
നീറ്റ് പരീക്ഷക്കെതിരായ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് തമിഴ്നാട് സർക്കാർ
text_fieldsചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ് പരീക്ഷ) എതിരായ ബിൽ തമിഴ്നാട് നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷം ബില്ലിനെ അനുകൂലിച്ചു. ഇതോടെ രാജ്യത്ത് നീറ്റ് പരീക്ഷക്കെതിരെ ആദ്യം രംഗത്തെത്തുന്ന സംസ്ഥാനമാകും തമിഴ്നാട്.
പ്ലസ്ടു മാർക്കിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോഴ്സിന് പ്രവേശനം ലഭ്യമാക്കണമെന്നാണ് ബില്ലിലെ ആവശ്യം. സാമൂഹിക നീതിയും തുല്യതയും ഉറപ്പാക്കുന്നതിനൊപ്പം എല്ലാവർക്കും അവസരം നൽകി വിദ്യാർഥി സമൂഹങ്ങളെ വിവേചനങ്ങളിൽനിന്ന് സംരക്ഷിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കൂടി മെഡിക്കൽ, ഡെന്‍റൽ കോഴ്സുകളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനാണ് നീക്കം.
കഴിഞ്ഞദിവസം നീറ്റ് പരീക്ഷ പേടിയെ തുടർന്ന് ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്തിരുന്നു. ഇതാണ് ബിൽ വേഗത്തിലാക്കാൻ തമിഴ്നാടിനെ പ്രേരിപ്പിച്ചത്. അധികാരത്തിലെത്തിയാൽ നീറ്റ് ഒഴിവാക്കുമെന്ന് ഡി.എം.കെ തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയിരുന്നു.
രാജ്യമെമ്പാടും ഒറ്റ പരീക്ഷയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്തുന്നതോടെ സർക്കാർ സ്കൂളിൽ പഠിച്ചിറങ്ങുന്ന പാവപ്പെട്ട വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. നീറ്റ് പരീക്ഷ വഴി സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് മെഡിക്കൽ പ്രവേശനം നിഷേധിക്കപ്പെടുന്നുവെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
സേലം മേട്ടൂർ സ്വദേശി ധനുഷ് എന്ന 18കാരനെയാണ് കഴിഞ്ഞദിവസം ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. ധനുഷ് രണ്ടുതവണ നീറ്റ് പരീക്ഷ എഴുതിയിരുന്നെങ്കിലും ജയിക്കാനായിരുന്നില്ല. ഇത്തവണയും ജയിക്കാൻ കഴിയുമോ എന്ന പേടിയാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും കുടുംബം പറഞ്ഞു. 2018ൽ അനിത എന്ന വിദ്യാർഥിനിയുടെ ആത്മഹത്യയും നീറ്റ് പരീക്ഷക്കെതിരായ വൻ പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ടിരുന്നു. വിദ്യാർഥിയുടെ ആത്മഹത്യയോടെ ഈ രീതി അവസാനിപ്പിക്കണമെന്നും രാജ്യത്തെ മറ്റ് മുഖ്യമന്ത്രിമാരും ഇതിനെതിരെ രംഗത്തെത്തണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
