സ്കൂൾ വാക്സിനേഷൻ ഇന്നുമുതൽ
text_fieldsതിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ കുട്ടികൾക്ക് വാക്സിൻ നൽകാൻ ക്ലാസ് മുറി സജ്ജമാക്കുന്നവർ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കോവിഡ് വാക്സിനേഷൻ ബുധനാഴ്ച തുടങ്ങും. രക്ഷാകർത്താക്കളുടെ സമ്മതത്തോടെ കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും നടപടികൾ. 15 വയസ്സിന് മുകളിലുള്ള കുട്ടികൾ വാക്സിൻ എടുത്തെന്ന് എല്ലാ രക്ഷാകർത്താക്കളും ഉറപ്പാക്കണമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.
പകുതിയിൽ താഴെ കുട്ടികൾക്ക് മാത്രമേ വാക്സിൻ നൽകാനുള്ളൂ. 2007ലോ അതിന് മുമ്പോ ജനിച്ചവർക്ക് വാക്സിൻ എടുക്കാവുന്നതാണ്. വാക്സിൻ എടുക്കാത്ത വിദ്യാർഥികൾ സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടത്തണം. സ്കൂളുകളിൽ തയാറാക്കിയ വാക്സിനേഷൻ സെന്ററുകൾ അടുത്തുള്ള സർക്കാർ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആധാറോ സ്കൂൾ ഐ.ഡി കാർഡോ കൈയിൽ കരുതണം.
വാക്സിനേഷൻ ഡെസ്കിൽ ഇത് കാണിച്ച് രജിസ്റ്റർ ചെയ്ത കുട്ടിയാണെന്ന് ഉറപ്പുവരുത്തും. മറ്റ് ആരോഗ്യ പ്രശ്നങ്ങളോ അലർജിയോ ഇല്ലെന്ന് ഉറപ്പാക്കിയതിനുശേഷം വാക്സിൻ സ്വീകരിക്കാം. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടറുടെ സേവനമുണ്ടാകും.

