'പുതിയ മെനുവൊക്കെ കൊള്ളാം.., പക്ഷേ ഇതൊക്കെ ആരുണ്ടാക്കും..!'; സ്കൂളുകളിലെ പാചകത്തൊഴിലാളികളും പ്രധാനാധ്യാപകരും ആശങ്കയിൽ
text_fieldsമലപ്പുറം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ ഉച്ചഭക്ഷണത്തിന് ഇന്നു മുതൽ നിലവിൽ വന്ന പുതിയ മെനു പ്രധാനാധ്യാപകരെയും പാചകത്തൊഴിലാളികളികളേയും ആശങ്കയിലാക്കുന്നു.
ജൂലൈ 11നാണ് പുതിയ മെനു സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. ഇതുപ്രകാരം ആഴ്ചയില്‍ ഒരു ദിവസം വെജിറ്റബ്ള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബ്ള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, തേങ്ങാച്ചോർ എന്നിവയില്‍ ഏതെങ്കിലുമൊന്ന് ലഭിക്കും. റൈസുകളോടൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേര്‍ത്ത ചമ്മന്തിയും വേണമെന്ന് നിർദേശമുണ്ട്.
പുതിയ മെനുവിലെ വ്യത്യസ്തങ്ങളായ പല വിഭവങ്ങളും ഉണ്ടാക്കൽ സ്കൂൾ പാചകത്തൊഴിലാളികൾക്ക് വെല്ലുവിളിയായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രായമേറെയായ തൊഴിലാളികൾ പലരും സ്മാർട്ട്ഫോൺ ഉപയോഗിക്കാൻപോലും അറിയാത്തവരാണ്. അതിനാൽ ഇവർക്ക് യൂട്യൂബിലും മറ്റും നോക്കി ഭക്ഷണം പാകംചെയ്യാൻ പഠിക്കാനും സാധിക്കില്ല. പുതിയ ഭക്ഷണവിഭവങ്ങൾ ഉണ്ടാക്കുന്നത് പരിശീലിപ്പിക്കാൻ ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപകർക്കും പാചകത്തൊഴിലാളികൾക്കും സർക്കാർ മുൻകൈയെടുത്ത് ക്ലാസ് സംഘടിപ്പിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
പുതിയ തീരുമാനം നടപ്പാകുമ്പോൾ പാചകത്തൊഴിലാളികള്‍ക്ക് ജോലിഭാരം കൂടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 500ലധികം കുട്ടികളുള്ള സ്കൂളിൽ മാത്രമാണ് ഇപ്പോൾ രണ്ടു പാചകത്തൊഴിലാളികളുള്ളത്. 250ലധികം കുട്ടികളുള്ള സ്കൂളുകളിൽ ഏറെ തൊഴിലാളികളും കിട്ടുന്ന കൂലിയിൽ പകുതി നൽകി മറ്റൊരാളെ സഹായത്തിന് നിർത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. പുതിയ മെനു വരുന്നതോടെ 150ലധികം കുട്ടികളുള്ള സ്കൂളിൽ ഒരു പാചകത്തൊഴിലാളികൂടി വേണമെന്നാണ് ഇവരുടെ ആവശ്യം.
നാലുവർഷം മുമ്പ് നൽകിയിരുന്ന 600 രൂപയാണ് ഇപ്പോഴും പാചകത്തൊഴിലാളികളുടെ വേതനം. വർഷത്തിലൊരിക്കൽ 50 രൂപ വീതമുള്ള വേതനവർധന നാലു വർഷമായി മുടങ്ങിക്കിടക്കുകയാണ്.
പൊണ്ണത്തടി വർധിക്കുന്നത് കണക്കിലെടുത്ത് പാചകത്തിൽ എണ്ണയുടെ ഉപയോഗം പത്തു ശതമാനം കുറക്കണമെന്ന സംസ്ഥാന സർക്കാർ നിർദേശം മേയ് മാസത്തിൽ പുറത്തുവന്നിരുന്നു. എന്നാൽ, പുതിയ മെനു ഇതിന് കടകവിരുദ്ധമാണെന്നും ഇത് പാചകം ചെയ്യാൻ കൂടുതൽ എണ്ണ ഉപയോഗിക്കേണ്ടിവരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
തുക വർധിപ്പിക്കണം -പ്രധാനാധ്യാപകർ
മലപ്പുറം: പുതിയ മെനു കണക്കിലെടുത്ത് ഉച്ച ഭക്ഷണത്തിനുള്ള തുക വർധിപ്പിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രീ പ്രൈമറി മുതൽ അഞ്ചു വരെ ക്ലാസുകൾക്ക് 6.78 രൂപയും ആറു മുതൽ എട്ടുവരെ 10.17 രൂപയുമാണ് ഇപ്പോൾ അനുവദിക്കുന്ന തുക. പുതിയ മെനുവിലെ വിഭവങ്ങൾ ഒരുക്കാൻ ഇത് തീർത്തും അപര്യാപ്തമാണ്. കമ്പോള നിലവാരമനുസരിച്ച് നിരക്ക് വർധിപ്പിക്കണമെന്നും പാചകത്തൊഴിലാളികൾക്ക് ഉടൻ പരിശീലനം നൽകണമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ്, ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

