ വായ്പകൾ, സ്പോൺസർമാരുടെ സാമ്പത്തിക സ്ഥിതി, പെട്ടെന്ന് പണമാക്കി മാറ്റാവുന്ന ആസ്തികൾ എന്നിവക്കാണ് പുതിയ പരിശോധനയിൽ കൂടുതൽ പ്രാധാന്യം നൽകുന്നത്. സാമ്പത്തിക രേഖകളിൽ വ്യക്തതയില്ലാതിരിക്കുകയോ തെളിയിക്കാൻ ബുദ്ധിമുട്ട് നേരിടുകയോ ചെയ്താൽ അധിക രേഖകൾ ആവശ്യപ്പെടുകയോ വിസ നിരസിക്കപ്പെടുകയോ ചെയ്യാം. കാനഡയിലേക്ക് പഠന പെർമിറ്റിനായി അപേക്ഷിക്കുന്നവരിൽ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്.

കാനഡയുടെ പഠന പെർമിറ്റ് പരിശോധനാ രീതിയിൽ വന്ന മാറ്റങ്ങൾ

പുതിയ രീതി പ്രകാരം, ട്യൂഷൻ ഫീസ്, താമസച്ചെലവുകൾ, യാത്രാ ചെലവുകൾ എന്നിവ കണ്ടെത്താൻ വിദ്യാർഥികൾ കാണിക്കുന്ന പണം പര്യാപ്തമാണോ എന്ന് ഓഫീസർമാർ പരിശോധിക്കും.

ഇനിപ്പറയുന്ന കാര്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്:

  • പണം എവിടെ നിന്നു വന്നു എന്നത് വ്യക്തമാക്കണം.
  • സാമ്പത്തിക സഹായത്തിന്‍റെ സ്ഥിരത.
  • പഠനകാലയളവ് മുഴുവൻ പണം ലഭ്യമോ എന്നത്.
  • സ്പോൺസർമാരുടെ വിശ്വാസ്യത.
  • വരുമാന രേഖകളും ബാങ്ക് സ്റ്റേറ്റ്‌മെന്‍റുകളും

സാമ്പത്തിക രേഖകൾ വ്യക്തമല്ലെങ്കിൽ ദീർഘകാലത്തെ സാമ്പത്തിക ഇടപാടിന്‍റെ രേഖകൾ, സ്പോൺസർമാരുടെ തൊഴിൽ രേഖകൾ അല്ലെങ്കിൽ വരുമാന തെളിവുകൾ എന്നിവ അധികമായി ഹാജരാക്കാൻ ആവശ്യപ്പെടാം. വിസ ആവശ്യങ്ങൾക്കായി മാത്രം പെട്ടെന്ന് സംഘടിപ്പിച്ച താൽക്കാലിക നിക്ഷേപങ്ങളെയോ കടം വാങ്ങിയ പണത്തെയോ വിദ്യാർഥികൾ ആശ്രയിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.

കുടുംബത്തിന്‍റെ സമ്പാദ്യം, വിദ്യാഭ്യാസ വായ്പകൾ, സ്ഥിര നിക്ഷേപങ്ങൾ, വസ്തു ഈടായുള്ള ധനസഹായം എന്നിവയിലൂടെയാണ് ധാരാളം ഇന്ത്യൻ വിദ്യാർഥികൾ വിദേശ വിദ്യാഭ്യാസം കണ്ടെത്തുന്നത്.


