എസ്.എസ്.എല്‍.സി പരീക്ഷ; പത്തനംതിട്ടയിൽ 10,214 വിദ്യാര്‍ഥികള്‍, 166 പരീക്ഷ കേന്ദ്രങ്ങള്‍
text_fieldsപത്തനംതിട്ട: ജില്ലയില്‍ ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ തയാറെടുക്കുന്നത് 10,214 വിദ്യാര്‍ഥികള്‍. പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ജില്ലകളിലായി 166 പരീക്ഷ കേന്ദ്രങ്ങളും ചോദ്യപേപ്പര്‍ വിതരണത്തിനായി 29 ക്ലസ്റ്ററുകളും ഉണ്ടാകും.
പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട തയാറെടുപ്പുകള്‍ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ്. രേണുകാഭായി അറിയിച്ചു. വ്യാഴാഴ്ചയാണ് എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിക്കുന്നത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത് പത്തനംതിട്ട മാര്‍ത്തോമ ഹൈസ്കൂളിലാണ്, 258പേർ. നാലുപേര്‍ വീതം പരീക്ഷ എഴുതുന്ന കാട്ടൂര്‍ എന്‍.എസ്.എസ് ഹൈസ്കൂളും കുമ്പഴ എം.പി.വി ഹൈസ്കൂളുമാണ് ഏറ്റവും പിറകിൽ.
തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര് എഴുതുന്നത് തിരുവല്ല എം.ജി.എം എച്ച്.എസ്.എസിലാണ്. 315 പേർ. മൂന്നുപേര്‍ വീതം പരീക്ഷ എഴുതുന്ന പുറമറ്റം ജി.വി.എച്ച്.എസ്.എസ്, പെരിങ്ങര ജി.വി.എച്ച്.എസ്.എസ്, അഴിയിടത്തുചിറ ജി.എച്ച്.എസ്, കുറ്റൂര്‍ ജി.എച്ച്.എസ്.എസ്, സെന്റ് തോമസ് നിരണം വെസ്റ്റ് എന്നിവയാണ് കുറവ് വിദ്യാർഥികളുള്ളത്.
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 33 സർക്കാർ സ്കൂളുകളിലും 66 എയ്ഡഡ് സ്കൂളുകളിലും അഞ്ച് അണ് എയ്ഡ് സ്കൂളുകളിലും ഉള്‍പ്പെടെ ആകെ 104 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 16 സർക്കാർ സ്കൂളും 44 എയ്ഡഡ് സ്കൂളും രണ്ട് അണ് എയ്ഡഡും ഉള്‍പ്പെടെ ആകെ 62 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്.
പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസില്‍ വാര് റൂം പ്രവര്‍ത്തിക്കും. ഫോണ്‍: 0469-2600181, 9400239655, 8301035286.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

