സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് മാർച്ചിൽ; പാഠപുസ്തക രചന ഏപ്രിലിൽ തുടങ്ങും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരണത്തിെൻറ ഭാഗമായി പുതിയ പാഠപുസ്തകങ്ങളുടെ രചന അടുത്ത ഏപ്രിലിൽ ആരംഭിക്കും. ഒക്ടോബർ 31നകം ഒന്നാംഘട്ട പുസ്തക രചന പൂർത്തിയാക്കും. ആദ്യഘട്ടത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുസ്തകങ്ങളിൽ മാറ്റം കൊണ്ടുവരാനാണ് ധാരണ.
ഇതുസംബന്ധിച്ച അന്തിമ തീരുമാനം 17ന് ചേരുന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിങ്, കോർ കമ്മിറ്റികളുടെ സംയുക്തയോഗത്തിലുണ്ടാകും.
2024 ജൂണിൽ ആരംഭിക്കുന്ന അധ്യയനവർഷത്തിൽ ആദ്യഘട്ടത്തിൽ പരിഷ്ക്കരിച്ച പുസ്തകങ്ങൾ ഉപയോഗിച്ചായിരിക്കും അധ്യയനം. രണ്ടാംഘട്ടത്തിൽ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങളും പരിഷ്കരിക്കും. ഹയർ സെക്കൻഡറി പുസ്തകങ്ങളുടെ പരിഷ്ക്കരണം സംബന്ധിച്ച് തീരുമാനമെടുക്കലും 17ലെ യോഗത്തിെൻറ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹയർ സെക്കൻഡറിയിൽ എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ ഉള്ളവയിൽ അവയാണ് സംസ്ഥാന സിലബസിലും പിന്തുടരുന്നത്. മാനവിക വിഷയങ്ങളിൽ ഉൾപ്പെടെ എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ സംസ്ഥാന സിലബസിൽ തുടരണമോ എന്നത് സംബന്ധിച്ചും കരിക്കുലം കമ്മിറ്റി തീരുമാനം ആവശ്യമാണ്.
പാഠ്യപദ്ധതി ചട്ടക്കൂട് രൂപപ്പെടുത്താൻ 26 വിഷയ മേഖലകളിലുള്ള പൊസിഷൻ പേപ്പറുകൾ ജനുവരി 31നകം പ്രസിദ്ധീകരിക്കും. ചർച്ചകൾക്ക് ശേഷം ഫെബ്രുവരി 28നകം കരട് പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കും. തുടർചർച്ചകൾക്ക് ശേഷം മാർച്ച് 31നകം അന്തിമ ചട്ടക്കൂട് പ്രസിദ്ധീകരിക്കും.
ജനകീയ ചർച്ചകളിലും കുട്ടികളിൽനിന്ന് ഉയർന്നുവന്ന നിർദേശങ്ങളും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും വന്ന നിർദേശങ്ങളും ചട്ടക്കൂട് രൂപവത്കരണത്തിൽ ഉപയോഗിക്കുന്നതും 17ലെ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

