ഡിജിറ്റൽ യൂനിവേഴ്സിറ്റി കേരളയിൽ രണ്ടാംഘട്ട അഡ്മിഷൻ ആരംഭിച്ചു; അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 10
text_fieldsതിരുവനന്തപുരം: ഡിജിറ്റൽ യൂനിവേഴ്സിറ്റി കേരള 2026-27 അധ്യയന വർഷത്തെ വിവിധ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട പ്രവേശന നടപടികൾ ആരംഭിച്ചു. ജൂലൈ 10 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, കമ്പ്യൂട്ടേഷണൽ സയൻസ്, ഇലക്ട്രോണിക്സ്, ഡിജിറ്റൽ ഹ്യൂമാനിറ്റീസ്, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങി ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്ക് നിർണായകമായ വിവിധ മേഖലകളിൽ വ്യവസായ ആവശ്യങ്ങൾക്കനുസരിച്ച് രൂപകൽപ്പന ചെയ്ത ബിരുദാനന്തര കോഴ്സുകളാണ് സർവകലാശാല വാഗ്ദാനം ചെയ്യുന്നത്. ഇവയിൽ ഏറെ ശ്രദ്ധേയമായ കോഴ്സാണ് എം.എസ്.സി ഡാറ്റാ സയൻസ് ആൻഡ് പ്രോഡക്ട് ഡെവലപ്മെന്റ്.
പരമ്പരാഗത ക്ലാസ് മുറി പഠനത്തിനപ്പുറം വ്യവസായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന യഥാർഥ ഡിജിറ്റൽ ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതാണ് ഈ കോഴ്സിന്റെ പ്രത്യേകത. ആദ്യ സെമസ്റ്റർ മുതൽ തന്നെ വ്യവസായ വിദഗ്ധരുടെ മെന്ററിങ്ങോടെ പ്രോഡക്ട് വികസനത്തിൽ പങ്കെടുക്കാനും അർഹരായ വിദ്യാർഥികൾക്ക് സ്റ്റൈപൻഡ് ലഭിക്കുന്ന ഇൻഡസ്ട്രി-ഇന്റഗ്രേറ്റഡ് പരിശീലനത്തിനും അവസരമൊരുക്കുന്ന രീതിയിലാണ് കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഡിജിറ്റൽ യൂനിവേഴ്സിറ്റി കേരളയുടെ ഏറ്റവും വലിയ സവിശേഷത അക്കാദമിക മികവും വ്യവസായ സഹകരണവും ഒരുമിപ്പിക്കുന്ന പഠനരീതിയാണ്. ദേശീയ-അന്തർദേശീയ ഗവേഷണ സ്ഥാപനങ്ങളുമായും സാങ്കേതിക കമ്പനികളുമായും സഹകരിച്ച് നടപ്പാക്കുന്ന പഠന-ഗവേഷണ പദ്ധതികൾ, അത്യാധുനിക ലാബുകൾ, ഗവേഷണാധിഷ്ഠിത പഠനം, സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കുള്ള പിന്തുണ, നവീന സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിശീലനം എന്നിവ വിദ്യാർഥികളെ ആഗോള തൊഴിൽവിപണിക്ക് സജ്ജരാക്കുന്നു.
ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ മികച്ച കരിയർ ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് രാജ്യത്തെ പ്രമുഖ ഡിജിറ്റൽ സർവകലാശാലകളിലൊന്നായ ഡിജിറ്റൽ യൂനിവേഴ്സിറ്റി കേരള മികച്ച അവസരമാണ് ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

