സി.യു.ഇ.ടിയിൽ ഉയർന്ന സ്കോർ നേടാനായില്ലേ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രവേശനം ഉറപ്പാക്കാം
text_fieldsന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ) സി.യു.ഇ.ടി യു.ജിയുടെ പരീക്ഷാഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു. നിരവധി വിദ്യാർഥികൾക്ക് പരീക്ഷാഫലം ആശ്വാസകരമാണെങ്കിലും എല്ലാവർക്കും പ്രതീക്ഷിച്ച സ്കോറുകൾ നേടാൻ കഴിഞ്ഞിട്ടുണ്ടാകില്ല. കുറഞ്ഞ സ്കോർ നേടിയതിനാൽ സർവകലാശാലകളിൽ പ്രവേശനം നേടാൻ സാധിക്കുമോയെന്ന ആശങ്കയും പലരിലുമുണ്ടാകാം. എന്നാൽ, കുറഞ്ഞ സ്കോർ ഒരിക്കലും പ്രവേശനം തടസ്സപ്പെടുത്തണമെന്നില്ല.
കേന്ദ്ര സർവകലാശാലകളിലെയും ഏതാനും സംസ്ഥാന, കൽപിത, സ്വകാര്യ സർവകലാശാലകളിലെയും അണ്ടർ ഗ്രാജുവേറ്റ് പ്രവേശനത്തിനുള്ള പൊതുപരീക്ഷയാണ് സി.യു.ഇ.ടി യു.ജി. ഒരു പരീക്ഷ എഴുതിയാൽ പല ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അവസരം ലഭിക്കും. പ്രവേശനത്തിനുള്ള കട്ട്-ഓഫ്, മെറിറ്റ് ലിസ്റ്റ്, കൗൺസിലിങ് തുടങ്ങിയ നടപടികൾ ബന്ധപ്പെട്ട സർവകലാശാലകൾ സ്വതന്ത്രമായാണ് പ്രസിദ്ധീകരിക്കുക. അതുകൊണ്ടുതന്നെ സി.യു.ഇ.ടിയിൽ പ്രതീക്ഷിച്ചതിനും കുറഞ്ഞ സ്കോർ ലഭിച്ചാൽ നിരാശരാകേണ്ടതില്ലെന്ന് വിദഗ്ധർ പറയുന്നു. സി.യു.ഇ.ടി സ്കോർ മാത്രം നോക്കിയല്ല സർവകലാശാലകൾ പ്രവേശനം നൽകുക.
എൻ.ടി.എ കട്ട് ഓഫുകളോ മെറിറ്റ് ലിസ്റ്റുകളോ പ്രസിദ്ധീകരിക്കില്ല. ഓരോ സർവകലാശാലക്കും സ്വന്തം മെറിറ്റ് ലിസ്റ്റും കൗൺസലിങ് നടപടിക്രമങ്ങളും ഉണ്ടാകും. അതിനാൽ കുറഞ്ഞ സ്കോർ നേടിയ വിദ്യാർഥികൾക്കും പ്രവേശന സാധ്യതകളുണ്ടാകും. ഒരു സർവകലാശാലയിൽ പ്രവേശനം നേടാനായില്ലെങ്കിലും മറ്റൊരു സർവകലാശാലയിൽ ചിലപ്പോൾ അഡ്മിഷൻ ലഭിച്ചേക്കാം. അതിനാൽ നിങ്ങൾ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സർവകലാശാലകളുടെ കൗൺസലിങ്, അഡ്മിഷൻ രജിസ്ട്രേഷൻ തീയതികൾ നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കണം.
വിവിധ സർവകലാശാലകളുടെ കട്ട്-ഓഫ് വ്യത്യാസപ്പെടുന്നതിനാൽ, നിങ്ങളുടെ സ്കോറിന് അനുയോജ്യമായ കോഴ്സുകളും കോളജുകളും കണ്ടെത്തണം. 240ലധികം സർവകലാശാലകളാണ് സി.യു.ഇ.ടി അടിസ്ഥാനമാക്കി പ്രവേശനം നൽകുന്നത്. അതിനാൽ നിങ്ങൾക്ക് നിങ്ങളുടെ സ്കോർ, ഇഷ്ടപ്പെട്ട കോഴ്സ്, യോഗ്യത എന്നിവയെ അടിസ്ഥാനമാക്കി ഒന്നിലധികം ഓപ്ഷനുകൾ പരിഗണിക്കാം.
കേന്ദ്ര സർവകലാശാലകൾക്കൊപ്പം സംസ്ഥാന സർവകലാശാലകൾ, സ്വകാര്യ സർവകലാശാലകൾ, സ്വയംഭരണ കോളജുകൾ എന്നിവയും നിങ്ങൾക്ക് തെരഞ്ഞെടുക്കാം. ചില സ്ഥാപനങ്ങൾ ബോർഡ് പരീക്ഷ മാർക്ക്, അഭിമുഖം, മറ്റ് മാനദണ്ഡങ്ങൾ എന്നിവയും പരിഗണിക്കുന്നതിനാൽ എല്ലാ അവസരങ്ങളും പരിശോധിക്കണം.
വിദ്യാർഥികൾ നിർബന്ധമായും സി.യു.ഇ.ടി യു.ജിയുടെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. 10, 12 ക്ലാസുകളിലെ മാർക്ക്ഷീറ്റുകൾ, കാറ്റഗറി സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ, മറ്റ് ആവശ്യമായ രേഖകളും സൂക്ഷിക്കണം. കൗൺസിലിങ് പ്രക്രിയയിൽ ഡോക്യുമെന്റ് വെരിഫിക്കേഷനുമുണ്ടായേക്കാം. കൃത്യമായ രേഖകൾ ഹാജരാക്കാൻ സാധിക്കാത്തത് ചിലപ്പോൾ പ്രവേശനത്തെ ബാധിച്ചേക്കാം. അതത് സർവകലാശാലകളുടെ വെബ്സൈറ്റുകൾ നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കണം. ആദ്യ അലോട്ട്മെന്റിൽ സീറ്റ് ലഭിച്ചില്ലെങ്കിൽ പോലും പിന്നീടുള്ള റൗണ്ടുകളിൽ ചിലപ്പോൾ അവസരം തേടിയെത്തിയേക്കാം.
വിദ്യാർഥികൾക്ക് സി.യു.ഇ.ടി യു.ജി 2026 പരീക്ഷാഫലം ഔദ്യോഗിക വെബ്സൈറ്റായ cuet.nta.nic.in ലെ ‘CUET UG Result 2026’ എന്ന ലിങ്കിൽ ലഭ്യമാകും. സ്കോർകാർഡുകൾ ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിലൂടെ സാധിക്കും. അപേക്ഷ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാം. ഈ വർഷം 15 ലക്ഷത്തിലധികം വിദ്യാർഥികൾ സി.യു.ഇ.ടി യു.ജിക്ക് രജിസ്റ്റർ ചെയ്തിരുന്നു. 11,64,098 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. മേയ് 11 മുതൽ 31 വരെയും ജൂൺ ആറ്, ഏഴ് തീയതികളിലുമായി 321 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

