എസ്.എസ്.എൽ.സി: 20 ശതമാനം മാർക്കിനുള്ള ചോദ്യങ്ങൾ കടുക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി എസ്.എസ്.എൽ.സി പരീക്ഷയിലെ എല്ലാ വിഷയങ്ങൾക്കും 20 ശതമാനം മാർക്കിനുള്ള ചോദ്യങ്ങൾ കടുപ്പമുള്ളതായി മാറുന്നു. മാർച്ച് അഞ്ചിന് തുടങ്ങുന്ന പരീക്ഷയിലും ഫെബ്രുവരി 16 മുതൽ നടക്കുന്ന മോഡൽ പരീക്ഷയിലും ചോദ്യങ്ങളിൽ 20 ശതമാനം കടുപ്പമേറിയതായിരിക്കും.
വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.സി.ഇ.ആർ.ടി ശിപാർശ ചെയ്ത പരിഷ്ക്കാരമാണ് ഇത്തവണ മുതൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നടപ്പാക്കുന്നത്. 30 ശതമാനം ചോദ്യങ്ങൾ എളുപ്പമുള്ളതായിരിക്കും. 50 ശതമാനം ചോദ്യങ്ങൾ ശരാശരി നിലവാരത്തിലുള്ളതും. ശേഷിക്കുന്ന 20 ശതമാനമായിരിക്കും കടുപ്പമുള്ള ചോദ്യങ്ങൾ.
20 ശതമാനം ചോദ്യങ്ങൾ കടുപ്പമുള്ളത് വരുന്നത് വഴി എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായേക്കും.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഈ രീതി നടപ്പാക്കുന്നതിന്‍റെ മുന്നോടിയായി സ്കൂൾ പാദ, അർധവാർഷിക പരീക്ഷകളിലും സമാന രീതിയിലുള്ള ചോദ്യങ്ങൾ നൽകിയിരുന്നു. ചോദ്യങ്ങൾ കടുപ്പമേറിയെന്നും ഈ രീതി എസ്.എസ്.എൽ.സി പരീക്ഷയിൽ നടപ്പാക്കുന്നതിൽ ആലോചന വേണമെന്നും അധ്യാപകർക്കിടയിൽ അഭിപ്രായമുയർന്നെങ്കിലും മുന്നോട്ടുപോകാനായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ചോദ്യപേപ്പർ തയാറാക്കുന്ന അധ്യാപകർക്കായി നടത്തിയ ശിൽപ്പശാലയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കിയതോടെയാണ് ഈ രീതിയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി ചോദ്യപേപ്പർ തയാറാക്കിയത്. ചോദ്യപേപ്പറുകൾ കുട്ടികളെ പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായി മുഴുവൻ വിഷയങ്ങളുടെയും മൂന്ന് സെറ്റ് വീതം മാതൃക ചോദ്യപേപ്പറുകൾ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ ചോദ്യപേപ്പർ ഘടനക്ക് കൃത്യമായ രൂപരേഖ പാലിക്കാതിരുന്നതിനാൽ ചോദ്യങ്ങളെല്ലാം ഏറെക്കുറെ എളുപ്പമോ ശരാശരി നിലവാരത്തിലുള്ളതോ ആയിരുന്നു. ഇതുവഴി ശരാശരി നിലവാരത്തിലുള്ള വിദ്യാർഥികൾ ഉൾപ്പെടെ മികവിന്‍റെ മാനദണ്ഡമായി പരിഗണിക്കുന്ന എ പ്ലസ് നേട്ടത്തിലെത്തുകയും ചെയ്യുമായിരുന്നു.
പുതിയ രീതിയോടെ കടുപ്പമേറിയ ചോദ്യങ്ങൾക്ക് കൂടി ഉത്തരമെഴുതാൻ കഴിയുന്ന വിദ്യാർഥികൾക്കായിരിക്കും എ പ്ലസ് നേട്ടത്തിലെത്താൻ കഴിയുക. എന്നാൽ 30 ശതമാനം ചോദ്യങ്ങൾ എളുപ്പമേറിയതായതിനാൽ തോൽക്കുന്നവർ കുറവായിരിക്കും. പരീക്ഷയിൽ വിജയിക്കാൻ സബ്ജക്ട് മിനിമം രീതി (എഴുത്തുപരീക്ഷയിൽ 30 ശതമാനം മാർക്ക്) 2027ലെ എസ്.എസ്.എൽ.സി പരീക്ഷ മുതൽ നടപ്പാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

