എസ്.എസ്.എൽ.സി പരീക്ഷ; ആദ്യ ദിനം എത്താതിരുന്നത് മൂന്ന് വിദ്യാർഥികൾ
text_fieldsതൃശൂര്‍: ജില്ലയില്‍ 267 സെന്ററുകളിലായി 36,145 വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച എസ്.എസ്.എല്‍.സി പരീക്ഷ എഴുതി. മൂന്ന് കുട്ടികള്‍ മാത്രമാണ് ഹാജരാകാതിരുന്നത്.
മതിലകം സെന്റ് ജോസഫ്സ് സ്കൂളിലാണ് ഏറ്റവും കൂടുതല്‍ കുട്ടികൾ പരീക്ഷ എഴുതിയത് -565. തൊട്ടുപിന്നാലെ 555 കുട്ടികളുമായി എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളുണ്ട്. രാമവര്‍മപുരം ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, പൂങ്കുന്നം ഗവ. ഹയര്‍ സെക്കന്‍ഡറി, കേച്ചേരി മമ്പ ഉൽ ഹുദ എന്നീ സ്കൂളുകളിലാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ (ഏഴ്) പരീക്ഷ എഴുതിയത്.
തൃശൂര്‍, ഇരിങ്ങാലക്കുട, ചാവക്കാട് വിദ്യാഭ്യാസ ജില്ലകളിലായി 18,579 ആണ്‍കുട്ടികളും 17,569 പെണ്‍കുട്ടികളുമാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതാനുള്ളത്. ചോദ്യപേപ്പര്‍ ചോര്‍ച്ച പോലുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനതല സ്ക്വാഡുകള്‍ക്ക് പുറമെ ജില്ലയില്‍ നാല് സ്ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ട്. പരീക്ഷാപേടി അകറ്റാനും കടുത്ത ചൂടിൽ കുട്ടികൾക്ക് പരീക്ഷ ഹാളിൽ സുഗമമായ അന്തരീക്ഷം സൃഷ്ടിക്കാനും വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. പരീക്ഷ സെന്ററുകളിലെ ക്ലാസ് മുറികളില്‍ കുടിവെള്ളം ഉറപ്പാക്കിയിട്ടുണ്ട്. വായു സഞ്ചാരമുള്ള ക്ലാസ് മുറികളാണ് പരമാവധി ഉപയോഗിക്കുന്നത്. ഇതിൽ ഫാന്‍ നിര്‍ബന്ധമാണ്. പരീക്ഷ കാലയളവില്‍ ഓപണ്‍ അസംബ്ലി ഒഴിവാക്കാനും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

