ഫീസുകൾ കുത്തനെ കൂട്ടി രാജ്യത്തെ സ്കൂളുകൾ; മൂന്ന് വർഷത്തിനിടെ വർധിപ്പിച്ചത് 50 മുതൽ 80 ശതമാനം വരെ
text_fieldsന്യൂഡൽഹി: രാജ്യ വ്യാപകമായി സ്കൂൾ ഫീസ് 50-80 ശതമാനമോ അതിൽ കൂടുതലോ വർധിച്ചതായി ഒരു ദേശീയതല സർവേയിലെ കണ്ടെത്തൽ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സ്കൂൾ ഫീസ് പലമടങ്ങ് വർധിച്ചതായി ബംഗളൂരു മുതൽ ഡൽഹി വരെയുള്ള നിരവധി രക്ഷിതാക്കൾ കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ലോക്കൽ സർക്കിൾസ്’ നടത്തിയ സർവേയിൽ ആശങ്ക പ്രകടിപ്പിച്ചു.
44ശതമാനം രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 50-80ശതമാനം ഫീസ് വർധിപ്പിച്ചതായി പറഞ്ഞു. ഇന്ത്യയിലെ 309 ജില്ലകളിലായി 31,000 രക്ഷിതാക്കളിൽ നടത്തിയ സർവേയിൽ, 93ശതമാനം പേരും സ്കൂളുകളുടെ അമിത ഫീസ് വർധന നിയന്ത്രിക്കുന്നതിൽ തങ്ങളുടെ സംസ്ഥാന സർക്കാറുകൾ വേണ്ടത്ര ഇടപെടലുകൾ നടത്തുന്നില്ലെന്ന് കുറ്റപ്പെടുത്തി. പുതിയ അധ്യയന വർഷത്തേക്ക് സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ, മിക്ക സ്വകാര്യ സ്കൂളുകളിലെയും എല്ലാ ക്ലാസുകളിലെയും ഫീസ് വർധനവിന്റെ ഭാരം എങ്ങനെ നേരിടുമെന്നതാണ് രക്ഷിതാക്കളുടെ ഏറ്റവും വലിയ ആശങ്കകളിലൊന്നെന്നും സർവേ പറഞ്ഞു.
ഫീസ് വർധനവ് ഒരു ദേശീയ പ്രതിഭാസമാണെന്ന് സർവെ പറയുന്നു. എന്നാൽ, തമിഴ്‌നാട്, മഹാരാഷ്ട്ര സർക്കാറുകൾ സ്കൂൾ ഫീസ് നിയന്ത്രിക്കുന്നുവെന്നും അത് ചൂണ്ടിക്കാണിച്ചു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അമിതമായ സ്കൂൾ ഫീസ് വർധനവിനെക്കുറിച്ച് 100ലധികം പരാതികൾ ലഭിച്ചതിനെ തുടർന്നാണ് സർവേ നടത്തിയതെന്ന് ലോക്കൽ സർക്കിൾസിന്റെ സ്ഥാപകനായ സച്ചിൻ തപാരിയ പറഞ്ഞു.
സർവേയിൽ പങ്കെടുത്തവരിൽ 8ശതമാനം പേർ തങ്ങളുടെ കുട്ടികളുടെ സ്കൂൾ ഫീസ് 80 ശതമാനത്തിലധികം വർധിച്ചതായി പറഞ്ഞപ്പോൾ, 36ശതമാനം പേർ 50 ശതമാനം മുതൽ 80 ശതമാനം വരെ വർധനവ് ചൂണ്ടിക്കാട്ടി. മറ്റൊരു 8 ശതമാനം പേർ തങ്ങളുടെ വാർഡിലെ സ്കൂൾ ഫീസ് 30ശതമാനം മുതൽ 50ശതമാനം വരെ വർധിച്ചതായി പറഞ്ഞു.
സർവേയിൽ പങ്കെടുത്ത രക്ഷിതാക്കളിൽ 7ശതമാനം പേർ മാത്രമാണ് സംസ്ഥാന സർക്കാർ സ്കൂളുകളുടെ അമിത ഫീസ് വർധനവ് ഫലപ്രദമായി പരിമിതപ്പെടുത്തിയതെന്ന് പറഞ്ഞത്. 46ശതമാനം പേർ സംസ്ഥാനങ്ങളെ വിമർശിച്ചു. അവരുടെ സർക്കാറുകൾ ഇക്കാര്യം സംസാരിക്കുന്നുണ്ടെങ്കിലും ഒരു സ്വാധീനവും ചെലുത്തുന്നില്ലെന്ന് പറഞ്ഞു. സർവേയിൽ പങ്കെടുത്ത 47 ശതമാനം രക്ഷിതാക്കൾ സംസ്ഥാനങ്ങൾ ഈ വിഷയം ഏറ്റെടുത്തിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു.
സർവെ സംഗ്രഹിച്ചപ്പോൾ സ്കൂളുകളുടെ അമിത ഫീസ് വർധനവ് നിയന്ത്രിക്കുന്നതിനോ പരിമിതപ്പെടുത്തുന്നതിനോ തങ്ങളുടെ സംസ്ഥാന സർക്കാർ ഫലപ്രദമായി ശ്രമിച്ചിട്ടില്ലെന്ന് പങ്കെടുത്ത 93ശതമാനം രക്ഷിതാക്കളും പറയുന്നു.
ഇന്ത്യയിലെ വലുതോ ചെറുതോ ആയ നഗരങ്ങളിലെ വിദ്യാഭ്യാസം കൂടുതൽ ചെലവേറിയതായി മാറിയിരിക്കുന്നുവെന്നും സ്കൂൾ ഫീസ് കുതിച്ചുയരുന്നത് മാതാപിതാക്കൾക്ക് ഭാരമാണെന്നും തപാരിയ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.