ശാസ്ത്രത്തിന്റെ ഏഴ് അത്ഭുതങ്ങൾ; ഐസറുകളിലേക്ക് സ്വാഗതം
text_fieldsഡോക്ടർക്കും എൻജിനീയർക്കും അപ്പുറം ഒരു ലോകം
ഇന്ത്യയിൽ സയൻസ് പഠിക്കാൻ, അല്ലെങ്കിൽ ഗവേഷണം നടത്താൻ ഐ.ഐ.ടികളേക്കാൾ മികച്ച, അല്ലെങ്കിൽ ഐ.ഐ.ടികൾക്ക് ഒപ്പം നിൽക്കുന്ന കലാലയങ്ങളുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതാണ് ഐസർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്)
ശാസ്ത്ര പഠനത്തിനായുള്ള ഇന്ത്യയുടെ പ്രീമിയം ഇൻസ്റ്റിറ്റ്യൂട്ടുകളാണ് ഐസറുകൾ. കേന്ദ്ര സർക്കാർ, വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ നേരിട്ട് നടത്തുന്ന, ‘ദേശീയ പ്രാധാന്യമുള്ള സ്ഥാപനം’ (ഐ.എൻ.ഐ) എന്ന പദവിയുള്ള സ്ഥാപനങ്ങൾ.
എൻജിനീയറിങ്ങിന് ഐ.ഐ.ടികൾ എങ്ങനെയാണോ, മെഡിസിന് എയിംസ് എങ്ങനെയാണോ, അതുപോലെയാണ് പ്യുവർ സയൻസിന് ഐസറുകൾ. ഇവിടെ പഠനം മാത്രമല്ല, ഗവേഷണത്തിനാണ് മുൻതൂക്കം. ഇവിടെ നിന്ന് പാസാകുന്നത് വെറും ഡിഗ്രിക്കാരല്ല, ലോകത്തെ മാറ്റാൻ കഴിവുള്ള ശാസ്ത്ര പ്രതിഭകളാണ്.
ഐസറുകൾ എവിടെയൊക്കെ?
ഇന്ത്യയിൽ ആകെ ഏഴു ഐസറുകളാണുള്ളത്. ഈ കാമ്പസുകൾ ഓരോന്നും ഓരോ അത്ഭുതങ്ങളാണ്.
ഐസർ തിരുവനന്തപുരം ● കേരളത്തിൽ വിതുരയിൽ, കാടിന് നടുവിൽ, പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ കാമ്പസ്. പ്രകൃതിയും ശാസ്ത്രവും ഇത്രയധികം ഇഴചേർന്ന മറ്റൊരു കാമ്പസ് ഇല്ലെന്നുതന്നെ പറയാം. ബയോളജിയിലും ഫിസിക്സിലുമൊക്കെ ലോകോത്തര ലാബുകളാണ് ഇവിടെയുള്ളത്.
ഐസർ പുണെ ● ഐസറുകളിലെ ‘തലതൊട്ടപ്പൻ’. ഗവേഷണ സൗകര്യങ്ങളുടെ കാര്യത്തിൽ ലോകത്തോടൊപ്പമാണ് പുണെയുടെ സ്ഥാനം.
ഐസർ മൊഹാലി ● പഞ്ചാബിലെ ചണ്ഡിഗഢിനടുത്ത്. വിശാലമായ കാമ്പസും അക്കാദമിക് മികവും കൊണ്ട് പ്രശസ്തം. പരിസ്ഥിതി പഠനത്തിനും മറ്റും വലിയ പ്രാധാന്യം നൽകുന്നു.
ഐസർ കൊൽക്കത്ത ● ശാസ്ത്രത്തിന്റെ ഈറ്റില്ലമായ ബംഗാളിൽ. മോഹൻപൂർ എന്ന സ്ഥലത്താണ് കാമ്പസ്. ബയോളജിക്കൽ സയൻസസിനും എർത്ത് സയൻസസിനും പേരുകേട്ട ഇടം.
ഐസർ ഭോപാൽ ● സാധാരണ സയൻസ് കോഴ്സുകൾക്ക് പുറമെ, എൻജിനീയറിങ് സയൻസസും ഇക്കണോമിക്സും ഒക്കെ പഠിപ്പിക്കുന്ന ഐസർ.
ഐസർ തിരുപ്പതി ● ആന്ധ്രപ്രദേശിൽ. താരതമ്യേന പുതിയതാണെങ്കിലും, വളർച്ചയുടെ വേഗതയിൽ മുന്നിൽ നിൽക്കുന്ന കാമ്പസ്.
ഐസർ ബെർഹാംപൂർ ● ഒഡിഷയിൽ, കടലിനോട് ചേർന്നുകിടക്കുന്ന ശാന്തമായ കാമ്പസ്.
ആർക്ക് അപേക്ഷിക്കാം?
താഴെ പറയുന്ന യോഗ്യതകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ധൈര്യമായി അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത ● സയൻസ് സ്ട്രീമിൽ പ്ലസ് ടു പാസായിരിക്കണം. (2025ലോ 2026ലോ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം).
വിഷയങ്ങൾ ● പ്ലസ്ടുവിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഇവയിൽ ഏതെങ്കിലും മൂന്ന് വിഷയങ്ങളെങ്കിലും പഠിക്കണം.
രണ്ടാം വട്ടം ● കഴിഞ്ഞ വർഷം (2025) പ്ലസ് ടു പാസായവർക്കും, ഈ വർഷം (2026) പ്ലസ് ടു എഴുതുന്നവർക്കും അപേക്ഷിക്കാം.
