തിരുവനന്തപുരം: സ്വാശ്രയ നഴ്സിങ് പ്രവേശന ഷെഡ്യൂൾ പുനഃക്രമീകരിക്കാന്‍ മാനേജ്മെൻറുകളുമായുള്ള ചര്‍ച്ചയില്‍ തീരുമാനം. നേരത്തെ ഒപ്പുവെച്ച കരാർ പ്രകാരമുള്ള പ്രവേശനനടപടികള്‍ മുടങ്ങിയതോടെ സര്‍ക്കാറിന് വിട്ടുനൽകിയ സീറ്റുകള്‍ മാനേജ്മെൻറുകള്‍ക്ക് ലഭിക്കുമെന്ന അവസ്ഥ വന്നതോടെയാണ് ആരോഗ്യവകുപ്പ് വീണ്ടും ചര്‍ച്ചക്ക് വിളിച്ചത്. ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദെൻറ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. പുതുക്കിയ സമയക്രമം പ്രകാരം ആഗസ്റ്റ് 13ന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. തുടർന്ന് ഒാപ്ഷൻ സമർപ്പണവും നടത്താം. ആഗസ്റ്റ് 20നാണ് ബി.എസ്സി നഴ്സിങ്ങിനുള്ള ആദ്യ അലോട്ട്മെൻറ്. അലോട്ട്മെൻറ് ലഭിക്കുന്നവർ മൂന്ന് ദിവസത്തിനകം ഫീസ് അടക്കണം. ആദ്യ അലോട്ട്മെൻറ് ലഭിക്കുന്നവർ പ്രവേശനം നേടേണ്ടതില്ല. 23ന് ഒാപ്ഷൻ പുനഃക്രമീകരിക്കാൻ അവസരം നൽകും. 24ന് രണ്ടാം അലോട്ട്മെൻറ് നടത്തും. ഇൗ ഘട്ടംമുതൽ വിദ്യാർഥികൾ ബന്ധപ്പെട്ട കോളജിൽ പ്രവേശനംനേടണം.
നേരത്തെ മാനേജ്മെൻറുകളുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് സര്‍ക്കാറിന് വിട്ടുനൽകിയ സീറ്റുകളില്‍ ജൂൈല 31നകം പ്രേവശനം നടത്തണമായിരുന്നു. എന്നാല്‍ അലോട്ട്മെൻറ് ചുമതലയുണ്ടായിരുന്ന പ്രവേശന പരീക്ഷ കമീഷണര്‍ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പോലും പ്രസിദ്ധീകരിച്ചില്ല. അലോട്ട്മെൻറ് നടപടികളും ഇതോടെ അനിശ്ചിതത്വത്തിലായി. സ്പോട്ട് അലോട്ട്മെൻറും നടത്തി പ്രവേശനം പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിരുന്ന ആഗസ്റ്റ് 16 കഴിഞ്ഞാല്‍ സീറ്റുകള്‍ മാനേജ്മെൻറുകള്‍ക്ക് ഏറ്റെടുക്കാമായിരുന്നു.
സര്‍ക്കാറിന് സീറ്റ് നഷ്ടമായാല്‍ സംവരണവിഭാഗങ്ങളുടെ അവസരം നഷ്ടമാവുമെന്നും മെറിറ്റ് അട്ടിമറിക്കപ്പെടുമെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഇതോടെയാണ് മാനേജ്മെൻറുകളെ വീണ്ടും സര്‍ക്കാര്‍ ചര്‍ച്ചക്ക് ക്ഷണിച്ചത്.
