തിരുവനന്തപുരം: എസ്.എസ്.എൽ.സി ഉത്തരക്കടലാസ് മൂല്യനിർണയം ഇൗ മാസം 18ന് ആരംഭിക്കും. ആകെയുള്ള 54 മൂല്യനിർണയ ക്യാമ്പുകളിൽ 38 ക്യാമ്പുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. പൂർത്തിയാകാനുള്ള ഗണിതം, ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെയും അറബിക്, ഉർദു, സംസ്കൃതം എന്നിവയുടെയും ഒഴികെ ക്യാമ്പുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്.
അവശേഷിക്കുന്ന മൂന്ന് പരീക്ഷകൾ ഇൗ മാസം 26, 27, 28 തീയതികളിൽ നടത്താനാണ് തീരുമാനം. കോവിഡ് കെയർ സെൻററുകളായി പ്രവർത്തിക്കുന്ന മൂല്യനിർണയ ക്യാമ്പുകൾ 16നകം മൂല്യനിർണയത്തിനായി സജ്ജമാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ പ്രവർത്തനസജ്ജമാക്കാൻ കഴിയാത്ത സെൻററുകൾ ഉണ്ടെങ്കിൽ അവയും റെഡ്സോൺ/ ഹോട്സ്പോട്ട് മേഖലയിലുള്ള ക്യാമ്പുകളും 18 മുതൽ ആരംഭിക്കേണ്ടതില്ല.
ഇൗ ക്യാമ്പുകളുടെ വിവരം ജില്ല വിദ്യാഭ്യാസ ഒാഫിസർമാർ അറിയിക്കണം. ഒാൺലൈനായി തയാറാക്കിയ ഉത്തര സൂചിക മൂല്യനിർണയ ക്യാമ്പുകളിലേക്ക് അയച്ചിട്ടുണ്ട്. രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം ബുധനാഴ്ച 88 കേന്ദ്രങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. രണ്ടാം ദിവസമായ വ്യാഴാഴ്ച 45 ശതമാനം അധ്യാപകർ ഹാജരായി.