വിസക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ കൈവശം വെക്കേണ്ട രേഖകൾ

  • സ്ഥിരമായ ബാലൻസും വലിയ നിക്ഷേപങ്ങൾക്കുള്ള വിശദീകരണങ്ങളും കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്‍റുകൾ.
  • സ്പോൺസർമാരുടെ സാലറി സ്ലിപ്പുകൾ, ആദായ നികുതി റിട്ടേണുകൾ അല്ലെങ്കിൽ ബിസിനസ് വരുമാന രേഖകൾ.
  • അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ വായ്പകളുടെ അന്തിമ അനുമതി പത്രങ്ങൾ.
  • സ്ഥിര നിക്ഷേപങ്ങൾ പോലെയുള്ള ലിക്വിഡ് സേവിങ്സ്, നിക്ഷേപങ്ങൾ എന്നിവയുടെ തെളിവുകൾ.
  • സ്കോളർഷിപ്പ് അല്ലെങ്കിൽ സ്പോൺസർഷിപ്പ് രേഖകൾ (ബാധകമെങ്കിൽ).
  • ട്യൂഷൻ ഫീസ് അടച്ചതിന്‍റെ രസീതുകൾ.
  • മാതാപിതാക്കളുടെയോ സ്പോൺസർമാരുടെയോ സാമ്പത്തിക സഹായക്കത്തുകൾ.

മധ്യവർഗ ഇന്ത്യൻ കുടുംബങ്ങളെ കൂടുതൽ ബാധിക്കുമോ?

സാമ്പത്തിക പരിമിതിയുള്ള കുടുംബങ്ങൾക്ക് രേഖകൾ സമർപ്പിക്കുന്നത് കൂടുതൽ വെല്ലുവിളിയായേക്കാമെങ്കിലും കർശനമായ ഈ പരിശോധനകൾ ഒരു പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല. അപേക്ഷകളുടെ മൊത്തത്തിലുള്ള ഗുണനിലവാരം ഉയർത്താനാണ് ഈ മാറ്റങ്ങൾ. കൃത്യമായ വരുമാന സ്രോതസുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഉയർന്ന വരുമാനമുള്ള അപേക്ഷകർക്ക് പോലും വിസ വൈകുകയോ നിരസിക്കപ്പെടുകയോ ചെയ്യാം.

കാനഡയുടെ സ്റ്റഡി-ടു-പി.ആർ വഴികളെക്കുറിച്ച് വിദ്യാർഥികൾ പുനർചിന്തനം നടത്തണമോ?

പഠനത്തിനു ശേഷമുള്ള തൊഴിൽ അവസരങ്ങളും സ്ഥിരതാമസത്തിനുള്ള സാധ്യതകളും കാരണമാണ് ഇന്ത്യൻ വിദ്യാർഥികൾ പരമ്പരാഗതമായി കാനഡയെ തെരഞ്ഞെടുത്തിരുന്നത്. എന്നാൽ രാജ്യം ഇപ്പോൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. വ്യക്തമായ അക്കാദമിക് പ്ലാനുകളുള്ള വിദ്യാർത്ഥികൾക്കാണ് രാജ്യം ഇപ്പോൾ മുൻഗണന നൽകുന്നത് എന്നതാണ് ഈ മാറ്റങ്ങൾ വ്യക്തമാക്കുന്നത്.

2027 അക്കാദമിക് വർഷത്തിലേക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?

2027-ലെ പ്രവേശനത്തിനായി അപേക്ഷിക്കാൻ പദ്ധതിയിടുന്ന വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട മൂന്ന് പ്രധാന കാര്യങ്ങൾ

സാമ്പത്തിക ആസൂത്രണം നേരത്തെ ആരംഭിക്കുക: അവസാന നിമിഷം പണം കണ്ടെത്താനുള്ള നെട്ടോട്ടം ഒഴിവാക്കുക. പണത്തിന്‍റെ ഓരോ ഉറവിടവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

വിശ്വസനീയമായ വിവരങ്ങൾ ഉപയോഗിക്കുക: കുടിയേറ്റ നിയമങ്ങളിൽ നിരന്തരം മാറ്റങ്ങൾ വരുന്നതിനാൽ, അനൗദ്യോഗിക ഉപദേശങ്ങളെ ആശ്രയിക്കാതെ ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കുക.

വിസക്ക് അപ്പുറമുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യുക: ഒരു കോഴ്‌സ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ട്യൂഷൻ ഫീസ്, താമസം, ജീവിതച്ചെലവുകൾ, കരിയർ ലക്ഷ്യങ്ങൾ എന്നിവ മുൻകൂട്ടി കണക്കാക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CanadaIndian Studentabroad studiesStudy in Canada
News Summary - Strict changes to Canada study permit rules
Next Story