എസ്.എസ്.എൽ.സി; പരീക്ഷയെഴുതുന്നത് 9925 കുട്ടികൾ
text_fieldsപത്തനംതിട്ട: മാർച്ച് മൂന്നിന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ ജില്ലയിൽനിന്ന് 9925 കുട്ടികൾ. ഇതിൽ 5110 ആൺകുട്ടികളും 4815 പെൺകുട്ടികളുമാണ്. സ്പെഷൽ സ്കൂളുകളടക്കം 169 പരീക്ഷാ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ഇതിൽ 106 സ്കൂളുകൾ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലും 63 സ്കൂളുകൾ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലുമാണ്. ജില്ലയിലെ 50 സർക്കാർ സ്കൂളുകളിലായി 811 ആൺകുട്ടികളും 705 പെൺകുട്ടികളും ഉൾപ്പെടെ 1516 കുട്ടികൾ പരീക്ഷ എഴുതാനുണ്ടാകും. 106 എയ്ഡഡ് വിദ്യാലയങ്ങളിൽനിന്ന് 4136 ആൺകുട്ടികളും 3944 പെൺകുട്ടികളും പരീക്ഷയെഴുതും. 8080 കുട്ടികളാണ് എയ്ഡഡ് മേഖലയിൽനിന്ന് എസ്.എസ്.എൽ.സിക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏഴ് അംഗീകൃത അൺഎയ്ഡഡ് സ്കൂളുകളിൽനിന്ന് 354 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 170 ആൺകുട്ടികളും 184 പെൺകുട്ടികളുമാണ്. സ്പെഷൽ വിഭാഗത്തിൽ രണ്ട് സ്കൂളുകളും ഒരു ടെക്നിക്കൽ സ്കൂളും പരീക്ഷാ കേന്ദ്രങ്ങളായുണ്ട്. പട്ടികവർഗ വിഭാഗത്തിലെ 102 കുട്ടികളും പട്ടികജാതിക്കാരായ 1893 കുട്ടികളും പരീക്ഷ എഴുതാനുണ്ടാകും.
കൂടുതൽ കുട്ടികൾ എം.ജി.എം സ്കൂളിൽ
ജില്ലയിൽ ഇത്തവണ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് തിരുവല്ല എം.ജി.എം എച്ച്.എസ്.എസിലാണ്. 307 കുട്ടികളാണ് എം.ജി.എമ്മിൽ പരീക്ഷ എഴുതാനുണ്ടാകുക. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷക്കിരിക്കുന്നത് മൈലപ്ര എസ്.എച്ച്.എച്ച്.എസ്.എസിലാണ്. 262 കുട്ടികൾ.
മൂന്ന് കുട്ടികൾ വീതം പരീക്ഷ എഴുതുന്ന പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ റാന്നി മക്കപ്പുഴ എൻ.എസ്.എസ് എച്ച്.എസും തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുറമറ്റം ജി.വി.എച്ച്.എസ്.എസുമാണ് കുട്ടികളുടെ എണ്ണത്തിൽ ഏറ്റവും പിന്നിൽ. ചോദ്യ പേപ്പറുകളുടെ വിതരണത്തിനും മറ്റുമായി തിരുവല്ല ഡി.ഇ.ഒയുടെ കീഴിൽ 12 ക്ലസ്റ്ററുകളും 16 ക്ലസ്റ്ററുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

