രാജ്യവ്യാപക ഇ-മാലിന്യ ക്യാമ്പയിൻ: സ്കൂളുകളിൽ നിന്ന് ശേഖരിച്ചത് 4.27 ലക്ഷം ഉപകരണങ്ങൾ
text_fieldsന്യൂഡൽഹി: ഇ-മാലിന്യ സംസ്കരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ രാജ്യവ്യാപകമായി നടത്തിയ ക്യാമ്പയിനിൽ സ്കൂളുകളിൽ നിന്ന് ശേഖരിച്ചത് 4.27 ലക്ഷം ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മിഷൻ ലൈഫിന് കീഴിലെ ഇക്കോ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. യൂണിസെഫ് യുവാഹിന്റെ പിന്തുണയോടെ ബജാജ് ഫൗണ്ടേഷനും സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പും ചേർന്നായിരുന്നു സംഘാടനം.
57,271 സ്കൂളുകളിൽ നിന്നായി 33 ലക്ഷം പേരാണ് ക്യാമ്പയിന്റെ ഭാഗമായത്. ഇതിൽ 30.22 ലക്ഷം വിദ്യാർഥികളും 2.78 ലക്ഷം അധ്യാപകരുമുണ്ട്. 25,731 സ്കൂളുകൾ ഇ-മാലിന്യം ശേഖരിച്ചതായാണ് കണക്ക്. ഉപകരണങ്ങൾ വേർതിരിച്ച് സൂക്ഷിക്കാൻ സ്കൂളുകളിൽ 39,494 കളക്ഷൻ കോർണറുകളും ഒരുക്കിയിരുന്നു.
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 36 വെബിനാറുകളും ബോധവത്കരണ ക്ലാസുകളും നടത്തി. ഇ-മാലിന്യം എങ്ങനെ തിരിച്ചറിയാമെന്നും എങ്ങനെ ശേഖരിക്കാമെന്നും സുരക്ഷിതമായി എങ്ങനെ കൈമാറാമെന്നതും ഇതിൽ ഉൾപ്പെടുത്തി. കൂടാതെ ശേഖരിച്ച ഇ-മാലിന്യം നന്നാക്കുന്നതിന്‍റെയും അതിന്‍റെ പുനരുപയോഗവും റീസൈക്ലിങ് ചെയ്യുന്നതിന്‍റെയും പ്രാധാന്യവും ഇതിൽ വിശദീകരിച്ചു. പഴയ ഫോണുകളിലെയും ലാപ്ടോപ്പുകളിലെയും ഡാറ്റ എങ്ങനെ സംരക്ഷിക്കാം, അംഗീകൃത റീസൈക്ലർമാരെ എങ്ങനെ കണ്ടെത്താം എന്നതിൽ അധ്യാപകർക്കും ഇക്കോ ക്ലബ് കോർഡിനേറ്റർമാർക്കും പ്രത്യേക പരിശീലനവും നൽകി.
മിഷൻ ലൈഫിന്റെ ആറാമത് സ്പെഷ്യൽ ക്യാമ്പയിനിലൂടെ കുട്ടികളിൽ ഇ-മാലിന്യം കുറക്കുന്നതിനും ഉത്തരവാദിത്തത്തോടെ സംസ്കരിക്കുന്നതിനുമുള്ള അവബോധമാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രാലയ ജോയിന്റ് സെക്രട്ടറി അമർപ്രീത് ദുഗ്ഗൽ പറഞ്ഞു. നാല് ലക്ഷത്തിലധികം ഉപകരണങ്ങൾ ശേഖരിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും അവർ പറഞ്ഞു.
ക്യാമ്പയിന്റെ ഭാഗമായി നടപടിക്രമങ്ങൾ, ഇ-ബുക്ക്, ചോദ്യോത്തരങ്ങൾ തുടങ്ങിയവ പ്രാദേശിക ഭാഷകളിൽ തയ്യാറാക്കി നൽകിയിരുന്നു. അന്താരാഷ്ട്ര ഇ-മാലിന്യ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾ ശേഖരിച്ച 60 കിലോയിലധികം മാലിന്യം ഉപയോഗിച്ച് മന്ത്രാലയത്തിൽ ചുമർചിത്രവും ഒരുക്കിയിരുന്നു.

