സ്വാശ്രയ നഴ്സിങ് പ്രവേശനം: മാനേജ്മെന്റുകളുമായി ചർച്ച 28ന്
text_fieldsതിരുവനന്തപുരം: മുഴുവൻ സീറ്റിലേക്കും സ്വന്തം നിലക്ക് പ്രവേശനം നടത്തുമെന്ന മുന്നറിയിപ്പിനിടെ, സ്വാശ്രയ നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷനുമായി സർക്കാർ 28ന് ചർച്ച നടത്തും. ഉച്ചക്ക് 12ന് സെക്രട്ടേറിയറ്റ് അനക്സിൽ ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം.
ചർച്ചയിൽ പങ്കെടുക്കുന്നതിൽ വ്യാഴാഴ്ച സംസ്ഥാന ജനറൽ ബോഡി തീരുമാനമെടുക്കുമെന്ന് പ്രൈവറ്റ് നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ സെക്രട്ടറി അയിര ശശി അറിയിച്ചു. കഴിഞ്ഞ 16ന് അഡീഷനൽ ചീഫ് സെക്രട്ടറി യോഗം വിളിച്ചെങ്കിലും ബഹിഷ്കരിക്കുമെന്ന് മാനേജ്മെന്റ് അസോസിയേഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ മാറ്റി.
ക്രിസ്ത്യൻ സെൽഫ് ഫിനാൻസിങ് നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷനെയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. ഏകപക്ഷീയമായി സർക്കാർ നഴ്സിങ് പ്രവേശനത്തിന് എൽ.ബി.എസ് വഴി വിജ്ഞാപനം ഇറക്കിയതോടെയാണ് 50 ശതമാനം സീറ്റ് സർക്കാറിന് വിട്ടുനൽകാതെ, മുഴുവൻ സീറ്റിലേക്കും പ്രവേശനം നടത്താൻ മാനേജ്മെന്റ് അസോസിയേഷൻ തീരുമാനിച്ചത്.

