ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ആറ് സർക്കാർ ജോലികൾ
text_fieldsഏഴാം ശമ്പള കമീഷൻ നടപ്പിലാക്കിയതിനുശേഷം, സ്വകാര്യ മേഖലയിലെ ജീവനക്കാരെ അപേക്ഷിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം വീണ്ടും ഉയർന്നിരിക്കുന്നു. ഇന്ത്യയിൽ സർക്കാർ ജോലികൾ കേവലം വരുമാന സ്രോതസ്സ് മാത്രമല്ല. അവ അന്തസ്സിന്റെയും അധികാരത്തിന്റെയും സാമൂഹിക സുരക്ഷയുടെയും പ്രതീകം കൂടിയാണ്.
എല്ലാ വർഷവും ദശലക്ഷക്കണക്കിന് യുവാക്കൾ ആഡംബരപൂർണ്ണമായ ജീവിതശൈലിയും ആകർഷകമായ ശമ്പളവും വാഗ്ദാനം ചെയ്യുന്ന യു.പി.എസ്.സി, എസ്.എസ്.സി, ബാങ്കിംഗ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നു.
ശമ്പളത്തിന് പുറമേ അധിക ആനുകൂല്യങ്ങളും ലഭിക്കുന്നത് സർക്കാർ ജോലികളെ ഏതൊരു സ്വകാര്യ തൊഴിലിനേക്കാളും ആകർഷകമാക്കുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന സർക്കാർ ജോലികൾ ഏതൊക്കെയാണെന്ന് നോക്കാം.
1. ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്)
വിദേശയാത്ര ചെയ്യാനും വിദേശ രാജ്യങ്ങലിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും നിങ്ങൾക്ക് അവസരം നൽകുന്നതാണ് ഇന്ത്യൻ ഫോറിൻ സർവീസ്. ഐ.എ.എസ് ഉദ്യോഗസ്ഥരുടേതിന് സമാനമായി 56,100 രൂപയാണ് ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെയും അടിസ്ഥാന ശമ്പളം.
എങ്കിലും വിദേശത്തേക്ക് നിയമിക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് വിദേശ അലവൻസ് ലഭിക്കുന്നു. ഇത് മൊത്തം ശമ്പളം പ്രതിമാസം രണ്ട് ലക്ഷം രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെയാകാൻ സഹായിക്കുന്നു.
2. ഐ.എ.എസ്, ഐ.പി.എസ്
യു.പി.എസ്.സിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ജോലികൾ ഐ.എ.എസും ഐ.പി.എസുമാണ്. ഇവരുടെ അടിസ്ഥാന ശമ്പളം 56,100 രൂപയാണ്. ഇത് കാബിനറ്റ് സെക്രട്ടറി പദവിയിലെത്തുമ്പോഴേക്കും 2,50,000 രൂപയായി ഉയരും. ശമ്പളത്തിന് പുറമേ സൗജന്യ വീട്, കാർ, ജീവനക്കാർ, ആജീവനാന്ത പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കുന്നു.
3. ആർ.ബി.ഐ ഗ്രേഡ് ബി ഓഫീസർ
റിസർവ് ബാങ്കിലെ ഗ്രേഡ് ബി ഓഫീസർ തസ്തിക തുടക്കകാർക്ക് ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നു. ഇവരുടെ പ്രാരംഭ ശമ്പളം 1,00,000 രൂപ മുതൽ 1,15,000 രൂപ വരെയാണ്. മുംബൈ പോലുള്ള ചെലവേറിയ നഗരങ്ങളിൽ ആഡംബര അപ്പാർട്ടുമെന്റുകളും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക അലവൻസുകളും ഇവർക്ക് ലഭിക്കുന്നു. ആർ.ബി.ഐ ഗ്രേഡ് ബി ഓഫീസറാകാൻ ബാങ്ക് പരീക്ഷ പാസാകേണ്ടത് നിർബന്ധമാണ്.
4. പൊതുമേഖലാ സ്ഥാപനങ്ങളിലെ (പി.എസ്.യു) ഉദ്യോഗസ്ഥർ
ഗേറ്റ് പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗസ്ഥർക്ക് ഒ.എൻ.ജി.സി, ഐ.ഒ.സി.എൽ, എൻ.ടി.പി.സി തുടങ്ങിയ മികച്ച ശമ്പളം വാഗ്ദാനം ചെയ്യുന്ന കമ്പനികളിൽ അപേക്ഷിക്കാം. പ്രാരംഭ ശമ്പളം 60,000 രൂപ മുതൽ 1,80,000 രൂപ വരെയാണ്. ഇതിൽ ബോണസ്, അലവൻസുകൾ, മെഡിക്കൽ ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇവരുടെ വാർഷിക ശമ്പളം 15 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ്.
5. ഇന്ത്യൻ ഡിഫൻസ് സർവീസസ്
കരസേന, നാവികസേന, വ്യോമസേന എന്നിവയിലെ ലെഫ്റ്റനന്റ് അല്ലെങ്കിൽ തത്തുല്യ റാങ്കിലുള്ള തസ്തികയ്ക്ക് 56,100 രൂപയാണ് പ്രാരംഭ ശമ്പളം. എന്നിരുന്നാലും, സൈനിക സേവന ശമ്പളവും (എം.എസ്.പി) റിസ്ക് അലവൻസും കൂടി ചേരുമ്പോൾ ഈ ശമ്പളം ഗണ്യമായി വർധിക്കുന്നു. കാന്റീൻ കാർഡുകൾ, സൗജന്യ റേഷൻ, ഉയർന്ന നിലവാരമുള്ള മെഡിക്കൽ സൗകര്യങ്ങൾ എന്നിവ ഈ ജോലിയെ കൂടുതൽ ആകർഷകമാക്കുന്നു.
6. ഐ.എസ്.ആർ.ഒ/ ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞർ
ഇന്ത്യയുടെ ബഹിരാകാശ, പ്രതിരോധ ദൗത്യങ്ങളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ ശമ്പളം റാങ്കിനനുസരിച്ച് അതിവേഗം വർധിക്കുന്നു. ഒരു മുതിർന്ന ശാസ്ത്രജ്ഞന് 2,00,000 രൂപ വരെ സമ്പാദിക്കാം. അവർക്ക് ഗവേഷണ ആനുകൂല്യങ്ങളും ഭവന സൗകര്യങ്ങളും ലഭിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

