സ്പോര്‍ട്സ് സ്കൂളുകള്‍ക്ക് പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്പോര്‍ട്സ് സ്കൂളുകൾക്ക് പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനുള്ള ചുമതല എസ്.സി.ഇ.ആര്‍.ടിക്ക് നല്‍കും. ചോദ്യപേപ്പര്‍ നിർമാണവും അച്ചടിയും പരീക്ഷ നടത്തിപ്പ്, മൂല്യ നിർണയം, ഫലപ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ സമയബന്ധിതമായി നടപ്പാക്കുന്നതിന് പരീക്ഷാഭവനെ ചുമലപ്പെടുത്തും.
സ്പോര്‍ട്സ് സ്കൂളുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിച്ച് ഒരു മാസത്തിനുള്ളില്‍ നിയമനം നടത്തും. സ്പോര്‍ട്സ് റസിഡന്‍ഷ്യല്‍ സ്കൂള്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യവും അഭിരുചിയുമുള്ള അധ്യാപകരെ കണ്ടെത്തി ഒരു മാസത്തിനകം സ്പോര്‍ടസ് സ്കൂളുകളില്‍ പുനര്‍വിന്യസിക്കും.
സ്പോര്‍ട്സ് സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒരു ഹെഡ് ക്ലര്‍ക്ക്, നാല് ക്ലര്‍ക്ക് , ഒരു റെക്കോര്‍ഡ് അറ്റന്‍റര്‍, മൂന്ന് ഓഫീസ് അറ്റന്റന്റ് എന്നിവരെ കായിക വകുപ്പില്‍ നിന്ന് പുനര്‍വിന്യാസം നടത്തി രണ്ട് ആഴ്ചക്കകം നിയമിക്കും.
സ്പോര്‍ട്സ് സ്കൂളിലും ഹോസ്റ്റലുകളിലും അനുവദനീയമായ എണ്ണം കുട്ടികളെ പ്രവേശിപ്പിക്കും. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാവുന്ന സ്ഥിതി സൃഷ്ടിക്കും. സ്പോര്‍ടസ് ഹോസ്റ്റലുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ആവശ്യമായ കുട്ടികളെ ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്യാനും യോഗത്തിൽ തീരുമാനമായി. യോഗത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, കായിക മന്ത്രി വി. അബ്ദുറഹ്മാൻ എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

