തിരുവനന്തപുരം: ഒന്നാംക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കാര്യങ്ങൾ ഇനി നിയന്ത്രിക്കുന്നത് സമഗ്ര ശിക്ഷാ അഭിയാൻ. നിലവിലെ സർവശിക്ഷ അഭിയാനും (എസ്.എസ്.എ) രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാനും (ആർ.എം.എസ്.എ) ലയിപ്പിക്കും. ദേശീയതലത്തിൽ രണ്ടിനുംകൂടി ഒരു സ്ഥാപനം മതിയെന്നാണ് കേന്ദ്ര തീരുമാനം അനുസരിച്ച് പുതിയ എസ്.എസ്.എ രൂപവത്കരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. നിലവിൽ എട്ടാം ക്ലാസ് വരെയുള്ളതുമായി ബന്ധപ്പെട്ടവ എസ്.എസ്.എയും ഒമ്പതു മുതൽ പ്ലസ് ടു വരെ ആർ.എം.എസ്.എയുമാണ് നോക്കുന്നത്. നിലവിൽ രണ്ടു സൊസൈറ്റികൾ രൂപവത്കരിച്ച് അതിനുകീഴിലാണ് ഇവയുടെ പ്രവർത്തനം.
ഇൗ രണ്ടു സൊസൈറ്റികളും പിരിച്ചുവിടും. പകരം പുതിയത് രൂപവത്കരിക്കും. നിലവിലെ രണ്ടു സൊസൈറ്റികളുടെയും സ്വത്തുക്കളും ബാധ്യതകളും പുതിയ സൊസൈറ്റിക്ക് കൈമാറും. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായി ഗവേണിങ് കൗൺസിലും പൊതു വിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷനായി നിർവാഹക സമിതിയും ഉണ്ടാകും. സൊസൈറ്റിയുടെ നിയമാവലിയും ചട്ടങ്ങളും ഒരു മാസത്തിനകം തയാറാക്കും. നിലവിലെ വെവ്വേറെ മേധാവികൾക്കുപകരം പുതിയ എസ്.എസ്.എക്ക് ഒരു മേധാവിയേ ഉണ്ടാകൂ.
സൊസൈറ്റി രൂപവത്കരണത്തിനുശേഷം അദ്ദേഹത്തെ നിയമിക്കും. ജില്ലാ, താലൂക്ക് തലങ്ങളിലുള്ള ഓഫിസുകളും ലയിപ്പിക്കും. സമഗ്ര ശിക്ഷാ അഭിയാനുള്ള കേന്ദ്ര ധനസഹായം കുറവായതിനാൽ പ്രവർത്തനച്ചെലവ് കുറക്കുന്നതിന് ആവശ്യമായ തീരുമാനവും വൈകാതെ ഉണ്ടായേക്കും.കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന് (കില) ജീവനക്കാർക്കും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ െഡവലപ്മെൻറ് ജീവനക്കാര്‍ക്കും 2014 ജൂലൈ ഒന്നുമുതല്‍ മുൻപ്രാബല്യത്തോടെ ശമ്പളപരിഷ്കരണം അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡീസ് ഇന്‍ ദ ഹെറിറ്റേജ് ഓഫ് കോസ്റ്റല്‍ കേരള പ്രവര്‍ത്തനം ആരംഭിക്കുന്നതുവരെ പ്രഫ. കേശവന് വെളുത്താട്ടിനെ പുനര്‍നിയമന വ്യവസ്ഥയില്‍ മുസിരിസ് േപ്രാജക്ട് ലിമിറ്റഡില്‍ കണ്‍സള്‍ട്ടൻറായി നിയമിക്കും.
മേലാറ്റൂര്‍ ആര്.എം ഹൈസ്കൂളിലെ മലയാളം അധ്യാപകനായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സ്വയം വിരമിക്കല്‍ പദ്ധതി പ്രകാരം വിരമിക്കുന്നതിന് അനുമതി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.