സ്പെഷല്‍ സപ്ലിമെന്ററി ഫീസ് പരമാവധി 15,000; വിദ്യാർഥികൾക്ക് ആശ്വാസമാകും
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ഒറ്റത്തവണ സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്കുള്ള പരമാവധി ഫീസ് 15,000 രൂപയായി നിജപ്പെടുത്തി. നിരവധി വിദ്യാര്‍ഥികള്‍ക്ക് സഹായമേകുന്ന തീരുമാനം കഴിഞ്ഞദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണുണ്ടായത്. പരീക്ഷ അവസരങ്ങളെല്ലാം അവസാനിച്ച ബിരുദ -പി.ജി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി നല്കുന്ന അവസരമാണ് ഒറ്റത്തവണ സപ്ലിമെന്ററി പരീക്ഷ. പേപ്പര്‍ ഒന്നിന് 2760 രൂപ വീതം അഞ്ച് പേപ്പറുകള്‍ വരെയും തുടര്‍ന്നുള്ള ഓരോ പേപ്പറിനും 1000 രൂപ വീതവുമാണ് നിലവിലെ ഫീസ്. ബി.ടെക്, എല്‍എല്‍.ബി ഉള്‍പ്പെടെ കൂടുതല്‍ സെമസ്റ്ററുകളും പേപ്പറുകളുമുള്ള കോഴ്സുകളില്‍ പത്തോ അതിലധികമോ പരീക്ഷകള്‍ എഴുതേണ്ട നിരവധി വിദ്യാര്‍ഥികളുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുടെ ബിരുദനേട്ടത്തിന് സഹായമേകാനാണ് അനുകൂല തീരുമാനമെടുത്തതെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.
ബി.കോമിനാണ് കൂടുതല്‍ പേര് സ്പെഷല്‍ സപ്ലിമെന്ററിക്ക് അപേക്ഷിക്കുന്നത്. ബിരുദ വിദ്യാര്‍ഥികളുടെ പാര്‍ട്ട് -ഒന്ന് ഇംഗ്ലീഷ് പേപ്പറിനും അപേക്ഷകര്‍ ധാരാളമുണ്ട്. തീരുമാനം നടപ്പാകുന്നതോടെ അഞ്ച് പേപ്പറില്‍ കൂടുല്‍ എഴുതുന്നവര്‍ക്കെല്ലാം ആശ്വാസമാകും. 1995ല്‍ അവസാനവര്‍ഷ പരീക്ഷ എഴുതിയവരെയാണ് ഇപ്പോള്‍ ഒറ്റത്തവണ സ്പെഷല്‍ സപ്ലിമെന്ററിക്ക് പരിഗണിക്കുന്നത്. ഓരോ കോഴ്സിന്റെയും പരീക്ഷകള്‍ക്ക് പ്രത്യേകമായിത്തന്നെയാണ് വിജ്ഞാപനം പുറപ്പെടുവിക്കുക.