സംസ്ഥാനത്തെ സ്കൂളുകളിൽ 2024-25 വർഷത്തിൽ കുട്ടികൾ കുറഞ്ഞ് ഇല്ലാതായത് 2300 ഓളം തസ്തികകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ 2024-25 വർഷത്തിൽ കുട്ടികൾ കുറഞ്ഞ് ഇല്ലാതായത് 2300 ഓളം തസ്തികകൾ. ഇതോടെ, 2219 അധിക തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചെങ്കിലും ഇതിലേക്ക് പുതിയ നിയമനത്തിനുള്ള സാധ്യതയില്ലെന്ന് ഏറക്കുറെ ഉറപ്പായി. 2300ഓളം തസ്തികകൾ ഇല്ലാതായിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് വ്യക്തമാക്കി.
സർക്കാർ സ്കൂളുകളിൽ സൃഷ്ടിച്ച 912 അധിക തസ്തികകളിലേക്ക് സർക്കാർ സ്കൂളുകളിൽ കഴിഞ്ഞ വർഷം തസ്തിക നഷ്ടപ്പെട്ട സ്കൂളുകളിലെ അധ്യാപകരെ പുനഃക്രമീകരിക്കും.
അധിക തസ്തികകൾക്ക് ആനുപാതികമായ എണ്ണം അധ്യാപകരെ പുനഃക്രമീകരിക്കാനുണ്ടെന്നും പുതിയ നിയമനത്തിന്റെ ആവശ്യകതയുണ്ടാകില്ലെന്നും മന്ത്രി വി. ശിവൻകുട്ടിയും അറിയിച്ചു. എയ്ഡഡ് സ്കൂളുകളിൽ 1304 അധിക തസ്തികകളാണ് സൃഷ്ടിക്കാൻ തീരുമാനിച്ചത്. എയ്ഡഡ് സ്കൂളുകളിൽ സൃഷ്ടിക്കപ്പെടുന്ന രണ്ട് അധിക തസ്തികകളിൽ ആദ്യത്തേത് സർക്കാറിനും രണ്ടാമത്തേത് മാനേജ്മെന്റുകൾക്കും നൽകുന്ന 1:1 അനുപാത രീതിയാണ് കെ.ഇ.ആർ പ്രകാരം നിലവിലുള്ളത്. ഫലത്തിൽ എയ്ഡഡ് സ്കൂളിൽ ഒരു തസ്തിക സൃഷ്ടിക്കപ്പെട്ടാൽ അതിലേക്ക് എയ്ഡഡ് സ്കൂളുകളിൽ തസ്തിക നഷ്ടപ്പെട്ട സംരക്ഷിത അധ്യാപകരെ സർക്കാർ പുനർവിന്യസിക്കും.
ഇതുവഴി എയ്ഡഡ് സ്കൂളുകളിലും പുതിയ നിയമനത്തിനുള്ള സാധ്യത ഏറക്കുറെ പൂർണമായും അടയും. എയ്ഡഡ് സ്കൂളുകളിൽ രണ്ടാമത്തെ അധിക തസ്തിക സൃഷ്ടിക്കപ്പെടുകയാണെങ്കിൽ മാത്രമായിരിക്കും മാനേജ്മെന്റുകൾക്ക് ലഭിക്കുക. ഭിന്നശേഷി സംവരണ പ്രകാരമുള്ള നിയമനം നടത്താത്ത സ്കൂളുകളിൽ ഈ തസ്തിക അതിനായി നീക്കിവെക്കേണ്ടിയും വരും. സർക്കാറിന് സാമ്പത്തിക ബാധ്യത വരാത്ത രീതിയിലാണ് അധിക തസ്തിക സൃഷ്ടിക്കൽ നടത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.