‘ചൂടോടെ’ എഴുതി; ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത് 79,688 കുട്ടികൾ
text_fieldsതിങ്കളാഴ്ച ആരംഭിച്ച എസ്.എസ്.എൽ.സി ആദ്യ പരീക്ഷ കഴിഞ്ഞ് ഹാളിന് പുറത്തിറങ്ങിയ
വിദ്യാർഥികൾ സംഭാഷണത്തിൽ. മലപ്പുറം എം.എസ്.പി സ്കൂളിൽ നിന്നുള്ള ദൃശ്യം
-മുസ്തഫ അബൂബക്കർ
മലപ്പുറം: ജില്ലയിലും എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷക്ക് തുടക്കം. തിങ്കളാഴ്ച ജില്ലയിൽ 304 കേന്ദ്രങ്ങളിലായി 79,688 പേരാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.
ചൂട് കനത്തതിനാൽ കുറച്ച് പ്രായസപ്പെട്ടെങ്കിലും പരീക്ഷ നന്നായി എഴുതിയെന്ന ആത്മവിശ്വാസത്തിലാണ് കുട്ടികൾ. ഭാഷ പരീക്ഷയാണ് ആദ്യദിനം നടന്നത്. തിങ്കളാഴ്ച രാവിലെ ആറിനകം ഡെലിവറി ഓഫിസർമാർ ചോദ്യ പേപ്പറുകൾ പൊലീസ് അകമ്പടിയോടെ ഓരോ സെന്ററുകളിലും എത്തിച്ചു. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ 11.15 നും, രണ്ടര മണിക്കൂറിന്റേത് 12.15 നും അവസാനിച്ചു.
ചൂട് പരിഗണിച്ച് ആവശ്യമെങ്കിൽ പരീക്ഷ ഹാളിലേക്ക് വിദ്യാർഥികൾക്ക് കുടിവെള്ളം കൊണ്ടുവരാൻ അനുമതി നൽകിയിരുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്. 40,769 ആൺ കുട്ടികളും 38,919 പെൺകുട്ടികളും പത്താംക്ലാസ് പരീക്ഷയെഴുതി. നാല് വിദ്യാഭ്യാസ ജില്ലകളിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്.
ഇവിടെ 101 കേന്ദ്രങ്ങളിലായി 14,641 ആൺകുട്ടികളും 13,717 പെൺകുട്ടികളും അടക്കം 28,358 പേർ പരീക്ഷ എഴുതി. നിരീക്ഷിക്കാനായി ജില്ലതലത്തിൽ വിദ്യാഭ്യാസ ഓഫിസർമാരുടെ സ്ക്വാഡുകളും പ്രവർത്തിച്ചു. സുരക്ഷ ക്രമീകരണങ്ങളോടെ ബാങ്കുകളിലും ട്രഷറികളിലുമായാണ് ചോദ്യപേപ്പറുകൾ സൂക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

