സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിവരാവകാശ പരിധിയിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തും പുറത്തുമായി നിരവധിപേർ ആശ്രയിക്കുന്ന സ്വകാര്യ-സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സംസ്ഥാന വിവരാവകാശ കമീഷണറുടെ ഉത്തരവ്. അമരവിള സ്വദേശി എസ്പി ആൻസിയുടെ അപ്പീൽ അപേക്ഷ തീർപ്പാക്കി സംസ്ഥാന വിവരാകാശ കമീഷണർ എൻ. ശ്രീകുമാറാണ് ഉത്തരവിട്ടത്.
സ്വാശ്രയ സ്ഥാപനങ്ങൾ സർക്കാർ സഹായം സ്വീകരിക്കാത്തതിനാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന എതിർകക്ഷി അമരവിള സി.എസ്.ഐ ടി.ടി.ഐ പ്രിൻസിപ്പലിന്റെ വാദം തള്ളിയാണ് വിവരാകാശ കമീഷണറുടെ സുപ്രധാന ഉത്തരവ്.
സർക്കാറിന്റെ അനുവാദം വാങ്ങി സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവരാവകാശ നിയമം 2005 പ്രകാരം സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറെയും അപ്പീൽ അധികാരിയെയും അടിയന്തരമായി നിയമിക്കുന്നതിനുള്ള തുടർനടപടി സ്വീകരിക്കാൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കും പൊതു വിദ്യാഭ്യാസ സെക്രട്ടറിക്കും ആരോഗ്യസെക്രട്ടറിക്കും കമീഷൻ നിർദേശം നൽകി.
നിയമസഭ പാസാക്കിയ പ്രത്യേക നിയമങ്ങളുടെയും ചട്ടങ്ങളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഇവർക്ക് സർക്കാറിൽ നിന്ന് വിവിധ നികുതിയിളവുകൾ ലഭിക്കുന്നുണ്ട്. കെട്ടിടനികുതി, വൈദ്യുതിക്കരം. വെള്ളക്കരം എന്നിവയിലും ഇളവ് ലഭിക്കുന്നുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിനായി എം.പി, എം.എൽ.എ ഫണ്ടുകൾ, പ്രവേശനം ലഭ്യമാകുന്ന കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി വിവിധതരത്തിലുള്ള ഗ്രാൻഡ്, ഫീസ് സൗജന്യം, സ്കോളർഷിപ് എന്നിവയും ലഭ്യമാകുന്നു. ധനകാര്യ സ്ഥാപനങ്ങൾ കുറഞ്ഞ നിരക്കിലുള്ള വിദ്യാഭ്യാസ വായ്പകളും നൽകിവരുന്നു.
കേന്ദ്ര സംസ്ഥാന സർക്കാറുകൾ വിദ്യാഭ്യാസ ഉന്നമനത്തിനായി നൽകുന്ന ധനകാര്യ പദ്ധതികളിലും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാറുകൾ അംഗീകരിച്ച സർട്ടിഫിക്കറ്റുകളാണ് ഇത്തരം സ്ഥാപനങ്ങൾ വിദ്യാർഥികൾക്ക് നൽകുന്നത്.
2012ൽ രാജസ്ഥാനിലെ പ്രൈവറ്റ് അൺ എയ്ഡഡ് സ്കൂളുകളുടെ സൊസൈറ്റിയും കേന്ദ്രസർക്കാറും തമ്മിലുള്ള കേസിൽ സ്വാശ്രയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൊതുസ്ഥാപനങ്ങളായി കണക്കാക്കാമെന്ന സുപ്രീംകോടതി വിധിയും കമീഷൻ ഉദ്ധരിക്കുന്നു.
സർക്കാറിന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പ്രവർത്തിച്ചുകൊള്ളാമെന്ന സമ്മതപത്രം നൽകിയും സർക്കാർ അനുവാദം വാങ്ങിയും പ്രവർത്തിക്കുന്ന അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൊതുസ്ഥാപനം എന്ന നിർവചനത്തിൽ ഉൾപ്പെട്ടതായും കമീഷൻ നിരീക്ഷിക്കുന്നു.
ആയതിനാൽ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിവരാവകാശ നിയമം 2005 സെക്ഷൻ രണ്ട് എച്ചിന്റെ പരിധിയിൽ വരുമെന്നും ഈ സാഹചര്യത്തിൽ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനുള്ളിൽ ഹരജിക്കാരിക്ക് ലഭ്യമാക്കാനും നടപടി വിവരം കമീഷനെ അറിയിക്കാനുമാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

