എസ്.എസ്.എൽ.സി പരീക്ഷ നാളെ പൂർത്തിയാകും
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ ബുധനാഴ്ചയും ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ വ്യാഴാഴ്ചയും പൂർത്തിയാകും. എസ്.എസ്.എൽ.സി ഉത്തരക്കടലാസ് മൂല്യനിർണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ മൂന്ന് മുതൽ 26 വരെ നടക്കും. പതിനെട്ടായിരത്തോളം അധ്യാപകർ പങ്കെടുക്കും. മൂല്യനിർണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ ജോലികൾ ഏപ്രിൽ അഞ്ചിന് പരീക്ഷഭവനിൽ ആരംഭിക്കും.
മേയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കും. 4,19,362 പേരാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 ആൺകുട്ടികളും 2,05,561 പെൺകുട്ടികളുമാണ്. 4,25,361 വിദ്യാർഥികൾ ഒന്നും 4,42,067 പേർ രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നുണ്ട്. ഏപ്രിൽ മൂന്നിന് തന്നെ ഹയർ സെക്കൻഡറി മൂല്യനിർണയം ആരംഭിക്കും.
80 ക്യാമ്പുകളിൽ നടക്കുന്ന മൂല്യനിർണയത്തിൽ 25,000 അധ്യാപകർ പങ്കെടുക്കും. ഏപ്രിൽ മൂന്നിന് തന്നെ വി.എച്ച്.എസ്.ഇ മൂല്യനിർണയം ആരംഭിക്കും. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷയും വ്യാഴാഴ്ച പൂർത്തിയാകും. 31ന് സ്കൂളുകൾ മധ്യവേനലവധിക്കായി അടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

