സി.എ, കമ്പനി സെക്രട്ടറി കോഴ്സ് വിദ്യാർഥികൾക്കും സ്കോളർഷിപ്
text_fieldsതിരുവനന്തപുരം: ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി തുടങ്ങിയ കോഴ്സുകൾ പഠിക്കുന്ന പട്ടികജാതി-വർഗ വിദ്യാർഥികൾക്കും ഇനി സ്കോളർഷിപ് ലഭിക്കും. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും പുതുതലമുറ കോഴ്സുകളിലുമടക്കം സ്കോളർഷിപ് ഏർപ്പെടുത്തി വിദ്യാഭ്യാസ ആനുകൂല്യ മാനദണ്ഡങ്ങൾ പരിഷ്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
ഐ.ഐ.ടി, ഐ.എം.എം കൽപിത സർവകലാശാല വിദ്യാർഥികള്‍ക്കും ഇനിമുതൽ സ്കോളർഷിപ് ലഭിക്കും. ഫീസുകൾ മുൻകൂട്ടി അടയ്ക്കാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്ന ഫ്രീഷിപ് കാർഡുകളും ഏർപ്പെടുത്തും.
സ്കോളർഷിപ്പിന് അർഹതയുള്ള എല്ലാ വിദ്യാർഥികൾക്കും ഫ്രീഷിപ് കാർഡ് നൽകുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കാർഡിനായി ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ജാതി, വരുമാനം, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും ഫോട്ടോയും സമർപ്പിക്കണം. കാർഡിനുള്ള അപേക്ഷ സ്വീകരിക്കാൻ നടപടി തുടങ്ങി.
സർക്കാർ അംഗീകരിച്ച സ്വകാര്യ സർവകലാശാലകളിലും വൊക്കേഷനൽ ട്രെയിനിങ് സ്ഥാപനങ്ങളിലും മെറിറ്റിലും റിസർവേഷനിലും പ്രവേശനം നേടുന്നവർക്കും സ്കോളർഷിപ് ലഭിക്കും.
ഒരു കോഴ്സിന് ഒരിക്കല്‍ മാത്രം വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. വിദ്യാർഥികള്‍ക്ക് ആധാര്‍ ബന്ധിത അക്കൗണ്ട് ഉണ്ടായിരിക്കണം. സംസ്ഥാനത്തിന് പുറത്തുള്ള പഠനത്തിന് മെറിറ്റ്-റിസർവേഷൻ അടിസ്ഥാനത്തിൽ പ്രവേശനം നേടിയവർക്കാകും സ്കോളർഷിപ്പിന് അർഹത. ഡേ സ്കോളര്‍, ഹോസ്റ്റലര്‍ എന്നിങ്ങനെ രണ്ടുവിഭാഗങ്ങള്‍ മാത്രമായി വിദ്യാർഥികളെ തരംതിരിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