കട്ട്-ഓഫ് മാർക്ക് ● പണ്ട് ഓരോ ബോർഡിനും (സ്റ്റേറ്റ്, സി.ബി.എസ്.ഇ) ടോപ്പ് 20 പെർസെന്റൈൽ വേണമായിരുന്നു. എന്നാൽ, ഇപ്പോൾ സാധാരണ ഗതിയിൽ 60 ശതമാനം മാർക്ക് (ജനറൽ/ഇ.ഡബ്ല്യു.എസ്/ഒ.ബി.സി-എൻ.സി.എൽ വിഭാഗങ്ങൾക്ക്) പ്ലസ് ടുവിൽ ഉണ്ടായിരിക്കണം. (എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 55 ശതമാനം മതി). കൃത്യമായ വിവരത്തിന് വെബ്സൈറ്റ് നോക്കുക.
വെറും ഡിഗ്രിയല്ല
ഐസറുകൾ ഓഫർ ചെയ്യുന്ന കോഴ്സുകൾ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളാണ്. അതായത്, പ്ലസ് ടു കഴിഞ്ഞ് ചേർന്നാൽ, മാസ്റ്റേഴ്സ് ഡിഗ്രിയുമായി (എം.എസ്) പുറത്തിറങ്ങാം.
1. പഞ്ചവർഷ ബി.എസ്- എം.എസ് ഡ്യൂവൽ ഡിഗ്രി (എല്ലാ ഐസറുകളിലും)
ഇതാണ് ഐസറുകളിലെ ‘ഫ്ലാഗ്ഷിപ്’ പ്രോഗ്രാം. അഞ്ചുവർഷം കൊണ്ട് ബാച്ചിലേഴ്സും മാസ്റ്റേഴ്സും ലഭിക്കുന്നു. ആദ്യത്തെ രണ്ടുവർഷം ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബയോളജി എന്നീ നാല് വിഷയങ്ങളും എല്ലാവരും പഠിക്കണം. മൂന്നാം വർഷം മുതൽ നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയം ‘മേജർ’ ആയി എടുക്കാം.
അവ: ബയോളജിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, ഡേറ്റ സയൻസ്, എർത്ത് ആൻഡ് ക്ലൈമറ്റ് സയൻസ്, ഇക്കണോമിക് സയൻസസ്, ഫിസിക്കൽ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്
2. ന്യൂജൻ സ്പെഷലൈസേഷനുകൾ
ബി.എസ്-എം.എസ് ഇൻ കമ്പ്യൂട്ടേഷനൽ ആൻഡ് ഡേറ്റ സയൻസസ്: ഐസർ കൊൽക്കത്തയിൽ. ഡേറ്റാ സയൻസാണ് ഇപ്പോഴത്തെ താരം. കമ്പ്യൂട്ടറും കണക്കും ഇഷ്ടമുള്ളവർക്ക് പറ്റിയ ചോയ്സ്.
മേജർ ഇൻ ജിയോളജി: ഭൂമിയെക്കുറിച്ച്, പാറകളെയും ധാതുക്കളെയും പഠിക്കാൻ താൽപര്യമുള്ളവർക്ക് ഐസർ മൊഹാലിയിൽ ജിയോളജി മേജർ ആയി എടുക്കാം. മേജർ ഇൻ എൻവയൺമെന്റൽ സയൻസസ്: മൊഹാലിയിൽ.
3. നാലുവർഷ ബി.എസ് പ്രോഗ്രാം
ഇത് നാലുവർഷത്തെ ഡിഗ്രി പ്രോഗ്രാമാണ്. വിദേശത്തൊക്കെ ഉപരിപഠനത്തിന് പോകാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ്.
ഭോപാൽ: ബി.എസ് ഇൻ എൻജിനീയറിങ് സയൻസസ്, ബി.എസ് ഇൻ ഇക്കണോമിക് സയൻസസ്.
തിരുപ്പതി: ബി.എസ് ഇൻ ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ്.
4. എൻജിനീയറിങ് ഭോപാലിൽ മാത്രം
നിങ്ങൾക്ക് എൻജിനീയറിങ് തന്നെയാണ് താൽപര്യമെങ്കിൽ, എന്നാൽ ഐ.ഐ.ടിയുടെ നിലവാരത്തിൽ തന്നെ പഠിക്കണമെങ്കിൽ ഐസർ ഭോപാൽ നോക്കാം.
നാലുവർഷ ബി.ടെക് ഇൻ എൻജിനീയറിങ് സയൻസ്
നാലുവർഷ ബി.ടെക് ഇൻ ഡേറ്റ സയൻസ് ആൻഡ് എൻജിനീയറിങ്
പ്രവേശനം
ഐസറിലേക്കെത്താൻ ഒറ്റവഴി മാത്രം -ഐസർ ആപറ്റിറ്റ്യൂഡ് ടെസ്റ്റ് (ഐ.എ.ടി). മൂന്നു മണിക്കൂർ പരീക്ഷയാണിത്. കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്. ആകെ 60 ചോദ്യങ്ങൾ ആണ് ഉണ്ടാവുക. നാല് വിഷയങ്ങളിൽ നിന്നുമായാണ് ചോദ്യങ്ങൾ:
ബയോളജി (15 ചോദ്യങ്ങൾ), കെമിസ്ട്രി (15 ചോദ്യങ്ങൾ), മാത്തമാറ്റിക്സ് (15 ചോദ്യങ്ങൾ), ഫിസിക്സ് (15 ചോദ്യങ്ങൾ).
കൃത്യമായ ഉത്തരമുണ്ടെങ്കിൽ മാർക്ക് വാരിക്കൂട്ടാം. പക്ഷേ തെറ്റിയാൽ നെഗറ്റിവ് മാർക്കാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

