എസ്.എസ്.എൽ.സി; ജില്ലയിൽ പരീക്ഷയെഴുതുന്നത് 18,705 വിദ്യാർഥികൾ
text_fieldsവൈക്കം/കോട്ടയം: ജില്ലയിൽ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത് 18,705 വിദ്യാർഥികൾ. കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളാണ് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്ക് ഇരുത്തുന്നത്. ഇവിടെ 393 പേർ പരീക്ഷയെഴുതും. ഏറ്റവും കുറവ് പുന്നത്തുറ സെന്റ് ജോസഫ് എച്ച്.എസിലാണ്-മൂന്നുപേർ. കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ 7339 പേരും കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽനിന്ന് 3035 വിദ്യാർഥികളുമാണ് പരീക്ഷയെഴുതുന്നത്.
കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽനിന്ന് പരീക്ഷയെഴുതുന്ന 3035 വിദ്യാർഥികളിൽ 1576 ആൺകുട്ടികളും 1459 പെൺകുട്ടികളുമാണ്. കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് വൈക്കം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലാണ് -148 ആൺകുട്ടികളും 82 പെൺകുട്ടികളും. എട്ടുപേർ മാത്രം പരീക്ഷയെഴുതുന്ന മാഞ്ഞൂർ വി.കെ.വി.എം.എൻ.എസ് എസ്.എച്ച്.എസിലാണ് ഏറ്റവും കുറവ്. നാലുവീതം ആൺകുട്ടികളും പെൺകുട്ടികളുമാണ് ഇവിടെ പരീക്ഷയെഴുതുന്നത്. രണ്ട് സ്പെഷൽ സ്കൂളും ഈ വിദ്യാഭ്യാസ ജില്ലയിലുണ്ട്.
ഒമ്പത് കുട്ടികൾ നീർപ്പാറ അസീസി ബധിര വിദ്യാലയത്തിലും ആറുപേർ മണ്ണക്കനാട് ഒ.എൽ.സി ബധിര വിദ്യാലയത്തിലും പരീക്ഷയെഴുതും. 98 കുട്ടികൾ പരിക്ഷ എഴുതുന്ന തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവ. ജി.എച്ച്.എസാണ് ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്ക് ഇരുത്തുന്ന സർക്കാർ സ്കൂൾ. കടപ്പൂർ ഗവ. ജി.എച്ച്.എസിലാണ് സർക്കാർ സ്കൂളുകളിൽ ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷയെഴുതുന്നത്.
കഴിഞ്ഞ വർഷത്തെക്കാൾ 51 വിദ്യാർഥികളുടെ കുറവാണ് ഇക്കുറിയുള്ളത്. കഴിഞ്ഞ വർഷം ഈ വിദ്യാഭ്യാസ ജില്ലയിൽ 1507 ആൺകുട്ടികളും 1579 പെൺകുട്ടികളും ഉൾപ്പെടെ 3086 വിദ്യാർഥികൾ പരീക്ഷ എഴുതിയിരുന്നു.
ആൺകുട്ടികളിൽ 69 പേരുടെ വർധനയുണ്ടായപ്പോൾ പെൺകുട്ടികളിൽ 120 പേർ കുറവാണ് ഇക്കുറി.
കഴിഞ്ഞ വർഷം നൂറുശതമാനം വിജയം നേടിയത് 16 സർക്കാർ സ്ക്കൂളുകളും 24 എയ്ഡഡ് സ്കൂളുകൾ, രണ്ടു സെപ്ഷൽ സ്കൂളുകളുമായിരുന്നു. മാർച്ച് മൂന്നിനാണ് എസ്.എസ്.എൽ.സി പരീക്ഷക്ക് തുടക്കമാകുന്നത്. അതേസമയം, സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ടാംക്ലാസ് പരീക്ഷകൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

