കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ ശങ്കര്‍ മോഹനെ പുറത്താക്കണമെന്ന് എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: കോട്ടയത്തെ കെ.ആര്‍ നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലെ വിദ്യാര്‍ഥികളോടും ശുചീകരണ തൊഴിലാളികളോടും ജാതി വിവേചനവും അയിത്തവും തുടരുന്ന ഡയറക്ടര്‍ ശങ്കര്‍ മോഹനെ തല്‍സ്ഥാനത്തു നിന്നും ഉടന്‍ പുറത്താക്കണമെന്ന് എസ്.ഡി.പി.ഐ. കടുത്ത ജാതി വിവേചനവും അധിക്ഷേപവും ചട്ട ലംഘനങ്ങളും സംവരണ നിഷേധവുമാണ് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്നത്.
ശുചീകരണ തൊഴിലാളികളെക്കൊണ്ട് വീട്ടിലെ കക്കൂസ് വൃത്തിയാക്കിച്ച ഡയറക്ടറുടെ നടപടി ഫ്യൂഡല്‍ ജന്മിത്വ മാടമ്പിമാരെ പോലും നാണിപ്പിക്കുന്നതാണ്. ദലിത് വിദ്യാര്‍ഥികളെ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കാന്‍ പോലും അധികൃതര്‍ തയാറാവുന്നില്ല. നവോഥാന വായ്ത്താരി പാടുന്ന ഇടതു പക്ഷം ഭരിക്കുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സവര്‍ണ മനസുകളിലെ ജീര്‍ണിച്ച വംശീയതയും ജാതി വിവേചനവും ഇനിയും അവസാനിപ്പിക്കാനാവാത്തത് ലജ്ജാകരമാണ്.
തൊഴിലിന്റെയും വര്‍ണത്തിന്റെയും പേരില്‍ അയിത്തം കല്‍പ്പിച്ച ജാതി വെറിയുടെ പ്രതിരൂപമായി മാറിയിരിക്കുകയാണ് ശങ്കര്‍ മോഹന്‍. ദലിത്-പിന്നാക്ക- ആദിവാസി വിഭാഗം വിദ്യാര്‍ഥികളോട് മനുഷ്യത്വ രഹിതവും വംശീയവുമായ നിലപാടുകളാണ് ഡയറക്ടര്‍ സ്വീകരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങള്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ചിട്ടും ഡയറക്ടര്‍ ഉന്നത കുല ജാതനാണെന്ന ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ നിലപാട് വംശീയതയെ താലോലിക്കുന്നതാണ്.
വംശവെറിയനായ ശങ്കര്‍ മോഹനെ സ്ഥാനത്തു നിന്ന് നീക്കം ചെയ്ത് ദലിത്-ആദിവാസി അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂട്ട് ചെയ്യണമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