തീയതി നീട്ടാനാവില്ലെന്ന് ചര്‍ച്ചയില്‍ മാനേജ്മെൻറുകള്‍ ശഠിച്ചെങ്കിലും പിന്നീട് വഴങ്ങുകയായിരുന്നു. കഴിഞ്ഞവര്‍ഷംവരെ പ്രവേശനനടപടികള്‍ നടത്തിയിരുന്നത് എല്‍.ബി.എസായിരുന്നു. ഇൗ വർഷം അത് പ്രവേശന പരീക്ഷ കമീഷണറെ ഏല്പിച്ചതാണ് നടപടികള്‍ കുഴയാന്‍ കാരണമെന്ന് മാനേജ്മെൻറുകള്‍ ചൂണ്ടിക്കാട്ടി. മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനനടപടികളുടെ തിരക്കിലായതിനാലാണ് നഴ്സിങ് പ്രേവശനനടപടികള് നീട്ടിക്കൊണ്ടുേപാവേണ്ടിവന്നതെന്ന് പ്രവേശന പരീക്ഷ കമീഷണറും ആരോഗ്യവകുപ്പ് അധികൃതരും യോഗത്തിൽ അറിയിച്ചു. പ്രവേശന പരീക്ഷ കമീഷണര്‍ ഡോ.എം.ടി. റെജു, ആരോഗ്യ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. നളിനാക്ഷന്, മെഡിക്കൽ വിദ്യാഭ്യാസ ജോയൻറ് ഡയറക്ടർ ഡോ. പ്രസന്നകുമാരി, നഴ്സിങ് കൗൺസിൽ രജിസ്ട്രാർ വത്സാ പണിക്കർ, പ്രൈവറ്റ് നഴ്സിങ് കോളജ് മാനേജ്മെൻറ് അസോസിയേഷന് പ്രസിഡൻറ് വി. സജി, സെക്രട്ടറി അയിര ശശി, ക്രിസ്ത്യന്‍ നഴ്സിങ് കോളജ് മാനേജ്മെൻറ് അസോസിയേഷന് പ്രസിഡൻറ് ഫാ. ഷൈജു തോമസ്, സെക്രട്ടറി ഫ്രാന്‍സിസ് പള്ളിക്കുന്ന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പുതുക്കിയ സമയക്രമം:
- ബി.എസ്സി നഴ്സിങ്
റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് -ആഗസറ്റ് 13 - ആദ്യ അലോട്ട്മെൻറ് -ആഗസ്റ്റ് 20
- രണ്ടാം അലോട്ട്മെൻറ് -ആഗസ്റ്റ് 24
- സ്പോട് അഡ്മിഷന് -സെപ്റ്റംബര്‍ 14
- (പിന്നീട് സീറ്റ് ഒഴിവുവന്നാല് മാനേജ്മെൻറുകള്‍ക്ക് നികത്താം)
- പ്രവേശനം പൂര്‍ത്തിയാക്കുന്നത് -സെപ്റ്റംബര്‍ 30
- ക്ലാസ് തുടങ്ങുന്നത് -ഒക്ടോബര്‍ മൂന്ന്
- (ആദ്യ രണ്ട് അലോട്ട്മെൻറുകളില്‍ പ്രവേശനംലഭിച്ചവര് ആഗസ്റ്റ് 29 നകം പ്രവേശനംനേടണം)
- പോസ്റ്റ്ബേസിക് ബി.എസ്സി നഴ്സിങ്:
- ഒാപ്ഷൻ സമർപ്പണത്തിനുള്ള അവസാനതീയതി -ആഗസ്റ്റ് 16
- ആദ്യ അലോട്ട്മെൻറ് -ആഗസ്റ്റ് 21
- രണ്ടാം അലോട്ട്മെൻറ് -ആഗസ്റ്റ് 24
- പ്രവേശനം അവസാനിപ്പിക്കുന്നത് -സെപ്റ്റംബർ 15.
- എം.എസ്സി നഴ്സിങ്:
- ആദ്യ അലോട്ട്മെൻറ് -സെപ്റ്റംബർ ഒന്ന്
- രണ്ടാം അലോട്ട്മെൻറ് -സെപ്റ്റംബർ 21
- സ്പോട് അഡ്മിഷൻ -സെപ്റ്റംബർ 27
- പ്രവേശനം അവസാനിപ്പിക്കുന്നത് -സെപ്റ്റംബർ 28.