സ്കൂൾ സംവിധാനം ഒരു കുടക്കീഴിലാക്കും; മുഖ്യമന്ത്രി
text_fieldsആലപ്പുഴ: സ്കൂൾ സംവിധാനമാകെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ നടപടി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഠനനിലവാരം വർധിപ്പിക്കുന്നതോടൊപ്പം കുട്ടികളുടെ മാനസിക ഉന്നമനവും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും. അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം അക്കാദമിക നിലവാരം വർധിപ്പിക്കുന്നതിനും ഊന്നൽ നൽകും. ജൂൺ 15നുമുമ്പ് എല്ലാ സ്കൂളും അക്കാദമിക് മാസ്റ്റർ പ്ലാൻ പൂർത്തിയാക്കും. മൂല്യനിർണയ രീതിയിലും വലിയ മാറ്റമുണ്ടാകും. എല്ലാ കാര്യങ്ങളിലും സർക്കാർ വിദ്യാർഥികൾക്കൊപ്പം ഉണ്ടാകുമെന്ന് കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.
അക്കാദമിക മേഖലയുടെ ഉന്നമനം ലക്ഷ്യംവെച്ച് ഈ വർഷം സമഗ്ര ഗുണമേന്മ വർഷമായി കണക്കാക്കും. അറിവ് കുട്ടികളിൽ ആത്മവിശ്വാസം പകരുകയും അതുവഴി ആനന്ദം അനുഭവിക്കാൻ അവസരം ഒരുക്കുകയും ചെയ്യണം. അതാണ് പുതിയ വിദ്യാഭ്യാസരീതി. അറിവിന്റെ തലം വർധിപ്പിച്ച് അധ്യാപകർ പുതിയ മനോഭാവത്തിലേക്ക് എത്തിച്ചേരണം. ഔചിത്യ ബോധത്തോടെ അറിവ് മറ്റുള്ളവർക്കുകൂടി പകർന്നുനൽകാൻ കഴിയുന്ന പാഠ്യപദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി. പ്രസാദ്, സജി ചെറിയാൻ എന്നിവർ മുഖ്യാതിഥികളായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങൾ സംബന്ധിച്ച പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി സജി ചെറിയാന് നൽകി പ്രകാശനംചെയ്തു. പ്രവേശനോത്സവഗാനത്തിന്റെ നൃത്താവിഷ്കാരവും കുട്ടികളുടെ മറ്റ് കലാപരിപാടികളും അരങ്ങേറി. നവാഗതരെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സ്വീകരിച്ചു. ഇവർക്ക് മുഖ്യമന്ത്രി സ്കൂൾ ബാഗുകൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

